ഹൈദ്രാബാദ്: അന്താരാഷ്ട്ര യോഗ ദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആയിരക്കണക്കിന് അംഗപരിമിതര്‍ യോഗാഭ്യാസം ചെയ്ത് റെക്കാഡ് സൃഷ്ടിച്ചു. ഇന്റര്‍നാഷണല്‍ വണ്ടര്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് എന്നിവയില്‍ ഇവര്‍ ഇടം നേടിയത്.
സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയമാണ് ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള കന്ഹ ശാന്തി വനത്തില്‍ പരിപാടി സംഘടിപ്പിച്ചത്.
കാഴ്ച വൈകല്യം, ശ്രവണ വൈകല്യം, ചലന വൈകല്യം, ബൗദ്ധികവും വികാസപരവുമായ വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, തലസീമിയ തുടങ്ങി 21 വിഭാഗങ്ങളില്‍ 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം അംഗപരിമിതര്‍ യോഗാഭ്യാസം നടത്തി. അംഗപരിമിതരുടെ കഴിവുകള്‍ പുറത്തുകൊണ്ടുവരാനും അവരെ സ്വയം പര്യാപ്തരാക്കാനും യോഗ സഹായിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച സാമൂഹികനീതി-ശാക്തീകരണ മന്ത്രി വീരേന്ദ്ര കുമാര്‍ പറഞ്ഞു.
മറ്റൊരു പരിപാടിയില്‍, സംസ്ഥാനത്തിലെ സംഗറെഡ്ഡി ജില്ലയില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര മന്ത്രി പര്‍ഷോത്തം രൂപാല പങ്കെടുത്തു. ആരോഗ്യമുള്ള സമൂഹത്തിനും ആരോഗ്യകരമായ ലോകത്തിനും പുറമെ വ്യക്തികളുടെ സമഗ്രമായ ആരോഗ്യത്തിനും യോഗ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: