പാട്ന: ലോക സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് സംഘടിപ്പിച്ച യോഗത്തില്‍ കല്ലുകടി. ദല്‍ഹി സര്‍ക്കാരിന് ഉദ്യോഗസ്ഥരെ നിയമിക്കാനും സ്ഥലം മാറ്റാനും നിയമങ്ങള്‍ നിര്‍മ്മിക്കാനും അധികാരമുണ്ടെന്ന സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ തളളിപ്പറയാത്ത കോണ്‍ഗ്രസിനെ ആം ആദ്്മി പാര്‍ട്ടി( എ എ പി) രൂക്ഷമായി വിമര്‍ശിച്ചു.
ദല്‍ഹി സര്‍ക്കാരിനൊപ്പമാണോ അതോ കേന്ദ്ര സര്‍ക്കാരിനൊപ്പമാണോ നില്ക്കേണ്ടതെന്ന് കോണ്‍ഗ്രസ് തീരുമാനിക്കേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു.ഓര്‍ഡിനന്‍സിനെ കോണ്‍ഗ്രസ് പരസ്യമായി അപലപിക്കുന്നത് വരെ, കോണ്‍ഗ്രസ് പങ്കെടുക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഭാവി യോഗങ്ങളില്‍ പങ്കെടുക്കുന്നത് എഎപിക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓര്‍ഡിനന്‍സ് വിഷയത്തില്‍ പാര്‍ട്ടി മോദി സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന് കോണ്‍ഗ്രസിന്റെ ഡല്‍ഹി, പഞ്ചാബ് ഘടകങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓര്‍ഡിനന്‍സിന് പകരമുളള ബില്‍ രാജ്യസഭയില്‍ പാസായാല്‍ നിയമമാകും. അതിനാല്‍ രാജ്യസഭയില്‍ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിവരികയാണ് അരവിന്ദ് കെജരിവാള്‍.
പട്നയില്‍ നടന്ന യോഗത്തിന് ശേഷം നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വാര്‍ത്താസമ്മേളനവും എഎപി ഒഴിവാക്കി. നാല് മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പ്രതിപക്ഷം ബി ജെ പിക്കെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: