താളാത്മകമായി പാടുന്ന ഭജനകളും കീര്‍ത്തനങ്ങളും മനുഷ്യനെ ആഹ്ളാദിപ്പിയ്ക്കാന്‍ ശക്തിയുള്ളതാണ്. പാട്ടുകളുടെ വരികള്‍ മനസ്സിലായില്ലെങ്കിലും നല്ല സംഗീതമാണെങ്കില്‍ അതു കേട്ട് സാധാരണ മനുഷ്യര്‍ താളമിടാതിരിയ്ക്കില്ല. അതു കൊണ്ടാണ് സംഗീതത്തിന് ഭാഷയില്ല മതമില്ല എന്നൊക്കെ പറയാറുള്ളത്. അത്തരം സ്വാഭാവികമായ ആഹ്ലാദം തോന്നാത്തവര്‍ പലപ്പോഴും വിശ്വാസപരമോ മറ്റെന്തെങ്കിലും വിധത്തിലുള്ളതോ ആയ ബലം പിടിത്തം വച്ചു പുലര്ത്തുന്നവരായിരിയ്ക്കും.
അമിത മത കെട്ടുപാടുകളില്‍ നിന്ന് സ്വതന്ത്രരായി അറിവിന്റെ വെളിച്ചത്തിലേയ്ക്ക് മുന്നേറുക എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരു നാടകം ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചാ വിഷയമാണ്. പ്രസ്തുത നാടകം കര്‍ക്കശ ഇസ്ലാമിക മതനിയമങ്ങള്‍ പിന്തുടരുന്ന സൗദിയിലെ സ്കൂളില്‍ അവതരിപ്പിയ്ക്കപ്പെട്ടു എന്നതാണ് ചര്‍ച്ചകള്‍ക്ക് ചൂടു പകരുന്നത്.
അതിനെ പിന്തുടര്ന്നു കൊണ്ട് ഇതാ വീണ്ടും മറ്റൊരു വീഡിയോ ശ്രദ്ധനേടുന്നു. പൂര്‍ണ്ണമായി ഇസ്ലാമിക മതവസ്ത്രം ധരിച്ച ധാരാളം പെണ്‍കുട്ടികള്‍ കൃഷ്ണഭജനകള്‍ പാടി നൃത്തം ചെയ്യുന്നതും, മതവസ്ത്രം ധരിച്ച പുരുഷന്മാര് ഉള്‍പ്പടെയുള്ളവര്‍ ആവേശത്തോടെ ഭജനകളില്‍ പങ്കെടുക്കുന്നതുമാണ് ആറര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. ഇത് സൗദിയില്‍ നിന്നുള്ളതാണ് എന്നാണ് വീഡിയോ പോസ്റ്റ് ചെയ്തവര്‍ അവകാശപ്പെടുന്നത്. ഇത് സൗദിയല്ല, മലേഷ്യയാണ് എന്ന് വ്യൂവേര്സില് ചിലര്‍ പറയുന്നു. ഏത് രാജ്യമാണെന്ന് വ്യക്തമല്ല.
ഏതായാലും ഇസ്ലാമിക സ്വാധീനമുള്ള രാജ്യമാണ് എന്ന് വ്യക്തം. തലമൂടിയ മുസ്ലീം വേഷധാരികളായ ധാരാളം പെണ്‍കുട്ടികളേയും സ്കള് ക്യാപ് ധരിച്ച പുരുഷന്മാരേയും കാണുന്നുണ്ട്. സാധാരണ ഇസ്ക്കോണ് പരിപാടികളില്‍ കാണാറുള്ളതു പോലെ ഇന്ത്യന്‍ ശൈലിയില്‍ വസ്ത്രം ധരിച്ച പെണ്‍കുട്ടികളും ഉണ്ട്. കാവിയുടുത്ത സ്വാമിമാരേയും കാണാം.ഇത് മലേഷ്യയാണെങ്കില്‍ കാലത്തിന്റെ കാവ്യനീതി എന്നേ പറയാനാവൂ. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളില്‍ നിന്ന് രക്ഷപ്പെട്ട വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്ക് ഇപ്പോള്‍ താമസിയ്ക്കുന്നത് മലേഷ്യയില്‍ ആണെന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്. ബഹുസ്വരതയ്ക്ക് കടകവിരുദ്ധമായ ഇസ്ലാമിലെ പ്യൂരിറ്റന്‍ സമീപനത്തിന്റെ വക്താവായ സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ കുപ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ അവിടത്തെ മുസ്ലീങ്ങള്‍ ഹൈന്ദവ ആരാധനകളില്‍ ഹൃദയപൂര്‍വ്വം പങ്കുചേരാന്‍ തുടങ്ങുന്നതിനെ മറ്റെന്തു പറഞ്ഞ് വിശേഷിപ്പിയ്ക്കും ?
മറ്റു മതങ്ങളുടെ അസ്തിത്വത്തെ പൊതുവേ അംഗീകരിയ്ക്കാത്ത ഒരു വിശ്വാസ സമൂഹം ആഹ്ളാദപൂര്‍വ്വം മുന്നോട്ടു വന്ന് കൂടിക്കലരാന്‍ തയ്യാറാകുന്നത് ഒട്ടും ചെറുതല്ലാത്ത മാറ്റമാണ്. ഇസ്കോണ്‍ വീഡിയോകളില്‍ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും നടക്കുന്ന അവരുടെ സങ്കീര്‍ത്തന പരിപാടികള്‍ കാണാം. അവയില്‍ ഇസ്രയേലും റഷ്യയും, ജര്‍മ്മനിയും ആഫ്രിക്കയും അമേരിക്കയുമുണ്ട്. പാകിസ്ഥാന് പോലുമുണ്ട്.
സസ്യഭക്ഷണം, ഭാരതീയ വസ്ത്ര ശൈലികള്‍, സംഗീതം, ഭാരതീയ ദൈവ സങ്കല്പങ്ങള്, വേദങ്ങള്‍, ഭഗവദ് ഗീത, ഗോസേവ തുടങ്ങിയ ഭാരതീയ ബിംബങ്ങളെ ലോകത്തിനു പരിചയപ്പെടുത്തി കൊടുക്കുന്നതില്‍ വലിയ പങ്കാണ് ഇസ്ക്കോണ് നിര്‍വ്വഹിച്ചു കൊണ്ടിരിയ്ക്കുന്നത്. ഒപ്പം മനുഷ്യസമൂഹം പല പ്രതിസന്ധികളും നേരിടുമ്പോള്‍ പക്ഷം പിടിയ്ക്കാതെ സേവനം മാത്രം മുന്‍നിര്‍ത്തി അന്തര്‍ദ്ദേശീയ തലത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രസ്ഥാനം എന്ന നിലയിലും ഇസ്ക്കോണ് പേരെടുത്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഉക്രൈന്-റഷ്യ യുദ്ധം കൊടുമ്പിരിക്കൊണ്ട വേളയില്‍ എല്ലാരാജ്യക്കാരുമായ അഭയാര്‍ഥികളെ ഒഴിപ്പിയ്ക്കാനും അവര്‍ക്ക് ഭക്ഷണ താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഇസ്ക്കോണ് വലിയ സേവനം നല്‍കിയിരുന്നു. ഇസ്ക്കോണിന്റെ അനുയായികളില്‍ എല്ലാ രാജ്യക്കാരുമുണ്ടെങ്കിലും അവര്‍ ഉയര്‍ത്തിപ്പിടിയ്ക്കുന്ന ബിംബങ്ങള്‍ എല്ലാം ഹൈന്ദവ സംസ്കാരത്തെയും അതിലൂടെ ഭാരതത്തേയും പ്രതിനിധാനം ചെയ്യുന്നവയാണ്.
യോഗശാസ്ത്രം പോലുള്ള ഭാരതീയ സമ്പ്രദായങ്ങളെ സംശയ ദൃഷ്ടിയോടെ കാണുകയും അതില്‍ ആകൃഷ്ടരാകുന്ന സ്വന്തം അനുയായികളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് ഇസ്ലാമിക മതമൗലികവാദികള്‍ പിന്തുടരുന്നത്. ഇപ്പോള്‍ അതില്‍ നിന്നും ഒരു പടികൂടി കടന്ന് പരസ്യമായി സ്വന്തം മതവേഷമണിഞ്ഞു കൊണ്ട് മറ്റൊരു മതത്തിലെ ഭജന കീര്‍ത്തനങ്ങള്‍ ആലപിയ്ക്കാനും നൃത്തഘോഷത്തില് പങ്കെടുക്കാനും ധാരാളം പേര് മുന്നോട്ടു വരുന്നത് ലോകമെങ്ങുമുള്ള മതതീവ്രവാദികളെ നന്നായി ചൊടിപ്പിയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: