മണ്ണാര്‍ക്കാട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി വിദ്യയെ ഇന്നലെ അഗളി പോലീസ് സ്റ്റേഷനില്‍ നിന്നും മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്ട്രേട്ട് കോടതിയില്‍ കൊണ്ടുവന്നത് വന്‍ പോലീസ് സന്നാഹത്തോടെ. ബുധനാഴ്ച വൈകിട്ട് 5.30ന് കോഴിക്കോട് മേപ്പയ്യൂരിലെ ബന്ധുകളായ വൃദ്ധദമ്പതികളുടെ വീട്ടില്‍ നിന്നായിരുന്നു വിദ്യയെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്താണ് വിദ്യ അവിടെ താമസിച്ചിരുന്നത്.
അഗളി ഡിവൈഎസ്പി: എന്‍. മുരളീധരന്റെ നിര്‍ദ്ദേശപ്രകാരം സിഐ; കെ. സലിം, എസ്ഐ: ജയപ്രസാദ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഒരു സുഹൃത്തിന്റെ മൊബൈല്‍ പിന്തുടര്ന്ന് സാഹസികമായി വിദ്യയെ പിടികൂടിയത്. ആഴ്ചകളോളം വിദ്യയെക്കുറിച്ച് അന്വേഷിച്ചിരുന്നെന്നും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത് അന്വേഷണത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഡിവൈഎസ്പി പറഞ്ഞു. അതേസമയം വിദ്യക്ക് രാഷ്ട്രീയ സംരക്ഷണം ലഭിച്ചിരുന്നതായി സംശയിക്കുന്നുണ്ട്.
പല ഭാഗത്തും മാറി മാറി താമസിച്ചിരുന്നതായിട്ടാണ് ലഭിക്കുന്ന വിവരം. ഇന്നലെ പകല്‍ 12ഓടെയാണ് അഗളി സ്റ്റേഷനില്‍ നിന്നും മണ്ണാര്‍ക്കാട്ടേക്ക് കൊണ്ടുവന്നത്. ഒരു മണിയോടെ മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചു. 1.10ന് മജിസ്ട്രേറ്റ് കാവ്യ സോമന്റെ മുമ്പാകെ ഹാജരാക്കി. വിദ്യയെ കൊണ്ടുവരുന്നതു കാണാന്‍ കോടതിക്കു മുന്നില്‍ ജനങ്ങള്‍ തടിച്ചു കൂടിയിരുന്നു. ഇതിനിടെ യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും പ്രതിക്ഷേധവുമായി എത്തി. അഡ്വ. സെബിന് സെബാസ്റ്റ്യന്‍ വിദ്യക്കുവേണ്ടി കോടതിയില്‍ ഹാജരായി. രാഷ്ട്രീയ പകപോക്കലാണെന്നും മാധ്യമങ്ങള്‍ക്കുവേണ്ടി നിന്നുകൊടുക്കാന്‍ പോലീസ് ശ്രമിച്ചുവെന്നും, വിദ്യ നിരപരാധിയാണെന്നും അദ്ദേഹം വാദിച്ചു.
എന്നാല്‍ കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.വിദ്യയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി കോടതിയില്‍ നല്‍കിയിരുന്നു. പ്രതിഭാഗം അഭിഭാഷകന് ഇതിനെ എതിര്‍ത്തെങ്കിലും എപിപി: വി. അബ്ദുള്‍ വഹാബിന്റെ വാദം അഗീകരിച്ച് രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി. നാളെ ഉച്ചക്ക് വിദ്യയെ കോടതിയില്‍ ഹാജരാക്കി ജാമ്യാപേക്ഷ പരിഗണിക്കും. മണ്ണാര്‍ക്കാട് ഡിവൈഎസ്പി: വി.എ. കൃഷ്ണദാസ്, സിഐ: ബോബിന് മാത്യു, എസ്ഐ: വി. വിവേക് എന്നിവരടങ്ങുന്ന പോലീസ് സംഘം കോടതിയില്‍ സുരക്ഷ ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: