പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓരോ യുഎസ് സന്ദര്‍ശനങ്ങളും ചരിത്രവിജയങ്ങളായി മാറിയവയാണ്. എന്നാല്‍ നാളെ മുതല്‍ ആരംഭിക്കുന്ന മോദിയുടെ ആറാം അമേരിക്കന്‍ സന്ദര്‍ശനം പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നുറപ്പ്. യുഎസ് പ്രസിഡന്റിന്റെയും യുഎസ് കോണ്‍ഗ്രസിന്റെയും ഔദ്യോഗിക ക്ഷണപ്രകാരമുള്ള മോദിയുടെ ആദ്യ സ്റ്റേറ്റ് വിസിറ്റ് ആണിത്. ദുരാരോപണങ്ങള്‍ നിരത്തി ഒരിക്കല്‍ വിസ നിഷേധിച്ച രാജ്യം അവരുടെ ഔദ്യോഗിക അതിഥിയായി നരേന്ദ്രമോദിയെ ക്ഷണിച്ചിരിക്കുന്നു. യുഎസ് ഭരണകൂടവും ജനപ്രതിനിധിസഭാംഗങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വിഡിയോ സന്ദേശങ്ങളയച്ച് പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തതും ഇത്തവണത്തെ പ്രത്യേകതയായി.
ഇന്ത്യ-യുഎസ് ബന്ധത്തിലെ നിര്‍ണ്ണായക നാഴികക്കല്ലായി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം മാറുമെന്നാണ് കേന്ദ്രവിദേശകാര്യസെക്രട്ടറി വിനയ് മോഹന്‍ ക്വത്ര ഇന്നലെ ദല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. മോദിയുടെ സ്റ്റേറ്റ് വിസിറ്റിന് മുന്നോടിയായി കഴിഞ്ഞമാസം ദല്‍ഹിയില്‍ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എന്നിവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ഗാഢമായി മാറുകയാണെന്ന സൂചനകളാണ് ഇതു നല്‍കിയത്. മോദിയുടെ സന്ദര്‍ശനത്തോടെ യുഎസ്-ഇന്ത്യ ബന്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കും. പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകരണം സന്ദര്‍ശന വേളയില്‍ പ്രഖ്യാപിക്കും. വ്യാപാര, വാണിജ്യ മേഖലയിലും ഇരു രാജ്യങ്ങളും കൂടുതല്‍ അടുക്കുകയാണ്. പ്രതിരോധ മേഖലയില്‍ ഇരുരാജ്യങ്ങളും ചേര്‍ന്നുള്ള ഉല്‍പ്പാദനവും വികസനവും ചര്‍ച്ചകളുടെ ഭാഗമാണെന്ന വിവരമാണ് വിദേശകാര്യ സെക്രട്ടറി ഇന്നലെ പങ്കുവെച്ചത്. ഇതിന് പുറമേ നാസയുടെ ചന്ദ്രദൗത്യമായ ലൂണാറിലേക്ക് ഇന്ത്യയുടെ സഹകരണവും നാസ തേടുന്നുണ്ട്. ബഹിരാകാശ മേഖലയില്‍ ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുന്ന കരാറിലൊന്ന് ലൂണാര്‍ മിഷന് സഹകരണമാണെന്നാണ് സൂചന. 2025ല്‍ മനുഷ്യന് ചന്ദ്രനിലെത്തി മടങ്ങുന്നതാണ് ദൗത്യം.
അന്താരാഷ്ട്ര യോഗാ ദിനമായ 21ന് രാവിലെ ഐക്യരാഷ്ട്രസഭയിലെ യോഗ പരിപാടികള്‍ക്ക് നരേന്ദ്രമോദി നേതൃത്വം നല്‍കുന്നുണ്ട്. 2014ലാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള ജനത യോഗ ദിനാചരണം നടത്തുന്ന നാളെ മോദി തന്നെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് യോഗാഭ്യാസങ്ങള്‍ക്ക് നേതൃത്വം നല്കുന്നുവെന്നത് ആവേശകരമാണ്.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജില് ബൈഡന്റെയും ക്ഷണപ്രകാരമെത്തുന്ന മോദിക്ക് ആചാരപരമായ സ്വീകരണമാണ് യുഎസ് ഭരണകൂടം ഒരുക്കുന്നത്. യുഎസ് തലസ്ഥാനമായ വാഷിങ്ടണിലെത്തുന്ന പ്രധാനമന്ത്രി 22ന് വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസിലും ആചാരപരമായ സ്വീകരണമുണ്ട്. മോദിക്കായി ജോ ബൈഡനും ജില് ബൈഡനും സ്റ്റേറ്റ് ഡിന്നര്‍ സംഘടിപ്പിച്ചിട്ടുണ്ട്. 22ന് വാഷിങ്ടണ്‍ ഡിസിയിലെ ക്യാപിറ്റോള്‍ ഹില്ലില്‍ യുഎസ് കോണ്‍ഗ്രസിനെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യും. യുഎസ് കോണ്‍ഗ്രസ് സ്പീക്കര്‍ കെവിന് മക്കാര്‍ത്തി, സെനറ്റ് സ്പീക്കര്‍ ചാള്‍സ് ഷുമര്‍ എന്നീ യുഎസ് കോണ്‍ഗ്രസ് നേതാക്കളുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്. 2016ലും മോദി യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തിട്ടുണ്ട്.
ജൂണ്‍ 23ന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തും. യുഎസിലെ പ്രമുഖ സിഇഒമാര്‍, പ്രൊഫഷണലുകള്‍, മറ്റ് ബിസിനസുകാരുമായി പ്രധാനമന്ത്രി സംവാദങ്ങള്‍ നടത്തും. 23ന് വൈകിട്ട് 7 മുതല്‍ 9 മണി വരെ വാഷിങ്ടണ്‍ ഡിസിയിലെ റൊണാള്‍ഡ് റീഗണ് ബില്‍ഡിംഗില്‍ ഇന്ത്യന്‍ സമൂഹവുമായും മോദി കൂടിക്കാഴ്ചകള്‍ നടത്തും. ‘ഇന്ത്യയുടെ വളര്‍ച്ചയുടെ കഥ’ പറയാനാണ് മോദി തയ്യാറെടുക്കുന്നത്. പ്രശസ്ത ഗായികയായ മേരി മില്‍ബെന്നിന്റെ സംഗീത പരിപാടിയും ഇതോടൊപ്പം നടത്തും. യുഎസ് ഇന്ത്യന്‍ കമ്യൂണിറ്റി ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ജനപിന്തുണയുള്ള പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും അദ്ദേഹം ആഗോള നേതാവാണെന്നും ഫൗണ്ടേഷന് നേതാവ് ഡോ. ഭാരത് ബരായ് പറയുന്നു. യുഎസിന്റെ ഔദ്യോഗിക അതിഥിയായി എത്തുന്നതിനാല്‍ മറ്റു പരിപാടികള്‍ക്ക് സമയം നിശ്ചയിക്കാനാവാതെ വന്നിരുന്നു. എന്നാല്‍ രണ്ടു മണിക്കൂര്‍ കണ്ടെത്തിയാണ് മോദി ഇന്ത്യന്‍ സമൂഹത്തിനൊപ്പം എത്തുന്നത്. അതിനാല്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ട ആയിരം പേര്‍ക്ക് മാത്രമാണ് പ്രവേശനം.
ഇന്ത്യാ-യുഎസ് ബന്ധത്തില്‍ പുതിയ ചക്രവാളം കീഴടക്കാനുള്ള പ്രേരകശക്തിയായി മോദിയുടെ സന്ദര്‍ശനം മാറുമെന്നാണ് യുഎസ് നേതാക്കള്‍ നടത്തിയ പ്രസ്താവന. പ്രതിരോധ-വ്യാവസായിക സഹകരണത്തില്‍ പുതിയ നാഴികക്കല്ല് സൃഷ്ടിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാല ബന്ധത്തിന് തുടക്കമാവുകയാണെന്നും യുഎസിലെ ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്‍സും ഒരേപോലെ പ്രതികരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുഎസിലേക്ക് സ്വാഗതം ചെയ്ത് നിരവധി പ്രമുഖരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ പോസ്റ്റുകളിട്ടത്. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടക്കുന്ന യോഗാദിനാചരണ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിലുള്ള സന്തോഷം യുഎന്‍ പൊതുസഭ പ്രസിഡന്റ് സിസബ കൊറോസി തന്നെ പങ്കുവെച്ചപ്പോള്‍ പ്രശസ്ത ഗായിക മേരി മില്‍ബെന്‍ അടക്കം പങ്കെടുക്കുന്ന വലിയ പരിപാടിയായി യുഎന്‍ ആസ്ഥാനത്തെ യോഗാദിനാചരണം മാറുകയാണ്.
ലോകത്തിലെ ഏറ്റവും സുപ്രധാനമായ രാഷ്ട്രങ്ങളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞതായും മോദിയെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഡമോക്രാറ്റിക് സെനറ്റര്‍ മാര്‍ക്ക് വാര്‍ണര്‍ പറഞ്ഞു. മോദിയുടെ പ്രസംഗത്തിനായി കാത്തിരിക്കുന്നതായി യുഎസ് പ്രതിനിധിസഭാംഗം മൈക്ക് ലോലര്‍ പറഞ്ഞു. ആഗോള സമാധാനത്തിനും പുരോഗതിക്കും ഇരുരാജ്യങ്ങളും ബന്ധം ശക്തമാക്കേണ്ടതുണ്ടെന്നും ലോലര്‍ പറഞ്ഞു. മോദിയുടെ സന്ദര്‍ശനം യുഎസ് കോണ്‍ഗ്രസിനുള്ള അംഗീകാരമാണെന്നായിരുന്നു സെനറ്റര്‍ സിന്‍ഡി ഹൈഡ് സ്മിത്തിന്റെ പ്രതികരണം. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കാത്തിരിക്കുകയാണ് യുഎസ് എന്ന് ഒഹിയോ സെനറ്റര്‍ ഷെറോഡ് ബ്രോ പ്രതികരിച്ചു. എല്ലാ മിസോറിക്കാര്‍ക്കും വേണ്ടി മോദിയെ സ്വാഗതം ചെയ്യുന്നതായി മിസോറി ഗവര്‍ണ്ണര്‍ മൈക്ക് പാര്‍സണ്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്. രണ്ടു ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ മോദിയുടെ സന്ദര്‍ശനം സഹായിക്കുമെന്ന് കോണ്‍ഗ്രസ് പ്രതിനിധി ബില്‍ പോസിയും പറയുന്നു. ഇത്തരത്തില്‍ പതിവില്ലാത്ത കാഴ്ചകളാണ് യുഎസ് നേതൃത്വത്തില്‍ നിന്നും മോദിയുടെ സന്ദര്‍ശന വേളയില്‍ ഉണ്ടാവുന്നത് എന്നത് ഏറെ ശ്രദ്ധേയമായി.
യുഎസ് സന്ദര്‍ശന ശേഷം ഈജിപ്തിലെ കെയ്റോയിലേക്ക് പോകുന്ന പ്രധാനമന്ത്രി ബോറ സമുദായം പുനര്‍നിര്‍മ്മിച്ച അല്‍ ഹക്കീമി പള്ളിയും സന്ദര്‍ശിക്കുന്നുണ്ട്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താ എല്‍ സിസിയുടെ ക്ഷണപ്രകാരമാണ് കെയ്റോ സന്ദര്‍ശനം. അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിലെ ഇന്ത്യയുടെ അതിഥിയാണ് ഈജിപ്ഷ്യന്‍ പ്രസിഡന്റ്. പ്രധാനമന്ത്രിയായതിന് ശേഷമുള്ള മോദിയുടെ ആദ്യ ഈജിപ്ത് സന്ദര്‍ശനത്തില്‍ മോദി എല്‍സിസിയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. കെയ്റോയിലും മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: