ആലുവ: അന്താരാഷ്ട്ര യോഗാദിനത്തില്‍ ആലുവ അദ്വൈതാശ്രത്തില്‍ അവതരിപ്പിയ്ക്കപ്പെട്ട ദൈവദശകം യോഗ, ശ്രീനാരായണീയ ഭക്തസമൂഹത്തിന് വ്യത്യസ്തമായ അനുഭവമായി മാറി. ഗുരുദേവന്റെ ദൈവദശകം പ്രാര്‍ത്ഥനഗീതത്തെ യോഗയുടെ വ്യായാമ ചാരുതകളിലേയ്ക്ക് സന്നിവേശിപ്പിച്ച് കലാപരമായി ചിട്ടപ്പെടുത്തി അവതരിപ്പിച്ചത് കൊച്ചി എളമക്കര സ്വദേശിയും യോഗ പരിശീലകയുമായ അഞ്ജന സന്തോഷ് ആണ്.
ഗുരുദേവകൃതികളെ വിവിധ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്ന ദൈവദശകം കൂട്ടായ്മയുടെ ‘എന്റെ ഗുരു’ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ആലുവയില്‍ പരിപാടി സംഘടിപ്പിച്ചത്. മനുഷ്യ മനസ്സിനെ പവിത്രീകരിക്കാനും പുതിയജ്ഞാനമേഖലയിലേക്കു ഉയര്‍ത്താനുമുള്ള കഴിവ് ദൈവദശകം പ്രാര്ഥനക്കുണ്ട്. ദൈവമെന്ന പരമമായ സത്യത്തിനു മുന്നിലേക്ക് ഏതു മനുഷ്യനെയും ആനയിക്കാന്‍ കെല്‍പ്പുള്ള സരളവും ലളിതവും ആശയ ഗംഭീരവുമാര്ന്ന പ്രാര്‍ഥനയായ ദൈവദശകം ഇന്നു രാജ്യാതിര്‍ത്തികള്‍ കടന്നു വ്യത്യസ്ത ഭാഷകളെയും സംസ്കാരങ്ങളെയും ധന്യമാക്കി ലോകമെങ്ങും വ്യാപിക്കുകയാണെന്ന് അഞ്ജന പറഞ്ഞു.
ജാതിക്കും മതത്തിനും അതീതമായ വിശ്വമാനവിക ദര്‍ശനം നല്കുന്ന ശ്രീനാരായണഗുരുവിന്റെ ദൈവദശകം യോഗയുടെ വ്യായാമ ചലനചാരുതകളിലേക്കു പരിഭാഷപ്പെടുത്തിയതോടെ പുതിയ ഒരു ചുവടുകൂടി പിന്നിട്ടിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ദൈവദശകം വായിക്കപ്പെടുക മാത്രമല്ല, ദൃശ്യവത്കരിയ്ക്കപ്പെടണം എന്ന ചിന്തയില്‍ നിന്നാണ് അഞ്ജനയുടെ മനസ്സില്‍ ഈ ആശയം രൂപപ്പെട്ടത്. സൂര്യ നമസ്കാരത്തില്‍ തുടങ്ങി ധ്യാനത്തില്‍ അവസാനിയ്ക്കുന്ന വിധം 27 യോഗാസനങ്ങള്‍ ഉള്‍പ്പെടുത്തിയാണു ദൈവദശകം യോഗ ചിട്ടപ്പെടുത്തി അവതരിപ്പിച്ചത്. പാദഹസ്താസന, അര്‍ധചക്രാസന, ഗോമുഖാസന, പത്മാസന, ഉദിതപിഭാസന, പവനമുക്താസന, വൃക്ഷാ സന, നടരാജാസന എന്നിവയും ദൈവദശകം യോഗയിലൂടെ പഠിതാക്കള്‍ക്ക് പകര്ന്നുനല്കി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ ഉദ്ഘാടനം ചെയ്തു.
ദൈവദശകം കൂട്ടായ്മ ചെയര്മാന് ഗിരീഷ് ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. സ്വാമി പ്രബോധതീര്‍ത്ഥ യോഗസന്ദേശം നല്കി. എന്റെ ഗുരു എറണാകുളം ജില്ലാ ചെയര്‍പേഴ്സണ്‍ സുനന്ദ ശബരീശന്, കോ-ഓര്‍ഡിനേറ്റര്‍മാരായ കലാമണ്ഡലം പ്രിയം, ശ്രീരാഗം വാസുദേവന്‍, അഞ്ജലി സുമേഷ് , വിനോദ് കക്കറ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: