ബെംഗളൂരു: കര്‍ണാടകയിലെ ഹാസനിലെ ഹോളനരസിപുര താലൂക്കില്‍ നിന്ന് പോലീസുകാരനെ ആക്രമിക്കുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു സംഘം ആളുകള്‍ പോലീസുകാരനെ മര്‍ദിക്കുന്നതും വെട്ടുകത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെയും വീഡിയോയില്‍ ഓണ്‍ലൈനില്‍ വൈറലാണ്.
സംഭവത്തെ തുടര്‍ന്ന് യസലൂര് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കൂടിയായ ശരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. ജൂണ്‍ 15 വ്യാഴാഴ്ച കാഷ്വല്‍ ലീവ് എടുത്ത് സുഹൃത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനാണ് ശരത് മലാലി ക്ഷേത്രത്തില്‍ എത്തിയത്.
അതേസമയം, ശരത്തിന്റെ ജന്മഗ്രാമത്തില് നിന്നുള്ള ഒരു സംഘം അക്രമികള്‍ ഒരാളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ക്ഷേത്രത്തിന് സമീപമുള്ള ഒരു കണ്വെന്ഷന് ഹാളിന് മുന്നില്‍ വെച്ച് ഇയാളെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട ശരത് ഇടപെട്ട് തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ശരതിന്റെ ഇടപെടലില്‍ പ്രകോപിതരായ സംഘം ഇയാളെ മര്‍ദിച്ചു. മിഥുന്, ലോഹിത്, നടരാജ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തത്.
അക്രമികളില്‍ നിന്ന് സ്വയം രക്ഷിക്കാനുള്ള ശ്രമത്തില്‍ പോലീസ് കോണ്‍സ്റ്റബിള്‍ കണ്വെന്ഷന് ഹാളിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ സംഘം വീണ്ടും ആക്രമിക്കുകയായിരുന്നു. ആക്രമികളില്‍ ഒരാള്‍ തറയില്‍ കമ്മന്നു കിടക്കുന്ന ഇയാളുടെ പുറത്ത് കയറി നില്ക്കുന്നതും ചാടിചവിട്ടുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. നടരാജ് ശരത്തിന്റെ തലയില്‍ കല്ല് കൊണ്ട് ഇടിക്കുകയും കാറില്‍ നിന്ന് വെട്ടുകത്തി എടുത്തുകൊണ്ടു വന്നപ്പോഴെക്കും മറ്റുള്ളവര്‍ സംഭവത്തില്‍ ഇടപ്പെട്ട് ഒതുക്കി തീര്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: