വാസ്തുവിജ്ഞാനം
ഡോ.കെ.മുരളീധരന് നായര്‍
വീട്ടിലെ സ്റ്റെയര്‍ കെയ്സിന്റെ സ്ഥാനം?
സ്റ്റെയര്‍ കെയ്സിന്റെ രൂപകല്പന തെക്ക്, പടിഞ്ഞാറ്, വടക്ക് ദിക്കുകളിലേക്ക് നോക്കി കയറുന്ന വിധത്തിലാകാം. ക്ലോക്ക്വൈസിലായിരിക്കണം. കിഴക്കോട്ടു നോക്കി കയറുന്നത് ഉത്തമമല്ല. അതുപോലെ വടക്കുകിഴക്കേ മൂലഭാഗത്തു നിന്നും വീടിന്റെ മധ്യഭാഗമായ ബ്രഹ്മസ്ഥാനത്തു നിന്നും സ്റ്റെയര്‍കെയ്സ് ആരംഭിക്കരുത്. ഈ ഭാഗത്ത് വെയിറ്റുള്ള നിര്‍മ്മാണം അടഞ്ഞു വരാന്‍ പാടില്ല. കഴിയുന്നതും തുറസ്സായി കിടക്കുന്നതാണ് നല്ലത്.
അടുക്കളയുടെ സ്ഥാനവും അതിന്റെ പ്രത്യേകതയും?
പൂജാമുറിക്ക് തുല്യം കണക്കെടുക്കുന്നതാണ് വീട്ടിലെ അടുക്കള. മനുഷ്യന്റെ ആരോഗ്യ പരിപാലനം അടുക്കളയില്‍ കൂടിയാണ്. അടുക്കളയ്ക്ക് ഒന്നാം സ്ഥാനം തെക്കു കിഴക്കു ഭാഗമായ അഗ്നികോണാണ്. രണ്ടാംസ്ഥാനം വടക്കു പടിഞ്ഞാറായ വായു കോണാണ്. മൂന്നാം സ്ഥാനം വടക്കുകിഴക്കുഭാഗമായ ഈശാനകോണാണ്. ഒരു കാരണവശാലും വീടിന്റെ അടുക്കള തെക്കുപടിഞ്ഞാറു ഭാഗമായ കന്നിമൂലയില്‍ വരരുത്.
പ്രധാന ബെഡ്റൂമിന്റെ സ്ഥാനം എവിടെയാണ്?
വീടിന്റെ തെക്കു പടിഞ്ഞാറു ഭാഗമായ കന്നിമൂലയില്‍ വരുന്ന മുറി പ്രധാനബെഡ്റൂമായി എടുക്കുന്നത് ഉത്തമമാണ്. രണ്ടാംസ്ഥാനം വടക്കുപടിഞ്ഞാറ് വായൂ കോണാണ്.
പ്രായമായവര്‍ക്ക് ശയിക്കുന്നതിന് ഏറ്റവും നല്ല മുറി വടക്കുകിഴക്കുഭാഗത്തുള്ളതാണ്. കുട്ടികള്‍ക്ക് പഠിക്കുന്നതിന് തെക്കുകിഴക്കു ഭാഗത്തുള്ള മുറി എടുക്കാവുന്നതാണ്. ഇതേ കണക്കിന് പ്രകാരം തന്നെ രണ്ടാമത്തെ നിലയിലും ആകാവുന്നതാണ്.
അടുക്കളയും ഡൈനിങ്ഹാളും ചേര്‍ത്തു പണിയുന്നതില്‍ തെറ്റുണ്ടോ?
പുതിയ ഫാഷനായിട്ടാണ് ഇതിനെ കാണുന്നത്. ഫഌറ്റുകളിലാണ് ഇതു തുടങ്ങിവച്ചത്. ക്രമേണ എല്ലാ ഗൃഹങ്ങളിലും ആയി തുടങ്ങിയിട്ടുണ്ട്. നാലുചുമരിനുള്ളിലാണ് അടുക്കള പറഞ്ഞിട്ടുള്ളത്. പുതിയ ഭവനങ്ങളില്‍ വര്‍ക്കിങ് കിച്ചണും മോഡേണ്‍ കിച്ചണും പണിയുന്നുണ്ട്. മോഡേണ്‍ കിച്ചണോട് ചേര്‍ന്നാണ് ഡൈനിങ് ഹാള്‍ സ്ഥാപിക്കേണ്ടത്. ഡൈനിങ്ഹാളും കിച്ചണുമായി ചേരുന്ന ഭാഗത്ത് നാലടി പൊക്കത്തിലെങ്കിലും ചുമര് ഉണ്ടായിരിക്കണം. ഓപ്പണ്‍ സ്പേസായി അഞ്ചടി വരെ എടുക്കാവുന്നതാണ്. അതില്‍ കൂടുതല്‍ എടുത്താല്‍ ഗുണത്തിനു പകരം ദോഷമേ ഉണ്ടാകൂ.
പണ്ടത്തെ നാലു കെട്ടിന്റെ മാതൃകയില്‍ അങ്കണം ഉള്‍പ്പെടെ കോണ്‍ക്രീറ്റ് ഭവനങ്ങള്‍ ചെയ്യുന്നതില്‍ തെറ്റുണ്ടോ?
പണ്ടത്തെ തച്ചുശാസ്ത്ര പരമായി വളരെ അധികം കണക്കുകള്‍ ഉള്‍ക്കൊള്ളിച്ച് തടി കൊണ്ടു നിര്‍മ്മിച്ചവയാണ് പഴയ നാലുകെട്ടും എട്ടുകെട്ടും. ഇതിന് വിധിപ്രകാരം അങ്കണങ്ങള്‍ കൊടുത്തിരുന്നു. ഈ അങ്കണത്തില്‍ നിന്നും ഭൗമോര്‍ജവും പ്രാപഞ്ചികോര്‍ജവും മറ്റ് എല്ലാ സ്ഥലങ്ങളിലേക്കും പ്രസരിക്കുന്നു. ഓരോന്നും ഓരോ ശാലകളായിട്ടാണ് കണക്കെടുത്തിരുന്നത്. വിധിപ്രകാരമുള്ള തടികൊണ്ടുള്ള തൂണുകളും സ്ഥാപിച്ചിരുന്നു. ഇതേ മാതൃകയില്‍ കോണ്‍ക്രീറ്റ് വീടുകള്‍ പണിഞ്ഞാല്‍ ഉത്തമമായിരിക്കില്ല എന്നതാണ് പ്രായോഗിക അനുഭവം. പ്രത്യേകിച്ച് വീടിന്റെ ബ്രഹ്മസ്ഥാനം കുഴിച്ച് അങ്കണമാക്കുന്നത് കോണ്‍ക്രീറ്റ് വീടിന് ശോഭനമല്ല. അങ്കണം വേണമെങ്കില്‍ വീടിന്റെ കിഴക്കുവശത്തോ, വടക്കു വശത്തോ എടുക്കുന്നതില്‍ തെറ്റില്ല.
പട്ടിക്കൂട്, പക്ഷിക്കൂട് ഇവയുടെ സ്ഥാനം, കൂടാതെ വീട്ടില്‍ വളര്‍ത്തുന്ന പശുക്കളുടെ സ്ഥാനം എവിടെയാണ്?
പശുക്കളെ വീടിന്റെ കിഴക്കു ഭാഗത്തും വടക്കുഭാഗത്തും വളര്‍ത്താവുന്നതാണ്. പട്ടിക്കൂട്, പക്ഷിക്കൂട് ഇവ വീടിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് കൂടുകെട്ടി വളര്‍ത്താവുന്നതാണ്. കൃഷി സംബന്ധമായ ആവശ്യത്തിന് ഉപയോഗിക്കുന്ന പോത്തിനെ തെക്കുഭാഗത്തു വളര്‍ത്തുന്നതില്‍ തെറ്റില്ല.
(തുടരും)
(വാസ്തുശാസ്ത്ര വിദഗ്ധനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ‘സ്ഥപതി’യുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: