കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്വന്തം നേതാക്കള്‍ക്കുവേണ്ടി സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ നടത്തിക്കൊണ്ടിരിക്കുന്ന തട്ടിപ്പുകളും വെട്ടിപ്പുകളും ഒന്നിനുപുറകെ ഒന്നായി പുറത്തുവരികയാണല്ലോ. ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയും, മാധ്യമപ്രവര്‍ത്തകരെ ജയിലിലടയ്ക്കാന്‍ ശ്രമിക്കുകയും, സര്‍വകലാശാല വിസിമാരെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും സഹായത്തോടെ എസ്എഫ്ഐ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ജയിക്കുക, ഹാജരില്ലെങ്കിലും പരീക്ഷ എഴുതുക, പരീക്ഷ എഴുതിയില്ലെങ്കിലും പാസ്സാക്കുക, വ്യാജരേഖ ചമച്ച് ജോലി നേടുക, ബിരുദമെടുക്കാതെ ബിരുദാനന്തര ബിരുദത്തിന് പഠിക്കുക എന്നിങ്ങനെയുള്ള തട്ടിപ്പുകള്‍ പുറത്തുവന്നിട്ടും എസ്എഫ്ഐ നേതൃത്വത്തിന് കുലുക്കമില്ല. എസ്എഫ്ഐയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും, അവരെ കൈകാര്യം ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ പ്രഖ്യാപിക്കുമ്പോള്‍ എന്തിനു ഭയക്കണം എന്ന ചിന്തയാണ് എസ്എഫ്ഐ നേതാക്കള്‍ക്ക്. സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ നേതാവാണല്ലോ രക്ഷയ്ക്കെത്തിയിരിക്കുന്നത്. കായംകുളം എംഎസ്എം കോളജില്‍ ബികോം ജയിക്കാത്ത എസ്എഫ്ഐ നേതാവ് അതേ കോളജില്‍ എംകോമിന് ചേര്‍ന്ന് പഠിക്കുന്നതാണ് പുറത്തുവന്ന ഏറ്റവും പുതിയ തട്ടിപ്പ്. കേട്ടുകേള്‍വിയില്ലാത്ത ഇത്തരമൊരു തട്ടിപ്പിനെ ന്യായീകരിക്കുകയും, അത് നടത്തിയ സ്വന്തം നേതാവിനെ സംരക്ഷിക്കുകയും ചെയ്തതില്‍നിന്ന് എസ്എഫ്ഐ നല്കുന്ന സന്ദേശം വ്യക്തമാണ്. എന്തൊക്കെ സംഭവിച്ചാലും ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍നിന്ന് പിന്നോട്ടില്ല.
കായംകുളം കോളജിലെ എസ്എഫ്ഐ നേതാവായ നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നതെന്ന് പ്രിന്‍സിപ്പാളും കോളജധികൃതരും സര്‍വകലാശാല വിസിയും വ്യക്തമാക്കിയിട്ടും തങ്ങളുടെ ബോധ്യം മറ്റൊന്നാണെന്ന് യാതൊരു ലജ്ജയുമില്ലാതെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നുനിന്ന് വാദിക്കുകയാണ് എസ്എഫ്ഐ നേതാവ് ചെയ്തത്. ഇതേ നേതാവ് സംസ്ഥാനത്തെ മറ്റൊരു കോളജില്‍ ബിരുദാനന്തര ബിരുദ കോഴ്സിന് പരീക്ഷയെഴുതാതെ പാസ്സായെന്ന സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചയാളാണ് എന്നോര്‍ക്കണം. നി ഖിലിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ തങ്ങള്‍ പരിശോധിച്ചെന്നും, അവ വ്യാജമല്ലെന്നും പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു ഈ നേതാവ്. നിഖില്‍ തോമസ് എന്ന പേരില്‍ ഒരു വിദ്യാര്‍ത്ഥി ഒഡിഷയിലെ കലിംഗ സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയപ്പോള്‍ പൊളിഞ്ഞുവീണത് എസ്എഫ്ഐയുടെ അറപ്പുളവാക്കുന്ന അവകാശവാദങ്ങളാണ്. ഗത്യന്തരമില്ലാതെ എസ്എഫ്ഐക്ക് നി ഖില്‍തോമസിനെ പുറത്താക്കേണ്ടി വന്നു. വ്യാജരേഖ ചമച്ച് ഒന്നിലധികം കോളജുകളില്‍ അധ്യാപികയായി ജോലി ചെയ്ത തങ്ങളുടെ ഒരു വനിതാ നേതാവിനെയും ന്യായീകരിച്ചുകൊണ്ടിരിക്കുകയാണ് എസ്എഫ്ഐ. പാവപ്പെട്ട ചുറ്റുപാടില്‍ നിന്നുള്ളയാളാണത്രേ. അതുകൊണ്ട് ഒരു ജോലിക്കുവേണ്ടി വ്യാജരേഖ ചമച്ചാല്‍ അത് തെറ്റല്ല! കേസെടുത്ത് ഒരു മാസമാവാറായിട്ടും സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പോലീസിന്റെയും ഒത്താശയോടെ ഈ വനിതയെ എസ്എഫ്ഐ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ ഭൂരിപക്ഷം കോളജുകളും അടക്കിഭരിക്കുന്നത് എസ്എഫ്ഐയാണ്. പിന്നെങ്ങനെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരം തകരാതിരിക്കും. ശരിയായ രാഷ്ട്രീയ ബോധവും പഠനത്തില്‍ താല്‍പ്പര്യവുമുള്ള വിദ്യാര്‍ത്ഥികള്‍ ഈ സംഘടനയെ ബഹിഷ്കരിക്കുകയാണ് വേണ്ടത്.
കെ.വിദ്യ, ആര്‍ഷോ, നിഖില്‍ തോമസ്… എസ്എഫ്ഐ നേതാക്കളില്‍ ചിലര്‍ മാത്രമാണ് ഇവര്‍. ഇവരുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ മഞ്ഞുമലയുടെ മേല്‍ത്തുമ്പു മാത്രമേ ആകുന്നുള്ളൂ. സിപിഎമ്മും എസ്എഫ്ഐയും ഇടതുപക്ഷ അധ്യാപക സംഘടനകളും ഉള്‍പ്പെടുന്ന ഒരു മാഫിയ പതിറ്റാണ്ടുകളായി ഉന്നത വിദ്യാഭ്യാസരംഗത്ത് പിടിമുറുക്കിയിരിക്കുകയാണ്. ഇവര്‍ സൃഷ്ടിച്ച ഈജിയന്‍ തൊഴുത്ത് ആര്‍ക്കും കഴുകിവൃത്തിയാക്കാന്‍ പറ്റാത്തവിധം മലിനമാണ്. ജയിച്ചിട്ടില്ലാത്തവര്‍ക്ക് പ്രവേശനം നല്‍കിയും, തോറ്റവരെ ജയിപ്പിച്ചും മാര്‍ക്കില്ലാത്തവര്‍ക്ക് അത് നല്‍കിയും, വ്യാജരേഖ ചമച്ച് ജോലി നല്‍കിയുമൊക്കെ ഉന്നതവിദ്യാഭ്യാസ മേഖലയെ ഉള്ളില്‍നിന്ന് തകര്‍ക്കുകയാണ് ഇക്കൂട്ടര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കെതിരെ പോലും വ്യാജരേഖ ചമച്ചെന്ന ആരോപണം ഉയര്‍ന്നിരിക്കുകയാണല്ലോ. കേരളത്തിലെ സര്‍വകലാശാലയില്‍ ഇതിനപ്പുറം നടക്കുമെന്നും, താന്‍ നിസ്സഹായനാണെന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പറയേണ്ടിവരുന്ന ഗതികേടാണുള്ളത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായതു കൊണ്ടുമാത്രം ബന്ധുവിന് സര്‍വകലാശാലയില്‍ ജോലി നല്‍കുന്നത് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഇതിനെക്കുറിച്ചൊക്കെ പോലീസ് അന്വേഷിക്കുന്നതുകൊണ്ട് ഒന്നും പുറത്തുവരാന്‍ പോകുന്നില്ല. ഒരാളും ശിക്ഷിക്കപ്പെടുകയുമില്ല. കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണം. അത് ഒരു ശുദ്ധീകരണത്തിന്റെ തുടക്കമാവണം. പ്രതിഷേധമുള്ളവര് ശരിയായ രീതിയില്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. എങ്കില്‍ മാത്രമേ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രതീക്ഷയ്ക്ക് വകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: