ലോകമെങ്ങുമുള്ള മനുഷ്യരെ വിലപ്പെട്ട പാഠങ്ങള്‍ പഠിപ്പിച്ചത് വായനയാണ്, അവര്‍ വായിച്ചു തീര്‍ത്ത, വായിച്ചു കൊണ്ടേയിരിക്കുന്ന അക്ഷരങ്ങളാണ്. പുസ്തകങ്ങളാണ്. ഏറ്റവും നിശബ്ദമായി, എന്നാല്‍ ഏറ്റവും ശക്തമായി മനുഷ്യരാശിയെ സ്വാധീനിക്കാന്‍ വായനയോളം, പുസ്തകങ്ങളോളം മറ്റൊന്നിനും കഴിഞ്ഞിട്ടില്ല. ജനകോടികള്‍ വായിച്ച മതഗ്രന്ഥങ്ങള്‍ മുതല്‍ ഓരോ വാക്കിലും അര്‍ത്ഥം പറഞ്ഞു തരുന്ന നിഘണ്ടുക്കള്‍ വരെ മനുഷ്യനില്‍ വിപ്ലവം സൃഷ്ടിച്ചു. വായിക്കാനറിയാത്ത മനുഷ്യര്‍ അപരിഷ്കൃതരായി. പുസ്തകങ്ങള്‍ ഗുരുക്കന്മാരായി. വായന അവനെ വിലപ്പെട്ട പാഠങ്ങള്‍ പഠിപ്പിച്ചു. വായന മനുഷ്യനെ കൈപിടിച്ചു നടത്തി. പുസ്തകങ്ങള്‍ പടനായകരായി, അവര്‍ മനുഷ്യനെ ആയുധമണിയിച്ചു. അറിവു നല്കി. മനുഷ്യര്‍ ശാസ്ത്രജ്ഞരും കൃഷിക്കാരും കച്ചവടക്കാരും തത്വചിന്തകരുമെല്ലാമായി…വായന നല്കിയ നേട്ടങ്ങള്‍ എത്രയേറെ.
വായിക്കാനറിയാത്ത സമൂഹത്തെക്കുറിച്ചു ചിന്തിച്ചു നോക്കൂ. വര്‍ത്തമാന പത്രങ്ങള്‍, പുസ്തകങ്ങള്‍ ഒന്നും അവര്‍ വായിക്കുന്നില്ല! അങ്ങനെയായിരുന്നെങ്കില്‍ ലോകം ഇങ്ങനെയൊന്നും മാറുകയേ ഇല്ലായിരുന്നു. മനുഷ്യ സംസ്കാരത്തിന്റെ ഈടുവയ്പ്പുകളായാണ് മഹാഗ്രന്ഥങ്ങളെ അറിയപ്പെടുന്നത്. അവ രചിക്കപ്പെട്ട കാലത്തിനും ലോകത്തിനും ഭാഷയ്ക്കും അതീതമായി ലോകമെങ്ങുമുള്ള മനു ഷ്യരെ വ്യത്യസ്ത തലങ്ങളിള്‍ അതു സ്വാധീനിച്ചുകൊണ്ടേയിരിക്കുന്നതിന് പ്രധാന കാരണം വായന തന്നെയാണ്. അമേരിക്കന്‍ എഴുത്തുകാരനും നോവലിസ്റ്റുമായ ജോര്‍ജ് ആര്. ആര്. മാര്‍ട്ടിന്റെ പ്രശസ്തമായ വാചകമുണ്ട്, ”ഒരു വായനക്കാരന് മരിക്കുന്നതിനു മുമ്പ് ആയിരം തവണ ജീവിക്കുന്നു, ഒരിക്കലും വായിക്കാത്ത മനുഷ്യന് ജീവിക്കുന്നതാകട്ടെ ഒരു തവണ മാത്രം”.
ചില പുസ്തകങ്ങള്‍ മനുഷ്യ ചരിത്രത്തിന്റെ ഭൂതകാലത്തെ വെട്ടിത്തിരുത്തും. മറ്റുചിലത് നമ്മുടെ വര്‍ത്തമാനകാല ജീവിതത്തിന്റെ ഉള്ളുലയ്ക്കുന്നതാകും. ചില മഹാ പുസ്തകങ്ങള്‍ മനുഷ്യ കുലത്തിന്റെ തന്നെ ഭാവിയെ നിശ്ചയിക്കുന്നതായി മാറും. നമ്മുടെ ഭാഷയിലും അങ്ങനെ നിരവധിയായ പുസ്തകങ്ങളുണ്ട്. എഴുതിയത് മനസ്സിലാക്കാനുള്ള വെറും ഉപാധിമാത്രമായി ഭാഷ മാറുമ്പോള്‍ ലോകം മുഴുവന്‍ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാകുകയാണ് വായന. ഏതു ലോകത്തും എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്ല വായനക്കാരെ സൃഷ്ടിക്കുകയാണെന്ന് കവി എന്‍.വി. കൃഷ്ണവാര്യര്‍ പറഞ്ഞിട്ടുണ്ട്. നല്ല വായനക്കാരന് നന്നായി ചിന്തിക്കുന്നു, നന്നായി പെരുമാറുന്നു, നന്നായി മനസ്സിലാക്കുന്നു. തിരിച്ചറിവുകളുള്ളവരുടെ ലോകത്ത് പ്രശ്നങ്ങളൊട്ടുമുണ്ടാകില്ല. ശാന്തതയാകും സഹജഭാവം.
എന്നാല്‍ തെറ്റിനെ ചെറുക്കാനും അതിനെ ചോദ്യം ചെയ്യാനുമുള്ള കഴിവ് ഇല്ലാതാകുന്നുമില്ല. ആ കഴിവ് വായനകൊണ്ട് വര്‍ദ്ധിക്കുകയേ ഉള്ളൂ. അതിനാലാണ് സാക്ഷരതാ പ്രസ്ഥാനക്കാലത്ത് കേരളത്തിലങ്ങോളമിങ്ങോളം സാക്ഷരതാ പ്രവര്‍ത്തകര്‍ പാടി നടന്നത്, ‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കൈയിലെടുത്തോളൂ…പുത്തനൊരായുധമാണ് നിനക്കത് പുസ്തകം കൈയിലെടുത്തോളൂ….’ എന്ന്. ജര്‍മന്‍ നാടകരചയിതാവ് ബഹ്തിന്റെ ‘അമ്മ’ നാടകത്തിന് മുല്ലനേഴി നീലകണ്ഠന്‍നമ്പൂതിരി നടത്തിയ മൊഴിമാറ്റമായിരുന്നു അത്. ആ വാക്കുകള്‍ വലിയ കരുത്താണ് കേരളത്തിലെ സാക്ഷരതാ, ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് നല്‍കിയത്. കേരളത്തില്‍ വായിക്കാന്‍ നല്ല പുസ്തകങ്ങള്‍ ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു. എല്ലാത്തിനും ക്ഷാമമുണ്ടായ കാലത്ത് നല്ല വാക്കിനും നല്ല എഴുത്തിനും ക്ഷാമമായി. കുട്ടിക്കാലത്ത് പുസ്തകം വായിക്കാനലഞ്ഞ് നടന്നതിനിടെയുണ്ടായ തിക്താനുഭവം മനസില്‍ മുറിപ്പാടുണ്ടാക്കിയത് പലരും കുറിച്ചത് വായിക്കാനായിട്ടുണ്ട്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് എംടിക്കുമുണ്ടായിരുന്നു അത്തരമൊരു കാലം. ചങ്ങമ്പുഴയുടെ രമണന് വായിക്കാന്‍ ആര്‍ത്തിയോടെ നടന്ന കാലത്തെ കുറിച്ച് എംടി തന്നെ എഴുതിയിട്ടുണ്ട്, ‘രമണീയം ഒരു കാല’ത്തില്‍.
”രമണതരംഗം വൈകിയിട്ടാണെങ്കിലും എന്റെ ഗ്രാമത്തിലേക്കും എത്തുന്നു. അച്ചടിച്ചു തീരുമ്പോഴേക്കും വിറ്റുപോകുന്നതിനാല്‍ പുസ്തകമന്വേഷിച്ച് തൃശ്ശൂരിലേക്ക് തീര്‍ഥയാത്രപോയ ജ്യേഷ്ഠന് വെറുംകൈയോടെ വന്നു. അപ്പോള്‍ ആരോപറഞ്ഞു, പന്നിയൂരൊരു വീട്ടില്‍ രമണന്റെ കയ്യെഴുത്തുപ്രതിയുണ്ട്. ഉടനെ പന്നിയൂര്‍ക്ക്…വായിച്ചിട്ട് പിറ്റേന്ന് കൊടുക്കാമെന്ന വാക്കിന്മേലാണത്രെ അതു കിട്ടിയത്. കൊച്ചുണ്ണിയേട്ടനും ഓപ്പുവും ഇരുന്ന് അതു പകര്‍ത്താന്‍ തുടങ്ങി. ഒരാള്‍ കുറേ എഴുതുമ്പോള്‍ മറ്റേയാള്‍ ഏറ്റെടുക്കും. പകുതിപകലും രാത്രിയുമാണുള്ളത്. പത്തുവയസ്സുകാരനായ ഞാന്‍ സഹായിക്കാന്‍ സന്നദ്ധനായി അടുത്തുകൂടി. ഒരു പുസ്തകം, ഒരു കവിതാപുസ്തകം പകര്‍ത്തിയെഴുതല്‍ അവിടെ പത്തായപ്പുരയുടെ മുകളില്‍ ഒരു യജ്ഞമായി മാറിയിരിക്കുന്നു…..മാറിമാറി എഴുതി പി റ്റേന്ന് ഉച്ചതിരിഞ്ഞപ്പോഴേക്കും പകര്‍ത്തി അവസാനിപ്പിച്ചു. കടംവാങ്ങിയ കയ്യെഴുത്തു പ്രതി തിരിച്ചേല്‍പ്പിച്ചു…”
അക്ഷരാര്‍ഥത്തില്‍ അതൊരു യജ്ഞമായിരുന്നു. ഭാഷാസാഹിത്യത്തില്‍ രമണന് എന്ന കാവ്യം സൃഷ്ടിച്ചതുപോലൊരു തരംഗം പിന്നീട് ഉണ്ടായിട്ടില്ല. എങ്ങനെയും കൃതി വായിക്കാനുള്ള വെമ്പലായിരുന്നു എല്ലാവര്ക്കും. അച്ചടിക്കുന്നതപ്പോള്‍ തന്നെ വിറ്റുതീരും. പുതിയത് അച്ചടിച്ചു പുറത്തുവരുന്നതിനായി കാത്തിരിക്കുന്ന വായനക്കാര്‍. അച്ചടിച്ചതു തേടിനടന്ന് നിരാശരായവര്‍ പലരും പുസ്തകം പകര്‍ത്തിയെഴുതി സൂക്ഷിക്കാന്‍ തുടങ്ങി. എങ്ങനെയും രമണന് സ്വന്തമാക്കുകയെന്നതായിരുന്നു ലക്ഷ്യം. രമണീയമായ ആ മഹാകാലത്തെക്കുറിച്ചാണ് എംടി എഴുതിയത്. രമണീയമായ അക്കാലം വായനയുടെ ഉത്സവകാലമായിരുന്നു. വായനയെ ആഘോഷമാക്കിയ കാലം.
രമണന് വരുന്നതിനും മുന്നേതന്നെ വായനയെന്ന മഹാപ്രസ്ഥാനം മലയാളത്തില്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. കൃത്യമായി പറഞ്ഞാല്‍ ചങ്ങമ്പുഴയുടെ രമണനെത്തുന്നതിനും പത്തുകൊല്ലം മുന്നേ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് കേരളത്തില്‍ തുടക്കം കുറിച്ചു. വായനയുടെ മഹത്വം തിരിച്ചറിഞ്ഞ ഒരു മഹാമനുഷ്യന്, പി.എന്‍.പണിക്കര്‍, പുസ്തകങ്ങള്‍ വീടുകള്‍ തോറും കയറിയിറങ്ങി വായനക്കാരന്റെ മുന്നിലെത്തിച്ചാണ് അതിനു നാന്ദി കുറിച്ചത്. വായന ഒരു സംസ്കാരമാണെന്നും വായിച്ചു വളരണമെന്നും മലയാളിയെ പഠിപ്പിച്ചത് പി.എന്‍. പണിക്കരായിരുന്നു. അദ്ദേഹം മുന്‍കയ്യെടുത്ത് 1926ല്‍ നീലംപേരൂരില്‍ സനാതനധര്‍മ വായനശാല സ്ഥാപിച്ചു. ഇന്ന് വായനാദിനമാചരിക്കുമ്പോള്‍ അത് പി. എന്‍. പണിക്കര്‍ക്കുള്ള ആദരവുകൂടിയാണ്. അദ്ദേഹത്തിന്റെ ചരമദിനമാണിന്ന്. കേരളം മുഴുവന്‍ യാത്രചെയ്ത് വായനയുടെ വിലയറിയിച്ച പണിക്കര്‍ വായിക്കാനുള്ള സാഹചര്യവും സൃഷ്ടിച്ചു. കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ ഗ്രന്ഥശാലകള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു അത്. മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയായി കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനം തഴച്ചുവളര്‍ന്നത് പി.എന്‍. പണിക്കരുടെ ശ്രമഫലമായാണ്.
1945ല്‍ പണിക്കര്‍ മുന്‍കൈയെടുത്ത് അമ്പലപ്പുഴയില്‍ പി.കെ. മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ തിരുവതാംകൂര്‍ സ്റ്റേറ്റ് ഗ്രന്ഥശാലാസംഘം രൂപീകരണയോഗം വിളിച്ചു ചേര്‍ത്തു. ഈ സംഘത്തിന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുകയും 1946 മുതല്‍ പ്രവര്‍ത്തനഗ്രാന്റ് അനുവദിക്കുകയും ചെയ്തു. 1977ല്‍ കേരള ഗ്രന്ഥശാലാസംഘം നിയമം വന്നതോടെയാണ് ലൈബ്രറി കൗണ്‍സില്‍ സര്‍ക്കാര്‍സംവിധാനത്തിന്റെ ഭാഗമായി മാറുന്നത്. 1978 ഒക്ടോബര്‍ 2ന് മഞ്ചേശ്വരത്തുനിന്നും പണിക്കരുടെ നേതൃത്വത്തില്‍ ആരംഭിച്ച സാക്ഷരതാപ്രചാരണ ജാഥ മലയാളികള്‍ക്ക് പുതിയ അനുഭവമായിരുന്നു. നാട്ടിലെമ്പാടും വായനശാലകള്‍ സ്ഥാപിക്കാന്‍ കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കി. ആദ്യഘട്ടത്തില്‍ അദ്ദേഹം പുസ്തകങ്ങളുമായി വായനക്കാരന്റെ മുന്നിലേക്കെത്തി. ആവശ്യക്കാരന് പുസ്തകങ്ങള്‍ എത്തിച്ചു നല്കി. പിന്നീടാണ് വായനക്കാര്‍ പുസ്തകങ്ങള്‍ തേടിവരാനുള്ള സാഹചര്യമൊരുക്കിയത്. വായിക്കാന്‍ പഠിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. മനുഷ്യനെ തിരിച്ചറിയാന്‍, ലോകത്തെ മനസ്സിലാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം വായനയാണ്. ആധുനിക കാലത്ത് പുസ്തകങ്ങളിലൂടെ മാത്രമല്ല വായന സാധ്യമാകുന്നത്. മൊബൈലിലും ലാപ്ടോപ്പിലും സാമൂഹ്യമാധ്യമങ്ങളിലും സംഭവിക്കുന്നത് വായനതന്നെയാണ്.
‘വായിക്കുമ്പോള്‍ നമ്മള് മനുഷ്യരാശിയെന്ന ഒരു മഹാ സംഘവുമായി നേരിട്ടു ബന്ധപ്പെടുകയാണ്. ഒരു പൂവ് വാസനിക്കുമ്പോള്‍ വസന്തവുമായി ബന്ധപ്പെടുന്നതുപോലെ. പ്രപഞ്ചത്തോളം വലുതായ അറിവിനെ അല്പമെങ്കിലും ഉള്‍ക്കൊള്ളാനുള്ള ഒരെളിയ ശ്രമം നമ്മളും നടത്തേണ്ടതുണ്ട്. അതിനായി പുസ്തകം കയ്യിലെടുത്തോളൂ. എന്നിട്ട് മനുഷ്യന് എന്ന മഹാ പ്രതിഭാസത്തെ അഭിമാനത്തോടെ വായിച്ചു തുടങ്ങൂ…’
വായനാ ദിനാശംസകള്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: