ബോക്സണ്: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയ്ക്കിടെ അറ്റ്ലാന്റിക് സമുദ്രത്തില്‍ അപ്രത്യക്ഷമായ ടൈറ്റന് അന്തര്‍വാഹിനി സമുദ്ര പേടകം തകര്‍ന്നു. കോടീശ്വരന്മാരായ അഞ്ച് യാത്രക്കാരും മരിച്ചതായി യു.എസ് കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചു. കടലിനടിയില്‍ രണ്ട് മൈല്‍ ആഴത്തില്‍ ടൈറ്റന്റെ പിന്‍ഭാഗത്തെ കവചം, ലാന്‍ഡിംഗ് ഫ്രെയിം എന്നിവ അടക്കം അഞ്ച് പ്രധാന ഭാഗങ്ങള്‍ ഇന്നലെ കണ്ടെത്തി. ഹോറിസണ്‍ ആര്‍ട്ടിക് എന്ന കപ്പലിലെ ആളില്ലാ ചെറു സമുദ്രവാഹനമാണ് (ആര്.ഒ.വി) ഇവ കണ്ടെത്തിയത്. കടലിനടിയിലെ ശക്തമായ മര്‍ദ്ദത്തെ തുടര്‍ന്ന് ടൈറ്റന് അകത്തേക്ക് പൊട്ടിയതാകാമെന്ന് കരുതുന്നു. ടൈറ്റന് എപ്പോഴാണ് തകര്‍ന്നതെന്ന് വ്യക്തമല്ല. യാത്രികരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടില്ല.
യാത്രികരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ യു.എസും കാനഡയും വിമാനങ്ങള്‍, കപ്പലുകള്‍, വിവിധ ഉപകരണങ്ങള്‍ എന്നിവയുടെ സഹായത്തോടെ തെരച്ചില്‍ തുടരും. ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യന്‍ഗേറ്റ് കമ്പനിയുടെ സി.ഇ.ഒ സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹര്‍ഡിംഗ്, ബ്രിട്ടീഷ് – പാകിസ്ഥാനി കോടീശ്വരന് ഷെഹ്സാദാ ദാവൂദ്, മകന് സുലേമാന്, ഫ്രഞ്ച് പര്യവേഷകന് പോള്‍ ഹെന്റി നാര്‍ജിയോലെറ്റ് എന്നിവരാണ് ടൈറ്റനിലുള്ളത്. പോള്‍ ആണ് ടൈറ്റന്റെ പൈലറ്റ്. ഇവര്‍ മരിച്ചെന്ന് കരുതുന്നതായി കമ്പനിയും ഇന്നലെ പ്രസ്താവനയിറക്കി.ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്കാണ് ടൈറ്റനെ കാണാതായത്. കടലില്‍ ഇറക്കി ഒന്നേമുക്കാല്‍ മണിക്കൂറിനകം മാതൃകപ്പലായ പോളാര്‍ പ്രിന്‍സുമായി ആശയ വിനിമയം നഷ്ടപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: