ഭുവനേശ്വര്‍: ഇന്ത്യയുടെ അഭിമാന മലയാളി താരം എം. ശ്രീശങ്കര്‍ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന 62-ാമത് ദേശീയ അന്തര്‍ സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ലോങ്ജമ്പ് യോഗ്യതാ റൗണ്ടില്‍ 8.41 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. 8.25 മീറ്ററായിരുന്നു യോഗ്യതാ മാര്‍ക്ക്. ഈ പ്രകടനത്തോടെ ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മാര്‍ക്കും ശ്രീശങ്കര്‍ പിന്നിട്ടു. 7.95 മീറ്ററാണ് ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മാര്‍ക്ക്.
ശ്രീശങ്കറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ഇന്നലെ രാവിലെ നടന്ന യോഗ്യതാ റൗണ്ടില്‍ ആദ്യ ചാട്ടത്തിലാണ് 8.41 മീറ്റര്‍ ചാടിയത്. 8.40 മീറ്റര്‍ താണ്ടുന്ന രണ്ടാമത്തെ താരമാണ് ശ്രീശങ്കര്‍. കഴിഞ്ഞ മാര്‍ച്ചില്‍ തമിഴ്നാടിന്റെ ജെസ്വിന് ആല്ഡ്രിന് 8.42 മീറ്റര്‍ ചാടി ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ശ്രീശങ്കറിന്റെ പേരിലുണ്ടായിരുന്ന (8.36 മീറ്റര്‍) റിക്കാര്‍ഡാണ് ജെസ്വിന് അന്ന് മറികടന്നത്.
വനിതാ ലോങ്ജമ്പില്‍ മലയാളി താരം ആന്‍സി സോജന് ഏഷ്യന്‍ ഗെയിംസ് യോഗ്യതയും സ്വന്തമാക്കി. യോഗ്യതാ റൗണ്ടില്‍ 6.49 മീറ്റര്‍ ചാടിയാണ് ആന്‍സി ഏഷ്യന്‍ ഗെയിംസിലേക്ക് യോഗ്യത ഉറപ്പിച്ചത്്. 6.45 മീറ്ററായിരുന്നു യോഗ്യതാ ദൂരം.
പുരുഷന്മാരുടെ 1500 മീറ്ററില്‍ അജയ്കുമാര്‍ സരോജ്, യൂനസ് ഷാ, സഷെലാല് പട്ടേല്‍, രാഹുല്‍ ബലൂദ, ജാവലിന്‍ ത്രോയില്‍ കിഷോര്‍കുമാര്‍ ജെന, ശിവ്പാല്‍ സിങ്, അനൂജ് കലേറ, വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിദ്യ രാംരാജ് എന്നിവരും അന്തര്‍ സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം നടത്തി ഏഷ്യന്‍ ഗെയിംസ് യോഗ്യത നേടി.
ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ദിനമായ ഇന്നലെ ഫൈനലൊന്നും ഉണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: