ന്യൂദല്‍ഹി: കോവിഡ് 19 വാക്സിനും ഹൃദയസ്തംഭനം മൂലമുളള മരണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് രണ്ടാഴ്ചയ്ക്കുളളില്‍ അറിയാമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ചുളള ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ പഠന റിപ്പോര്‍ട്ടാണ് പുറത്തുവിടുകയെന്നാണ് വിവരം.
ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബഹലിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുളളത്.
പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ ചില പ്രാഥമിക കണ്ടെത്തലുകളുമായി മുന്നോട്ട് വന്നിട്ടുണ്ടെന്നും വിലയിരുത്തല്‍ പരസ്യമാക്കും മുമ്പ് അവലോകനം നടക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഗവേഷണ പ്രബന്ധം ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ അംഗീകരിച്ചിട്ടുണ്ടെന്നും അതിന്റെ സ്വതന്ത്രമായ വിലയിരുത്തലും കൂട്ടിച്ചേര്‍ത്ത് പുറത്തു വിടുമെന്നുമാണ് അറിയുന്നത്.
യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിന്റെ കാരണം കേന്ദ്രീകരിച്ചായിരുന്നു ആദ്യ പഠനം. പ്രതിരോധ കുത്തുവയ്പ്,നീണ്ടനിന്ന കോവിഡ് ബാധ, രോഗത്തിന്റെ തീവ്രത തുടങ്ങി പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങള് വിലയിരുത്തുന്നതിലാണ് രണ്ടാമത്തെ പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്. വൈറസ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളെ ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ ഒരു വര്‍ഷത്തോളം നിരീക്ഷിച്ചു. 40 ആശുപത്രികളുടെ ക്ലിനിക്കല്‍ രജിസ്ട്രിയില്‍ നിന്നാണ് ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ട്.
മൂന്നാമത്തെ പഠനം ഹൃദയാഘാതമോ മസ്തിഷ്കാഘാതമോ മൂലം പെട്ടെന്ന് മരണമടഞ്ഞ ആളുകളെ കേന്ദ്രീകരിച്ചായിരുന്നു. അതേസമയം നാലാമത്തെ പഠനം ഹൃദയാഘാതം ബാധിച്ച് മരിക്കാത്ത ആളുകളെ കേന്ദ്രീകരിച്ചുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: