മുംബൈ: മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മുന്‍ മന്ത്രിയുമായ ആദിത്യ താക്കറേയുടെ രണ്ട് വിശ്വസ്ത ഉദ്യോഗസ്ഥരുടെ ഓഫീസുകളില്‍ ഇഡി റെയ്ഡ്. കോവിഡ് കാലത്ത് താല്‍ക്കാലികമായി കെട്ടിപ്പൊക്കിയ ആശുപത്രികളുമായി ബന്ധപ്പെട്ടുള്ള അഴിമതിയുടെ ഭാഗമായി കള്ളപ്പണം വെളുപ്പിച്ചു എന്നതാണ് പരാതി.
മുംബൈ നഗരത്തിലും പരിസര ഉപനഗരങ്ങളിലും കോവിഡ് ചികിത്സയ്‌ക്കായി താല്‍ക്കാലികമായി കെട്ടിപ്പൊക്കിയ ആശുപത്രികളില്‍ നടന്ന കോടികളുടെ അഴിമതിയാണ് ഇപ്പോള്‍ ഇഡി അന്വേഷിക്കുന്നത്. ഈ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍മാര്‍ ഭൂരിഭാഗവും വ്യാജന്മാരായിരുന്നു. ഈ ആശുപത്രികളില്‍ വിവിധ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനും ഉള്ള കരാര്‍ ഏടുത്ത പലരും ആരോഗ്യമേഖലയുമായി ബന്ധമില്ലാത്തവരായിരുന്നു. എല്ലാവരും അക്കാലത്ത് മഹാരാഷ്‌ട്ര ഭരിച്ചിരുന്ന ഉദ്ധവ്താക്കറേയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിലെ അടുത്ത ആളുകളുടെ ബന്ധുക്കളോ സുഹൃത്തുകളോ ആയിരുന്നു.
ആദിത്യ താക്കരെയുടെ അടുത്ത അനുയായി സൂരജ് ചവാന്റെ വീട് പരിശോധിച്ചു. സഞ്ജയ് റൗത്ത് എംപിയുടെ അടുത്ത സുഹൃത്ത് സുജിത് പാട്കറുടെ വീടും പരിശോധിച്ചു. ഐഎഎസ് ഓഫീസര്‍ സഞ്ജീവ് ജയ്സ്വാളിന്റെ ഓഫീസിലും ഇഡി റെയ്ഡ് നടത്തി. നവി മുംബൈ, താനെ, മുംബൈ നഗരം എന്നിവിടങ്ങളിലെ 15 ഇടങ്ങളില്‍ റെയ്ഡ് നടത്തി. ഐഎഎസ് ഓഫീസര്‍ സഞ്ജീവ് ജയ്സ്വാള്‍ കോവിഡ് കാലത്ത് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ അഡീഷണല്‍ കമ്മീഷണറായിരുന്നു.
കോവിഡ് കാലത്ത് ആശുപത്രികളിലെ കരാര്‍ നല്‍കുന്ന പ്രക്രിയകളിലും മറ്റും വന്‍ അഴിമതി നടന്നിരുന്നു. ഇതേക്കുറിച്ച് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണര്‍ ഐ.എസ്. ചാഹലിന്റെ മൊഴി നേരത്തെ ഇഡി രേഖപ്പെടുത്തിയിരുന്നു.
ആരോഗ്യമേഖലയില്‍ യാതൊരു മുന്‍ അനുഭവ പരിചയവുമില്ലാത്ത സുജിത് പട്കറിന് കോവിഡ് കാലത്ത് കരാര്‍ ലഭിച്ചിരുന്നു. ശിവസേന നേതാവ് സഞ്ജയ് റൗത്തിന്റെ അടുത്ത അനുയായിയാണ് സുജിത് പട്കര്‍.
കഴിഞ്ഞ വര്‍ഷം ഈ അഴിമതിയുമായി ബന്ധപ്പെട്ട് ആസാദ് മൈതാന്‍ പൊലീസ് സ്റ്റേഷന്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് സര്‍വ്വീസിനെതിരെയും (എല്‍എച്ച് എംഎസ്) സഞ്ജയ് പട്കററിനും അദ്ദേഹത്തിന്റെ മുന്ന് പങ്കാളികളായ ഹേമന്ത് ഗുപ്ത, സഞ്ജയ് ഷാ, രാജു സലൂങ്കെ എന്നിവരുടെ പേരില്‍ കേസെടുത്തിരുന്നു. കോവിഡ് കാലത്ത് കോവിഡ് ഫീല്‍ഡ് ആശുപത്രികള്‍ നോക്കിനടത്തുന്ന കരാറുകള്‍ ഇവര്‍ വഴിവിട്ട രീതിയില്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ നിന്നും തട്ടിയെടുത്തിരുന്നതായാണ് പരാതി. ഈ കേസില്‍ കള്ളരേഖ ചമയ്‌ക്കല്‍ ആരോപണമുള്ളതിനാല്‍ പൊലീസ് ഈ കേസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറിയിരുന്നു. പിന്നാലെ ഇഡി ഈ കേസ്‍ ഏറ്റെടുത്തു. എല്‍എച്ച് എംഎസിന് ഉയര്‍ന്ന തുകയ്‌ക്ക് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ കരാര്‍ നല്‍കി. വാസ്തവത്തില്‍ എല്‍എംഎച്ച് എസ് എന്നത് രജിസ്ട്രേഷന്‍ ഇല്ലാത്ത സ്ഥാപനമാണ്. ആരോഗ്യമേഖലയില്‍ അനുഭവപരിചയവുമില്ല.
കോവിഡ് കാലത്ത് സര്‍ക്കാര്‍ ഏജന്‍സികള്‍ തുറസ്സായ സ്ഥലങ്ങളില്‍ ഇതുപോലെ താല്‍ക്കാലിക കോവിഡ് ഫീല്‍ഡ് ആശുപത്രികള്‍ തുറന്നിരുന്നു. എന്നാല്‍ ഇതിന്റെ നടത്തിപ്പ് ചുമതല മുംബൈ മുനിസില്‍ കോര്‍പറേഷനായിരുന്നു. ഈ കോവിഡ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകളില്‍ ജോലി ചെയ്യുന്നവരായിരുന്നു. അതുകൊണ്ട് തന്നെ കോവിഡ് രോഗികള്‍ക്ക് ശരിയായ ചികിത്സ നല്‍കാന്‍ കഴിയാത്തത് ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: