കാസര്‍കോട്: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നീലേശ്വരത്ത് രജിസ്റ്റര്‍ ചെയ്ത കേസിലും മുന്‍കൂര്‍ ജാമ്യം തേടി കെ വിദ്യ. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ വിദ്യ ഇതുസംബന്ധിച്ച അപേക്ഷ നല്‍കി. അവിവാഹിതയാണെന്നത് പരിഗണിക്കണം, ജാമ്യം നിഷേധിക്കേണ്ട തരത്തില്‍ കുറ്റം ചെയ്തിട്ടില്ല, ആരെയും കബളിപ്പിച്ചിട്ടില്ല എന്നിങ്ങനെയാണ് ജാമ്യാപേക്ഷയില്‍ വിദ്യ പറയുന്നത്.
കരിന്തളം സര്‍ക്കാര്‍ കോളേജിന്റെ പരാതിയില്‍ നീലേശ്വരം പൊലീസ് എടുത്ത കേസിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അപേക്ഷ ഈ മാസം 24ന് കോടതി പരിഗണിക്കുമെന്നാണ് വിവരം. നീലേശ്വരം കരിന്തളം ഗവ. കോളേജില്‍ ഗസ്റ്റ് ലക്ചററായി വിദ്യ ജോലി നേടിയത് മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു. 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെയാണ് കരിന്തളത്ത് ജോലി ചെയ്തത്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട്ട് ഗവ. കോളേജില്‍ 2021-22 അദ്ധ്യയന വര്‍ഷം ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയും ജോലി ചെയ്തിരുന്നു.അട്ടപ്പാടി ഗവണ്‍മെന്റ് കോളജില്‍ മലയാളം ഡിപ്പാര്‍ട്ട്‌മെന്റിലെ അഭിമുഖത്തിനായി 2018-19, 20-21 വര്‍ഷങ്ങളില്‍ ഗസ്റ്റ് ലക്ചററായി മഹാരാജാസില്‍ പ്രവര്‍ത്തിച്ചെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതോടെയാണ് വിദ്യയുടെ തട്ടിപ്പ് പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: