കൊച്ചി : അന്താരാഷ്ട്ര യോഗാദിനം ആഘോഷമാക്കി ലോകം. രാജ്യത്തിനകത്തും പുറത്തുമായി നിരവധി ആഘോഷങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ദല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചിയില്‍ ഐഎന്‍എസ് വിക്രാന്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ യോഗാ പരിപാടികള്‍ നടത്തി. പന്ത്രണ്ടോളം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
കേരള സര്‍വ്വകലാശാലയും യോഗാ അസോസിയേഷന് ഓഫ് കേരളയും സംയുക്തമായി യോഗാഭ്യാസ പ്രകടനങ്ങള്‍ നടത്തി. ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും യോഗാ ദിന ചടങ്ങുകള്‍ സംഘടിപ്പിച്ചു. ഡിജിപി മുഖ്യാത്ഥിതിയായി.
പാര്‍ലമെന്റിനു മുന്നിലും കര്‍ത്തവ്യപഥില്‍ ഇന്ത്യാ ഗേറ്റിനു സമീപവും യോഗാ ചടങ്ങുകള്‍ നടത്തി. മധ്യപ്രദേശിലെ ജബല്‍പുരില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ നേതൃത്വത്തില്‍ 15,000 പേര് അണിനിരന്നുള്ള യോഗാഭ്യാസങ്ങളാണ് നടക്കുന്നത്. രാജ്യത്ത് ഇന്നുനടക്കുന്ന ഏറ്റവും വലിയ ചടങ്ങുകളിലൊന്നാണിത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ദല്‍ഹി എയിംസില്‍ യോഗക്ക് നേതൃത്വം നല്കി.
യോഗദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎന്‍ ആസ്ഥാനത്ത് നടക്കുന്ന യോഗയ്ക്കും നേതൃത്വം നല്‍കും. ഇന്ത്യന്‍ സമയം വൈകീട്ട് 5.30 നാണ് മോദി യുഎന്‍ ആസ്ഥാനത്ത് യോഗദിന ചടങ്ങില്‍ പങ്കെടുക്കുന്നത്. പരിപാടിയില്‍ 180 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും.
കോടിക്കണക്കിന് കുടുംബങ്ങള്‍ വസുധൈവ കുടുംബകം എന്ന സന്ദേശം ഉയര്‍ത്തി യോഗ ചെയ്യുന്നുവെന്ന് യോഗാദിന സന്ദേശത്തില്‍ മോദി പറഞ്ഞു. എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് യോഗ. ലോകം ഒരു കുടുംബം എന്ന ആശയത്തിന്റെ ഭാഗമാണ് യോഗയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: