ആലപ്പുഴ: അശ്ലീല ദൃശ്യ വിവാദത്തില്‍ സിപിഎമ്മില്‍ അച്ചടക്ക നടപടി തുടരുന്നു. ആലപ്പുഴ സൗത്ത് മുന്‍ ഏരിയ കമ്മിറ്റി അംഗം എ.ഡി.ജയനെ സസ്പെന്‍ഡ് ചെയ്തു. ആറ് മാസത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. നേരത്തെ ജയനെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.
പാര്‍ട്ടിയംഗങ്ങള്‍ ഉള്‍പ്പടെ മുപ്പതിലേറെ സ്ത്രീകളുടെ അശ്ലീല വിഡിയോ ഫോണില്‍ സൂക്ഷിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് മുന്‍ ഏരിയ കമ്മിറ്റിയംഗം എ.പി. സോണയെ പാര്‍ട്ടി പുറത്താക്കിയിരുന്നു. ഈ വിഷയത്തില്‍ ജയന്, സോണയെ സഹായിക്കാന്‍ ഇടപെട്ടെന്നു പാര്‍ട്ടി കണ്ടെത്തുകയും ഏരിയ കമ്മിറ്റിയില്‍ നിന്നു ലോക്കല്‍ കമ്മിറ്റിയിലേക്കു തരം താഴ്ത്തുകയുമായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് സസ്പെന്ഷന്.
സോണയ്ക്കെതിരെ ചില സ്ത്രീകള്‍ പാര്‍ട്ടിക്കു പരാതി നല്കുന്നതില് നിന്നു പിന്തിരിപ്പിക്കാന് ജയന് ശ്രമിച്ചെന്നായിരുന്നു ആരോപണം. അശ്ലീല വിഡിയോ വിഷയം വിവാദമായതിനെ തുടര്‍ന്ന് ഇത് അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മിഷനെ നിയോഗിച്ചിരുന്നു. കമ്മിഷന് റിപ്പോര്‍ട്ട് സോണയ്ക്ക് എതിരായിരുന്നു. വിഡിയോ ദൃശ്യങ്ങള്‍ ജില്ലാ നേതാക്കള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്നാണു സോണയെ പുറത്താക്കിയത്. ജില്ലാ സെക്രട്ടറി ആര്.നാസറിനെ അനുകൂലിക്കുന്ന പക്ഷത്തായിരുന്നു സോണയും ജയനും.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പങ്കെടുത്ത യോഗമാണു വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞ ദിവസം ശിക്ഷാ നടപടി തീരുമാനിച്ചത്. സാമ്പത്തിക തിരിമറിയെന്ന പരാതിയില്‍ പാര്‍ട്ടിയില്‍ പുതിയ അന്വേഷണ കമ്മീഷന് രൂപിക്കും. കായംകുളം ഏരിയ സെക്രട്ടറി അരവിന്ദാക്ഷന്, ജില്ലാ കമ്മിറ്റിയംഗം എന്‍. ശിവദാസ് എന്നിവര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്.
വിഭാഗീയതയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി.ചിത്തരഞ്ജന് എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ തരംതാഴ്ത്തിയും മൂന്ന് ഏരിയ കമ്മിറ്റികള്‍ പിരിച്ചുവിട്ടും ജില്ലയിലെ സിപിഎമ്മില്‍ കൂട്ട നടപടി എടുക്കുകയായിരുന്നു.
ആലപ്പുഴ സൗത്ത്, ആലപ്പുഴ നോര്‍ത്ത്, ഹരിപ്പാട് ഏരിയ കമ്മിറ്റികളാണു പിരിച്ചുവിട്ടത്. പി.പി.ചിത്തരഞ്ജനെ കൂടാതെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലനെയും ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. ലഹരിക്കടത്ത് ആരോപണം നേരിട്ട നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗവും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനുമായ എ.ഷാനവാസിനെ പുറത്താക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: