ദാശൂരോപാഖ്യാനം
ദാശരഥേ! ആശാപാശവിധായകമായി പ്രയോജനം ചിന്തിക്കുകില്‍ ഒന്നുമില്ലാത്തതായി അന്തംവെടിഞ്ഞൊരീ സംസാരമൊക്കെയും എന്നു നീ ധരിച്ചുകൊള്ളുക. ആലിന്റെ വിത്ത് നല്ലലൊരാലിനെ ഉള്ളില്‍ ധരിച്ചീടുന്നതായി, സദാ ചിന്തയാകുന്ന അഗ്നിശിഖയാല് കത്തിയതായി, ക്രോധമാകുന്ന പെരുമ്പാമ്പിനാല്‍ ചവച്ചരയ്ക്കപ്പെട്ട്, കാമാബ്ധിയിലെ തിരമാലയാല്‍ കൊല്ലപ്പെട്ടതായി, ആത്മപിതാമഹന് തന്നെ മറന്നതായി, നിത്യവും കഷ്ടപ്പെടുന്ന മനസ്സിനെ, പിടിയാനയെ ചേറ്റില്നിന്നെന്നപോലെ നല്ലവണ്ണം പിടിച്ചു കരേറ്റുവാന്‍ അത്യന്തം പരിശ്രമിക്കണം. ഘോരമായ ജരാമരണാദി വിഷാഗ്നിയേറ്റ് ഏറെ മൂര്ച്ഛിച്ചുകിടക്കുന്നതായ പുണ്യപാപങ്ങള്‍
പീഡിക്കകൊണ്ട് നല്ലവണ്ണം വലഞ്ഞ തന്റെ മനസ്സിനെ കാരുണ്യമോടു കരേറ്റാത്തവന്‍ നരാകാരമാര്ന്നുള്ള രാക്ഷസനാകുന്നു. ഈവിധം സംസാരഭാവനയോടു ചില്ഭാവമായ ജീവജാലം ഇന്ദീവരദളലോചന! നിര്ത്ധരം (പൊയ്ക) തന്നില്‍നിന്ന് ജലൗഘം കണക്ക് മായാസഹിതമാം ബ്രഹ്മത്തില്‍നിന്നു ഉളവായി വരുന്നതിന് അറ്റമൊട്ടുമില്ല. പണ്ട് ഉളവായിനിന്ന് ഒരു സംഖ്യയും ഇല്ല, ഇപ്പോഴുമിങ്ങനെ ഉണ്ടായിവരുന്നതുമുണ്ട്. മേലാലുണ്ടായിവരുമെന്നും അറിഞ്ഞീടുക.
ചാരുബുദ്ധേ! ചിലര്‍ക്ക് ആദ്യത്തെ ജന്മമാകും. ചിലര്‍ക്ക് നൂറില്പ്പരമായിരിക്കും, ചിലര്‍ ജന്മമസംഖ്യമെടുത്തിരിക്കും, ചിലര്‍ രണ്ടോമൂന്നോ മാത്രം. കിന്നര, ഗന്ധര്‍വ്വ, വിദ്യാധരര്‍, ചില മഹോരഗന്മാര്, സൂര്യചന്ദ്രന്മാര്, കാലന്, ഗംഗാധരന്, മാധവന്, ബ്രഹ്മാവ്, രാജാക്കന്മാര്, ക്ഷത്രിയര്‍, ശൂദ്രര്‍ എന്നീ ചിലര്‍, ചിലര്‍ പുണ്യൗഷധികളുടെ ഇലകള്‍, ഫലങ്ങള്‍, കിഴങ്ങുകള്‍, പന, പച്ചിലമരം, ചെറുനാരകം, സാലവൃക്ഷങ്ങളായും ചിലര്‍ നില്ക്കുന്നു. ചാരം, തൈര്, നെയ്യ്, പാല്, കരിമ്പിന്നീര്, തേന്‍, ശുദ്ധജലം, സമുദ്രം എന്നിവയായിരിക്കുന്നു ചിലരെന്നു നീ ധരിക്കുക. ചിലര്‍ ദിക്കുകളായിരിക്കുന്നു. ചിലര്‍ പേരുകേട്ട നദികളായീടുന്നു. അടികൊണ്ട പന്തെന്നപോല് മരണത്താല്‍ അപഹരിക്കപ്പെട്ടവരായി സദാകാലം ഉന്നതിനേടുന്നു, ചിലര്‍ കീഴ്പ്പോട്ടു വീഴുന്നു. വിവേകമില്ലായ്കയാല്‍ പല ജന്മമെടുത്തു ചിലര്‍ കുഴങ്ങുന്നു. പിന്നെയും സംസാരസാഗരത്തില്‍ ബുദ്ധിയില്ലാത്തവരുടെ മോഹത്താല്‍ മൂന്നുലോകത്തെയും ഈ മായ സൃഷ്ടിക്കുന്നു. പരന്നതായ തിരമാല സമുദ്രത്തിലെന്നപോലെ സദാ പരമപദത്തതിലുണ്ടായിവന്നു വളര്‍ന്നു വൃഥാ നശിക്കുന്നു. ഇങ്ങനെ സദ്ഗുരു പറഞ്ഞ വാക്യങ്ങള്‍ കേട്ടുരാമന് ചോദിച്ചു-‘സദ്ഗുരോ! ജീവന് മനഃപദമാര്ന്നിട്ട് ഉന്നതമായ വിരിഞ്ചപദം കൈക്കൊണ്ടതെങ്ങനെ?’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: