തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല എസ് എഫ് ഐ തകര്‍ത്തെറിയുകയാണെന്ന് കെ എസ് യു. ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കോളേജുകളില്‍ വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്നും സംഘടന അറിയിച്ചു.
നിഖില്‍ തോമസിന്റെയടക്കം വിഷയം ചൂണ്ടികാട്ടിയാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. വ്യാജന്മാരുടെ കൂടാരമായി എസ് എഫ് ഐ മാറിയെന്ന് കെ എസ് യു നേതാക്കള്‍ കുറ്റപ്പെടുത്തി. ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ മൗനം വെടിയണമെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.
നിഖില്‍ വിഷയത്തില്‍ കേരള സര്‍വകലാശാലയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു പ്രതികരിച്ചു.
കായംകുളം എം എസ് എം കോളേജില്‍ എം കോം പ്രവേശനത്തിന് കലിംഗ സര്‍വകലാശാലയില്‍ നിന്ന് ബികോം ജയിച്ച സര്‍ട്ടിഫിക്കറ്റാണ് എസ് എഫ് ഐ നേതാവ് നിഖില്‍ ഹാജരാക്കിയത്. എന്നാല്‍ കലിംഗ സര്‍വകലാശാലയില്‍ ഇയാള്‍ പഠിച്ചിട്ടില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചു. നേരത്തേ ബികോമിന് നിഖില്‍ തോമസ് കായംകുളം എം എസ് എം കോളേജില്‍ പഠിച്ച് പരീക്ഷയില്‍ പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷം ഒരു വര്‍ഷത്തിന് ശേഷം കലിംഗയില്‍ നിന്ന് ബികോം റഗുലര്‍ കോഴ്സ് പഠിച്ച് ജയിച്ചെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതാണ് നിഖിലിനെതിരെ പരാതി ഉയരാനും കുടുങ്ങാനും കാരണമായത്. ഒരേ സമയം രണ്ട് സര്‍വകലാശാലകളില്‍ എങ്ങനെ റഗുലര്‍ കോഴ്സ് ചെയ്യാനാകുമെന്ന ചോദ്യം ഉയര്‍ന്നതോടെ ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: