ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റ് കാട്ടി അഡ്മിഷന് തേടിയ വിഷയത്തില്‍ സിപിഎം കുരുക്കിലേക്ക്. നിഖിലിന് പ്രവേശനം നല്കാന് വേണ്ടി ശുപാര്‍ശ ചെയ്തത് ഉന്നത സിപിഎം നേതാണെന്ന് കായംകുളം എംഎസ്എം കോളജ് മാനേജര്‍ ഹിലാല്‍ ബാബു വെളിപ്പെടുത്തി. പേര് പറഞ്ഞാല്‍ അയാളെ വ്യക്തിപരമായി ബാധിക്കുമെന്നതിനാല്‍ നേതാവിന്റെ പേര് പറയാന്‍ കഴിയില്ലെന്നും അധ്യാപകര്‍ക്കു വീഴ്ചയുണ്ടായോയെന്ന് പരിശോധിച്ചു പറയാമെന്നും ഹിലാല്‍ ബാബു പറഞ്ഞു.
എംഎസ്എം കോളേജ് മുന്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ തോമസിന് പ്രവേശനം നല്കുന്നതില് മാനേജര്‍ക്ക് വീഴ്ച പറ്റിയെന്ന് കോളേജ് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഷേക് പി.ഹാരിസ് പ്രതികരിച്ചിരുന്നു. രേഖകള്‍ പരിശോധിച്ച് വിലയിരുത്തേണ്ട ഉത്തരവാദിത്തം മാനേജര്‍ക്കും പ്രിന്‍സിപ്പലിനുമാണെന്നും, ഏത് രാഷ്ട്രീയ നേതാവാണ് ശുപാര്‍ശ ചെയ്തെന്ന് വ്യക്തമാക്കേണ്ടത് മാനേജറാണെന്നും ഷേക്ക് പി.ഹാരിസ് പറഞ്ഞു. യഥാര്‍ഥ ഡിഗ്രി ആവശ്യപ്പെട്ടപ്പോള്‍ നിഖില്‍ പാര്‍ട്ടിക്ക് കൈമാറിയത് നിഖിലിന്റെ കലിംഗ ഡിഗ്രി തതുല്യ യോഗ്യതയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍വകലാശാലയുടെ ഒരു കത്താണ്. യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് സര്‍വ്വകലാശാലയുടെ പക്കലാണെന്നായിരുന്നു ന്യായീകരണം. ഈ കത്ത് നിഖിലിന് എങ്ങിനെ ലഭിച്ചു എന്നതിനെക്കുറിച്ചും വിശദമായി അന്വേഷിക്കാനാണ് പാര്‍ട്ടി തീരുമാനം.
നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളജില്‍ എംകോമിനു ചേര്‍ന്നത് ബികോം ജയിക്കാതെയെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സര്‍വകലാശാലാ രേഖകള്‍ വ്യാജമാണെന്നു കേരള സര്‍വകലാശാല വൈസ് ചാന്‍സലറും കലിംഗ സര്‍വകലാശാല റജിസ്ട്രാറും എംഎസ്എം കോളജ് പ്രിന്‍സിപ്പലും സ്ഥിരീകരിച്ചിരുന്നു. നിഖിലിനെ കോളജില്‍നിന്നു സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അതേസമയം, നിഖില്‍ തോമസിനെതിരെ പരാതി നല്കാന് നടപടി തുടങ്ങി കലിംഗ സര്‍വകലാശാല. നിഖിലിന്റെ വിലാസം അടക്കം രേഖകള്‍ സര്‍വകലാശാല ലീഗല്‍ സെല്‍ ശേഖരിച്ചിട്ടുണ്ട്. കേരളത്തില്‍ നേരിട്ടോ അല്ലാതെയോ പഠന കേന്ദ്രം ഇല്ലെന്നും സര്‍വകലാശാല വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: