ന്യൂദല്‍ഹി :പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്താനിരിക്കെ കുറെ ദിവസങ്ങളായി അവിടെ സന്ദര്‍ശനം നടത്തുകയായിരുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യയിലേക്ക് മടങ്ങുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ രാഹുല്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ മാസം അവസാനമാണ് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ പോയത്. അവിടെ അദ്ദേഹം ഇന്ത്യന്‍ പ്രവാസികള്‍, ബിസിനസുകാര്‍, ടെക് എക്സിക്യൂട്ടീവുകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി സംവദിച്ചു.
അതേസമയം രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനം നിഗൂഢമാണെന്നാണ് ബി ജെ പി പറയുന്നത്. ”ഇന്ത്യന്‍ താല്‍പ്പര്യത്തിന് വിരുദ്ധമായ വിദേശ ഏജന്‍സികളുമായും സംഘടനകളുമായും അദ്ദേഹം നടത്തിയ രഹസ്യ കൂടിക്കാഴ്ചകളെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ഈ സന്ദര്‍ശനങ്ങളുടെ ഉദ്ദേശ്യത്തെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായി ബി ജെ പി ഐ ടി സെല്‍ മേധവി അമിത് മാളവ്യ പറഞ്ഞു.
ഈ മാസം 23ന് ബിഹാറിലെ പാട്നയില്‍ നടക്കുന്ന പ്രതിപക്ഷത്തിന്റെ സുപ്രധാന യോഗത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി ഇന്ത്യയിലേക്ക് മടങ്ങുന്നതെന്നാണ് അറിയുന്നത്. യോഗത്തില്‍ വിവിധ ബിജെപി ഇതര രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ പങ്കെടുക്കും. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിളിച്ച യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പങ്കെടുക്കും.
ഒഡീഷ മുഖ്യമന്ത്രി ബിജു പട്നായിക്കും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും ഒഴികെയുള്ള മിക്കവാറും എല്ലാ പ്രതിപക്ഷ നേതാക്കളും യോഗത്തില്‍ പങ്കെടുത്തേക്കും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് അരവിന്ദ് കെജ്രിവാള്, ഇടത് നേതാക്കള്‍, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ , ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ എന്നിവരും യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രതിപക്ഷ നേതാക്കളില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: