ഗുവാഹത്തി: കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞതോടെ ആസാമിലെ വെള്ളപ്പൊക്കം രൂക്ഷമാകുന്നു. ഇതുവരെ 38,000 പേരെ ബാധിച്ചു. ബ്രഹ്മപുത്രയുള്‍പ്പെടെയുള്ള നദികളില്‍ അപകടനിലയ്‌ക്ക് മുകളില്‍ ജലനിരപ്പുയര്‍ന്നതോടെ കാസിരംഗ നാഷണല്‍ പാര്‍ക്ക് അധികൃതര്‍ക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി.
ഗുവാഹത്തി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അപകടകരമാം വിധം ബ്രഹ്മപുത്രയിലെ ജലനിരപ്പുയര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഗുവാഹത്തിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. സംസ്ഥാനത്തെ 10 ജില്ലകളിലാണ് നിലവില്‍ വെള്ളപ്പൊക്കമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഏത് സാഹചര്യവും നേരിടാന്‍ തയാറാണെന്ന് ഭരണകൂടം അറിയിച്ചു. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി എന്‍ഡിആര്‍എഫ്, വ്യോമസേന എന്നിവരുടെ സേവനം തേടിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അടുത്ത അഞ്ച് ദിവസത്തേക്ക് രാജ്യത്തെ വടക്കു കിഴക്കന്‍ മേഖലകള്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. മേഘാലയയില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: