പത്തനംതിട്ട: പകര്‍ച്ചപ്പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും അതിവേഗം പടരുമ്പോഴും കണക്കുകള്‍ പുറത്തുപറയാതെ ആരോഗ്യവകുപ്പ്. പകര്‍ച്ചപ്പനിയുടെ നിലവിലെ സാഹചര്യം അടക്കം മാധ്യമങ്ങളുമായി സംസാരിക്കേണ്ടതില്ലെന്ന വിലക്കാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്നത്. പകരം ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിലെ കണക്കുകള്‍ പരിശോധിക്കാനാണ് നിര്‍ദേശം. എന്നാല്‍ ഈ കണക്കുകള്‍ പലപ്പോഴും യഥാര്‍ഥ വിവരങ്ങളുമായി യോജിക്കുന്നതല്ല. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ നിന്നാണ് ഓരോ ജില്ലയിലെയും പനി ബാധിതരുടെ എണ്ണം അപ്ഡേറ്റ് ചെയ്യുന്നത്. പനി ബാധിതരായി ചികിത്സ തേടുന്നവരുടെ തിരക്ക് ജില്ലയില്‍ ഐപി വിഭാഗമുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലുമുണ്ട്. എന്നാല്‍ ആരോഗ്യവകുപ്പിന്റെ സൈറ്റില്‍ പത്തില്‍ താഴെ പനി ബാധിതരെ മാത്രമാണ ്ഓരോദിവസവും അഡ്മിറ്റ് ചെയ്തതായി കാണിക്കുന്നത്. ശനിയാഴ്ചത്തെ കണക്കില്‍ 427 പേര് മാത്രമാണ് ജില്ലയില്‍ പനി ബാധിതരായി ചികിത്സ തേടിയത്. ഇതില്‍ ആറുപേരെയാണ് അഡ്മിറ്റ് ചെയ്തിട്ടുള്ളത്. ഡെങ്കിപ്പനി സംശയിക്കുന്ന 30 പേര് ചികിത്സ തേടിയിട്ടുണ്ട്. ഒരാള്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. എലിപ്പനി സംശയിച്ചോ സ്ഥിരീകരിച്ച് ശനിയാഴ്ച ആരുമുണ്ടായിരുന്നില്ലെന്നാണ് വിവരം. സമീപ ദിവസങ്ങളിലും സമാനമായ കണക്കുകളാണ് പുറത്തുവന്നത്. ഇന്നലെ രണ്ടുപേരുടെ മരണം സ്ഥിരീകരിച്ച കൊടുമണ്ണില്‍ എലിപ്പനി ബാധിതരായി പലരും ഇപ്പോഴും ചികിത്സയിലുണ്ട്. ഇതോടൊപ്പം രോഗം സംശയിച്ച് ചികിത്സ തേടിയവരുമുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍ അടക്കം ചികിത്സ തേടിയിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പ്രതിരോധ മരുന്ന വിതരണം ചെയ്തിരുന്നുവെങ്കിലും പലരും കഴിക്കാന്‍ മടി കാട്ടിയിരുന്നതായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പറഞ്ഞു. പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കെട്ടിക്കിടക്കുന്ന മലിനജലമാണ് രോഗം പടരാന്‍ കാരണമായിട്ടുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ എലിയുടെ മൂത്രം കലര്‍ന്നിട്ടുണ്ടെങ്കില്‍ ഇതില്‍ ചവിട്ടുന്നവരുടെ ശരീരഭാഗങ്ങളിലെ മുറിവുകളിലൂടെയോ മറ്റോ ഉള്ളിലെത്തിയാണ് രോഗത്തിനു കാരണമാകുന്നത്. രോഗം തിരിച്ചറിയാനുണ്ടാകുന്ന കാലതാമസമാണ് ഇതു വഷളാക്കുന്നത്. കോന്നി, ചിറ്റാര്‍ മലയോര മേഖലകളിലും തിരുവല്ല, ആനിക്കാട് ഭാഗങ്ങളിലും ഡെങ്കിപ്പനിയുടെ വ്യാപനം കൂടുതലായുണ്ട്. ഇതു സംബന്ധമായ വിവരങ്ങള്‍ പുറത്തുവിടാത്തതു കാരണം ആളുകള്‍ക്ക് ശ്രദ്ധയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. മലയോര മേഖലയില്‍ ഡെങ്കിപ്പനി സംശയിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
ഇന്നലെ മരിച്ചത് 2 തൊഴിലുറപ്പ് തൊഴിലാളികള്‍
പത്തനംതിട്ട: ജില്ലയില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം കുട്ടിയടക്കം നാലായി.ഇന്നലെ രണ്ട് തൊഴിലുറപ്പ് തൊഴിലാളികളാണ് മരിച്ചത്. ആരോഗ്യ മന്ത്രിയുടെ ജില്ലയിലാണ് മൂന്നു പേരും മരിച്ചത്. ഇതില്‍ രണ്ടു പേരുള്ളത് മന്ത്രി വീണയുടെ വീട് ഉള്‍പ്പെടുന്ന കൊടുമണ്‍ പഞ്ചായത്തിലാണ്. കൊടുമണ്‍ ഒന്‍പതാം വാര്‍ഡ് കൊടുമണ്‍ ചിറ പാറപ്പാട്ട് പടിഞ്ഞാറ്റേതില്‍ സുജാത (50), പതിനേഴാം വാര്‍ഡില്‍ കാവിളയില്‍ ശശിധരന്റെ ഭാര്യ മണി (57) എന്നിവരാണ് മരിച്ച തൊഴിലുറപ്പ് തൊഴിലാളികള്‍. സുജാത മൂന്ന് ദിവസമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍ നടക്കും. മകള്‍: സന്മയ. മണിയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാഴ്ചയായി ചികില്‍സയിലായിരുന്നു. കഴിഞ്ഞ 15നാണ് മരിച്ചത്. മകന്: വിഷ്ണു. പെരിങ്ങനാട് മൂന്നാളം ലിജോ ഭവനില്‍ രാജന് (60) ആണ് മരിച്ച മൂന്നാമത്തെയാള്‍. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്. ഒരാഴ്ചയായി പനിയും ശരീര വേദനയുമുണ്ടായിരുന്നു. വ്യാഴാഴ്ച അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എലിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ: ലിസി. മക്കള്‍: ലിജോ രാജന്, ജൂലി രാജന്. മരുമക്കള്‍: ഹണി, സുബിന് പ്രസാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: