ന്യൂദല്‍ഹി : ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനം ലോകമെമ്പാടും ബുധനാഴ്ച ആഘോഷിക്കും. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടക്കുന്ന യോഗാദിന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ‘യോഗ വസുധൈവ കുടുംബത്തിന്’ എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിനത്തിന്റെ സന്ദേശം.
യോഗയുമായി ബന്ധമില്ലാത്ത ആളുകള്‍ക്ക് യോഗ പരിശീലിക്കുന്നതിനുള്ള മികച്ച അവസരമാണ് ജൂണ്‍ 21 എന്ന് പ്രധാനമന്ത്രി അടുത്തിടെ നടത്തിയ മന് കി ബാത്ത് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
2014ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ നരേന്ദ്ര മോദി ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിന് 177 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. തുടര്‍ന്ന് എല്ലാ രാജ്യങ്ങളിലും അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയും പ്രമേയത്തില്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിച്ചു. 2015 മുതല്‍, അന്താരാഷ്ട്ര യോഗ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നുണ്ട്.
യോഗാഭ്യാസം ശരിയായ രക്തചംക്രമണം നിലനിര്‍ത്തുന്നതിനും ശ്വാസകോശ സംബന്ധമായ തകരാറുകള്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം തുടങ്ങിയ വിവിധ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.പ്രാണായാമം പോലുള്ള യോഗയിലെ ശ്വസന വ്യായാമങ്ങള്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും ഒഴിവാക്കാന്‍ വ്യക്തിയെ സഹായിക്കുന്നു. കോവിഡിന് ശേഷമുള്ള സങ്കീര്‍ണതകളില്‍ നിന്ന് കരകയറാന്‍ ആളുകളെ സഹായിച്ചതിനാല്‍ മഹാമാരി വേളയില്‍ യോഗ വളരെ പ്രയോജനപ്രദമായിരുന്നു.
ഇന്ത്യയുടെ സാംസ്കാരികവും ആത്മീയവുമായ പൈതൃകത്തിന്റെ അവിഭാജ്യ ഘടകമായതിനാല്‍ യോഗ ഇന്ത്യയുടെ അഭിമാനമാണ്. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുള്ള ജ്ഞാനത്തിന്റെ പുരാതന ശാസ്ത്രമാണ് യോഗ.ദൈനംദിന ജീവിതത്തില്‍ ഇത് സ്വീകരിക്കുന്നതിലൂടെ ഒരാള്‍ക്ക് ജീവിതം സുഗമവും ലളിതവുമാക്കാന്‍ കഴിയും.
ലോകമെമ്പാടുമുള്ള യോഗയുടെ വ്യാപനവും പ്രാധാന്യവും മനസ്സിലാക്കി, ടൂറിസ്റ്റ്, ഇ-ടൂറിസ്റ്റ് വിസകള്‍ക്ക് കീഴിലുള്ള അനുവദനീയമായ പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ ഗവണ്മെന്റ് ‘ഒരു ഹ്രസ്വകാല യോഗ പരിപാടിയില്‍ പങ്കെടുക്കുക’ എന്നത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ നാളെ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ 15 മുതല്‍ യോഗ വാരം ആചരിച്ചുവരികയാണ്.
വാരാണസിയിലെ പ്രശസ്തമായ കാശി വിശ്വനാഥ് ഇടനാഴിയുടെ പരിസരത്താണ് പ്രധാന യോഗ ചടങ്ങ് നടക്കുന്നത്, അവിടെ 1000-ത്തിലധികം ആളുകള്‍ യോഗ പരിപാടിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: