ന്യൂദല്‍ഹി: ഗുജറാത്തില്‍ കഴിഞ്ഞ ദിവസം വീശിയടിച്ച ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ ധീരമായി നേരിട്ട കച്ചിലെ ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ജനങ്ങള്‍ കൂട്ടായ പ്രയത്നവും കഠിനാധ്വാനവും ഇച്ഛാശക്തിയും കൊണ്ട് പ്രതിസന്ധികളെ നേരിടുകയാണ്. രണ്ട് പതിറ്റാണ്ട് മൂമ്പ് ഭൂകമ്പത്തില്‍ തകര്‍ന്ന കച്ച് അതിവേഗത്തില്‍ വളരുന്ന രാജ്യത്തെ ജില്ലകളിലൊന്നായി മാറിയെന്നും മന് കി ബാത്ത് അഭിസംബോധനയില്‍ അദ്ദേഹം പറഞ്ഞു.
പ്രകൃതി ദുരന്തങ്ങളെ തടയാനാവില്ലെങ്കിലും ഇന്ത്യ വികസിപ്പിച്ചെടുത്ത ദുരന്ത നിവാരണ സംവിധാനത്തിന്റെ കരുത്ത് ലോകത്തിനാകെ മാതൃകയാണ്. രാജ്യത്ത് നടക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി, ജലശ്രോതസ്സുകള്‍ വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ചു. ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350-ാം വര്‍ഷത്തിന്റെ അദ്ദേഹത്തിന്റെ ഭരണ മാതൃകകളെപ്പറ്റി കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്നും 2025 ആവുന്നതോടെ ടിബി മുക്ത ഭാരതം ഉണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വനിതാ ജൂനിയര്‍ ഏഷ്യാകപ്പ്, പുരുഷ ജൂനിയര്‍ ഏഷ്യാകപ്പ് നേടിയ ടീമുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജൂനിയര്‍ ഷൂട്ടിങ് ലോകകപ്പിലും ഇന്ത്യന്‍ ടീം അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. ടൂര്‍ണമെന്റിലെ ആകെ സ്വര്‍ണത്തില്‍ 20 ശതമാനവും ഇന്ത്യ നേടി. ഏഷ്യന്‍ അണ്ടര്‍ ട്വന്റി അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യയെത്തിയെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: