തിരുവില്വാമല: ബസ് യാത്രക്കിടെ കുറിച്ച കവിതകള്‍ അച്ചടി മഷി പുരണ്ടതിന്റെ സാഫല്യത്തിലാണ് തിരുവില്വാമല പട്ടിപറമ്പ് എംആര്എന്എംഎല് മെമോറിയല്‍ എല്‍പി സ്കൂളിലെ അധ്യാപിക പത്മശ്രീ.
എം. എസ്. പത്മശ്രീയുടെ ഉയിര്‍പ്പിന്റെ പൂക്കള്‍ എന്ന സമാഹാരം കഴിഞ്ഞദിവസം പുറത്തിറങ്ങി. വാടാനാംകുറിശി സ്വദേശിയായ പത്മശ്രീ രണ്ടു പതിറ്റാണ്ട് നീണ്ട ബസ് യാത്രക്കിടെ രചിച്ച കവിതകളാണ് ഇപ്പോള്‍ വായനക്കാരിലെത്തിയിരിക്കുന്നത്. രാവിലെയും വൈകിട്ടുമായി രണ്ടര മണിക്കൂറോളം ബസില്‍ ചില വഴിച്ചാണ് സ്കൂളില്‍ വന്നുപോകുന്നത്. ഈ എകാന്തതയിലാണ് കവിതകള്‍ക്ക് ജീവന് നല്‍കിയത്. തെരഞ്ഞെടുത്ത 40 കവിതകളാണ് പുസ്തകത്തിലുളളത്.
സാഹിത്യകാരനും അധ്യാപകനുമായ ശ്രീജിത്ത് മൂത്തേടത്ത് കവിതക്ക് ചിത്രഭാഷ ഒരുക്കിയിട്ടുണ്ട്. സമാഹാരം ഡോ. സി. പി. ചിത്രഭാനുവാണ് വാടാനാംകുറുശ്ശി ആരഭി ഗ്രന്ഥശാലയില്‍ വച്ച് പ്രകാശനം ചെയ്തത്. മുതിര്‍ന്ന ഗ്രന്ഥശാലാ പ്രവര്‍ത്തകനായ ശ്രീധരവാര്യര് പുസ്തകം ഏറ്റുവാങ്ങി. ഡോ. ആര്‍ദ്ര, ബ്രിജേഷ് മോഴിയോട്ട്, ഗിരീഷ് ഓങ്ങല്ലൂര്‍, സാഹിത്യകാരന് ഗിരീഷ് രാധാകൃഷ്ണന് തിരുവില്വാമല, ആരഭി ഗ്രന്ഥശാല പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്, വനിതാവേദി പ്രസിഡന്റ് സുപ്രിയ എന്നിവര്‍ പ്രസംഗിച്ചു. കെ. വി. ഹരിദാസന് അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഭാഗമായി നര്‍ത്തകി ഋഷിക മൗനക്ഷതങ്ങള് എന്ന കവിത മോഹിനിയാട്ട രൂപത്തില്‍ ദൃശ്യാവിഷ്കരിച്ചു. കവിതകളുടെ ആലാപനവും നടന്നു.
അധ്യാപകനും കവിയുമായ ഡോ. സംഗീത് രവീന്ദ്രന്റെ അവതാരികയില്‍ കോഴിക്കോട് സരോവരം ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയത്. ഭര്‍ത്താവ്: പി. പ്രേമകുമാര്‍. മക്കള്‍ വൈഷ്ണവ്, പ്രണവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: