ന്യൂദല്‍ഹി: 45 ദിവസമായി മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ വലിയ തോതില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതായി ആര്‍എസ്എസ്. ഏറെ വേദനാജനകമായ ഈ സംഘര്‍ഷങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍, പ്രാദേശിക ഭരണകൂടം, പോലീസ്, സൈന്യം, കേന്ദ്ര ഏജന്‍സികള്‍ എന്നിവര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ആവശ്യപ്പെട്ടു.
പൊതുസമൂഹവും മണിപ്പൂരിലെ രാഷ്ട്രീയ പാര്‍ട്ടികളും സാധാരണ ജനങ്ങളും എല്ലാം ചേര്‍ന്ന് സംഘര്‍ഷസ്ഥിതി അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് സര്‍കാര്യവാഹ് പറഞ്ഞു. മനുഷ്യജീവനുകളുടെ സുരക്ഷയും മണിപ്പൂരിന്റെ സുസ്ഥിര സമാധാനവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേയ് മൂന്നിന് ചുരാചന്ദ്പൂരില്‍ നടന്ന പ്രതിഷേധ റാലിയോടെയാണ് സംഘര്‍ഷങ്ങളും അനിശ്ചിതാവസ്ഥയും മണിപ്പൂരില്‍ ആരംഭിക്കുന്നത്. ലായ് ഹരോബ ആഘോഷത്തിനിടെ നടന്ന പ്രതിഷേധറാലി അപലപനീയമാണ്. നൂറ്റാണ്ടുകളായി പരസ്പര സഹകരണത്തിലും സൗഹാര്‍ദ്ദത്തിലും ജീവിക്കുന്നവര്‍ തമ്മിലുണ്ടായ ദൗര്‍ഭാഗ്യകരമായ സംഘര്‍ഷങ്ങളും അസ്വസ്ഥതകളും ഇനിയും അവസാനിച്ചിട്ടില്ല. സംഘര്‍ഷങ്ങളെത്തുടര്‍ന്ന് വീടുകളുപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നവര്‍ക്കും അക്രമങ്ങള്ക്കിരയായവര്ക്കുമൊപ്പം ആര്‍എസ്എസ് നിലകൊള്ളുന്നു.
മണിപ്പൂര്‍ സംഘര്‍ഷം ബാധിച്ചവരുടെ എണ്ണം അമ്പതിനായിരത്തിലധികമാണെന്നത് ഭീകരമാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ സംഘര്‍ഷങ്ങള്‍ക്കും വെറുപ്പിനും യാതൊരു സ്ഥാനവുമില്ല എന്നതാണ് ആര്‍എസ്എസിന്റെ നിലപാട്. അതോടൊപ്പം, പ്രശ്നപരിഹാരത്തിനുള്ള ഏക മാര്‍ഗം സമാധാനപരമായ അന്തരീക്ഷത്തില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഭാഷണവും സാഹോദര്യം പ്രകടിപ്പിക്കലുമാണ്. പരസ്പര വിശ്വാസം തിരികെ പിടിക്കാന്‍ എല്ലാവരോടും ആര്‍എസ്എസ് അഭ്യര്‍ത്ഥിച്ചു. ഇരു സമുദായങ്ങളും ഇതിനായി സമഗ്രമായ പരിശ്രമങ്ങള്‍ നടത്തണം. മെയ്തേയി സമൂഹത്തിന്റെ അരക്ഷിതാവസ്ഥയും നിസ്സഹായാവസ്ഥയും കുക്കി സമുദായത്തിന്റെ യഥാര്‍ത്ഥ ഉത്കണ്ഠകളും പരിഗണിച്ചുകൊണ്ടുവേണം പ്രശ്നപരിഹാരം.
വാസസ്ഥലം നഷ്ടപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം അടക്കമുള്ള നടപടികളും സമാധാനവും സഹവര്‍ത്തിത്വവും പുനഃസ്ഥാപിക്കാന്‍ ആവശ്യമാണെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: