ചെങ്ങന്നൂര്‍: നഗരസഭ ഓഫീസ് കെട്ടിടത്തില്‍ തീപിടിച്ചു. തീയണയ്ക്കാന്‍ എത്തിയ നാല് അഗ്നിശമനസേനാ ഉദ്യോഗസ്ഥരടക്കം അഞ്ച് പേര്‍ക്ക് ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ചെങ്ങന്നൂര്‍ അഗ്നിശമനസേനാ ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍മാരായ ഷഫീക്ക് അലി ഖാന് (42), ബി.എസ്.ശ്യാംകുമാര്‍ (30), എസ്. അരുണ്‍കുമാര്‍(35) തിരുവല്ലാ സ്റ്റേഷനിലെ പ്രദീപ്കുമാര്‍ (32) നാട്ടുകാരനായ കരുവേലിപ്പടി പാലങ്ങാട്ടില്‍ രഞ്ജി പി. വര്‍ഗ്ഗീസ് (38) എന്നിവരെ ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടുതല്‍ ശരീരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഷഫീക്ക് അലിഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുളളവരെ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. നഗരസഭ സ്വകാര്യ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിലെ താഴത്തെ നിലയിലെ ശുചീകരണ ഉപകരണങ്ങളും ബ്ലീച്ചിംഗ് പൗഡറുകളും സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടുത്തമുണ്ടായത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്ന മുറിയില്‍ ബ്ലീച്ചിങ് പൗഡര്‍, ലോഷനുകള്‍ എന്നിവയിലുണ്ടായ രാസമാറ്റത്തിലൂടെയാകാം തീ പടര്‍ന്നതെന്ന് സംശയിക്കുന്നു.ഇന്നലെ രാവിലെ 10 മണിയോടെ ഒന്നാം നിലയിലെ ഓഫീസ് കെട്ടിടത്തിലേയ്ക്ക് പുക ഉയര്‍ന്നതോടെയാണ് തീപിടുത്തം ശ്രദ്ധയില്‍പെട്ടത്.
ഇവിടെ സൂക്ഷിച്ചിരുന്ന 500 കിലോയോളം തൂക്കം വരുന്ന ബ്ലീച്ചിങ് പൗഡര്‍, ചൂലുകള്‍, ബ്രഷുകള്‍, ലോഷനുകള്‍ തുടങ്ങിയ സാധനങ്ങള്‍ കത്തിനശിച്ചു. സ്ഥലത്ത് എത്തിയ നഗരസഭാ ജീവനക്കാരും വ്യാപാരികളും സ്വകാര്യ ബസ് ജീവനക്കാരും, ഓട്ടോറിക്ഷാ – ടാക്സി തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. ചെങ്ങന്നൂര്‍ സ്റ്റേഷന് സുനില്‍ ജോസഫ്, തിരുവല്ല സ്റ്റേഷന് ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ കെ. സിയാദ് എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിരുന്നു. പകല്‍ സമയത്ത് തീ പടര്‍ന്നതിനാല്‍ വന്അപകടവും നാശനഷ്ടവും ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: