ആലപ്പുഴ: വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷകള്‍ക്ക് ഫയലിലെ രേഖകള്‍ കൃത്യസമയത്ത് ലഭ്യമാക്കാതിരുന്ന ജില്ലയിലെ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് മുന്നോടിയായി സംസ്ഥാന വിവരാവകാശ കമ്മീഷന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. അപേക്ഷയ്ക്ക് മറുപടി നല്കുന്ന ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക വിലാസവും ലഭ്യമാക്കാതിരിക്കുക, ഒന്നാം അപ്പീല്‍ അധികാരിയെക്കുറിച്ച് വിവരം നല്‍കാതിരിക്കുക, തെറ്റിദ്ധരിപ്പിക്കുന്നതും മറച്ചുവെയ്ക്കുന്നതുമായ മറുപടികള്‍ നല്‍കുക എന്നീ കുറ്റങ്ങള്‍ക്ക് നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന് വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് ഹാളില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ.ഹക്കീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിറ്റിങിലാണ് തീരുമാനം.
മാവേലിക്കര ബിഷപ്മൂര്‍ കോളേജില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനായി നടത്തിയ അഭിമുഖത്തിന്റെ സ്കോര്‍ഷീറ്റിന്റെ പകര്‍പ്പും ഇന്റര്‍വ്യൂ ബോര്‍ഡിന്റെ തീരുമാനവും സംബന്ധിച്ച വിവരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡോ.ആര്.രാജി നല്കിയ അപേക്ഷയില്‍ വിവരം ഉദ്യോഗാര്‍ത്ഥികളെ അറിയിക്കണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു. വിവരാവകാശ അപേക്ഷതന്നെ കാണാനില്ലെന്ന് കാട്ടി അപേക്ഷനായ പി.സി.ജോര്‍ജ്ജിന് ലഭ്യമാക്കിയ പരാതിയില്‍ കായംകുളം നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന കാര്യം കമ്മീഷന് പരിഗണിക്കും. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് സ്കൂളിലെ മുന്‍ ഹെഡ്മിസ്ട്രസ് കെ.കെ.നിക്രൂമയ്ക്ക് സര്‍വീസ് ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരം അടിയന്തരമായി ലഭ്യമാക്കാന്‍ കമ്മീഷന് നിര്‍ദ്ദേശിച്ചു.
തത്തംപള്ളി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നിന്ന് മണി കെ ബേബിക്ക് നല്കിയ വിവരങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതും സാമ്പത്തിക ക്രയവിക്രയങ്ങളില്‍ സുതാര്യക്കുറവ് തോന്നിക്കുന്നതും ആയതിനാല്‍ ഉന്നത തല അന്വേഷണത്തിന് കമ്മീഷന് ശുപാര്‍ശ ചെയ്തു. ഹരിപ്പാട് സബ് ട്രഷറിയുടെ സ്ട്രോങ്ങ് റൂമുകളില്‍ ഒന്ന് തുറക്കാനാവുന്നില്ലെന്ന് കാട്ടി വിവരാവകാശ അപേക്ഷകന് ട്രഷറി ഓഫീസര്‍ നല്കിയ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്ട്രോങ്ങ് റൂം തുറന്ന് വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ട്രഷറി വകുപ്പ് ഡയറക്ടറോട് നിര്‍ദ്ദേശിച്ചു .
സബ് കളക്ടറുടെ ഓഫീസിലെ വിവരങ്ങള്‍ തേടിയുള്ള അപേക്ഷയില്‍ ഫയലുകള്‍ വിളിച്ചുവരുത്തി എഡിഎമ്മിന്റെ സാന്നിധ്യത്തില്‍ ഹര്ജിക്കാരന് ഫയല്‍ പരിശോധിക്കുന്നതിന് കമ്മീഷന് അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: