പനമരം: മന്ത്രവാദത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനെതിരെ യുവതി പോലീസില്‍ പരാതി നല്കി.
ഒമ്പതു മാസം മുമ്പ് വിവാഹിതയായ വയനാട് വാളാട് സ്വദേശിനിക്കാണ് പനമരം കൂളിവയലിലെ ഭര്‍തൃഗൃഹത്തില്‍ തിക്താനുഭവങ്ങള്‍ നേരിടേണ്ടിവന്നത്. വിവാഹം കഴിഞ്ഞതു മുതല്‍ പീഡനം അനുഭവിക്കേണ്ടിവന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
നാശത്തിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കുമെന്നു പറഞ്ഞാണ് യുവതിയെ മന്ത്രവാദത്തിനു വിധേയയാക്കിയത്. ഇതിനെ എതിര്‍ത്തപ്പോള്‍ ഭര്‍ത്താവും ഭര്‍തൃമാതാവും ബന്ധുക്കളില്‍ ചിലരും മര്‍ദിച്ചു. മന്ത്രവാദത്തിനു വീട്ടില്‍ പ്രത്യേകം മുറിയൊരുക്കിയിരുന്നു. എതിര്‍ക്കുമ്പോള്‍ വലിച്ചിഴച്ചാണ് മുറിയില്‍ എത്തിച്ചിരുന്നത്. അപരിചിതര്‍ക്കൊപ്പം നിലത്തുകിടന്ന് ഉരുളേണ്ടിവന്നു. മന്ത്രവാദത്തിനു
എത്തുന്നവരെ പരിചരിക്കാന്‍ നിര്‍ബന്ധിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ഭര്‍തൃവീട്ടില്‍നിന്നു രക്ഷപ്പെട്ട് പിതൃഗൃഹത്തില്‍ എത്തിയശേഷമാണ് യുവതി പരാതി നല്‍കിയത്. അറബിക് അധ്യാപകനായ ഭര്‍ത്താവ് ഉള്‍പ്പെടെ നാലു പേര്‍ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ വനിതാ കമ്മിഷനും കേസെടുത്തു. കേസിന്റെ സാഹചര്യവും കണ്ടെത്തലുകളും വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വയനാട് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: