ഗായത്രി മന്ത്രത്തിലെ ‘പ്രചോദയാത്’ എന്നതിന്റെ അര്‍ത്ഥം പ്രേരണ നല്കട്ടെ നല്കിയാലും എന്നാണ്. ഈശ്വരാ അവിടുന്ന് ഞങ്ങള്‍ക്ക് ഭൗതിക സൗകര്യങ്ങള്‍ ആര്‍ജിക്കാന്‍ കഴിവുള്ള ബുദ്ധിയും ശരീരവും ചേര്‍ന്ന യന്ത്രം നല്കിയിരിക്കുന്നു. ഇനി ഭൗതികാവശ്യങ്ങള്‍ക്കു ഞങ്ങള്‍ യാചിക്കുകയോ അങ്ങ് നല്‍കുകയോ ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. അര്‍ഹതയുടെ അഭാവം കാരണം ലഭിച്ചിരിക്കുന്നത് പ്രയോജനപ്പെടുത്താനാവുന്നില്ലെങ്കില്‍ കൂടുതല്‍ വൈഭവങ്ങള് കൂടുതല്‍ മോഹങ്ങളും ദുഷ്ടതയും ഉളവാക്കുകയേ ഉള്ളൂ.
ശരിയായ ഉപയോഗം മനസ്സിലാക്കാതെ വരുമ്പോഴാണ് മനുഷ്യന് കുറവും ഇല്ലായ്മയും അനുഭവപ്പെടുന്നത്. ഇതിനു പരിഹാരം കണ്ടെത്താന്‍ പദാര്‍ത്ഥങ്ങള്‍ കൊണ്ടല്ല ആന്തരിക സംതൃപ്തി കൊണ്ടേ സാധിക്കൂ. ആകട്ടെ ഞങ്ങള്‍ക്കു സന്മാര്ഗത്തിലൂടെ ചലിക്കാനുള്ള ആഗ്രഹം ഉണര്‍ത്തിയാലും, അതിലൂടെ ഗമിക്കാനുള്ള ധൈര്യം നല്കിയാലും, ഞങ്ങളെ ബലമായി വലിച്ച് ആ ക്ഷേമമാര്‍ഗത്തില്‍ നിയോഗിച്ചാലും എന്ന് പരമാത്മാവിനോട് പ്രാര്‍ത്ഥിക്കുകയാണ് ഗായത്രി മന്ത്രത്തില്‍ ചെയ്തിരിക്കുന്നത്. അര്‍ത്ഥശൂന്യവും ഹാനികരവുമായ പ്രവൃത്തികളില്‍ പെട്ടു സമയം പാഴാക്കാനിടവരുത്തരുതേ എന്ന പ്രാര്‍ത്ഥനയാണിത്. നിന്ദ്യമായ കാര്യങ്ങളില്‍ നിന്നും പിന്മാറി മനസ്സിനെയും ശരീരത്തെയും മനുഷ്യജീവിതം ധന്യമാക്കുന്ന മാര്‍ഗത്തില്‍ നടത്തൂ. ഗായത്രി മന്ത്രത്തിന്റെ അന്തിമ ചരണം ഉല്‍കൃഷ്ട ചിന്തകളെ ഉത്തമമായ പ്രായോഗിക പ്രവര്‍ത്തനങ്ങളാക്കി മാറ്റൂ എന്നാണ് ആവശ്യപ്പെടുന്നത്. ഇക്കാര്യമാണ് ശക്തമായി ഊന്നിപ്പറഞ്ഞിരിക്കുന്നത്. ഇതാണ് ഗായത്രി മന്ത്രത്തിന്റെ പദങ്ങളില്‍ അടങ്ങിയിരിക്കുന്ന സ്ഥൂലമെങ്കിലും അത്യന്തം മഹത്വപൂര്‍ണ്ണവും ഭാവപൂര്‍ണ്ണവും തഥ്യപൂര്ണ്ണവുമായ അര്‍ത്ഥം.
ഗായത്രിയുടെ വാഹനമാണ് ഹംസം. ഹംസത്തിന്റെ അര്‍ത്ഥമാണ് വെടിപ്പായ ശരീരം. കറകളും, പാടുകളും, കളങ്കങ്ങളും, കാളിമയും കൊണ്ടു മെനഞ്ഞെടുത്ത ജീവിതത്തെ എങ്ങനെയാണ് ഹംസമെന്നു പറയുക? നീരക്ഷീര വിവേചനം വശമുള്ളവന്, പാലില്‍ നിന്നു വെള്ളം വേര്പെടുത്തുന്നവന്, പാല് മാത്രം ഗ്രഹിക്കുന്നവന് അവനാണ് ഹംസം. കറകളും, പാടുകളും ഇല്ലാതെ സ്വച്ഛവും നിര്‍മ്മലവുമായ സ്വഭാവം പാലിക്കാന്‍ പ്രയത്നിക്കുന്നവന് ഹംസമാണ്.
അനൗചിത്യമായതു ത്യജിക്കുക, ദുസ്സാധ്യമെങ്കിലും ഔചിത്യത്തെ അവലംബിക്കുന്ന നയം സ്വീകരിക്കുക ഇതു ഹംസത്തിന്റെ രീതിയാണ്. ഈ രീതി ആരു സ്വീകരിച്ചുവോ അവരെ ഗായത്രി തന്റെ വാഹനമാക്കുന്നു. അവരുടെ മേല്‍ വിശേഷാല്‍ കൃപ വര്‍ഷിക്കുന്നു. ഗംഗയുടെയും ഗായത്രിയുടെയും ജന്മദിനമായ ഈ പുണ്യവേളയില്‍ നമ്മുടെ കര്‍മ്മത്തില്‍ ഗംഗയെപ്പോലെ സ്വാരസ്യവും, ചിന്തയില്‍ ഗായത്രിയെപ്പോലെ ജ്യോതിയും ഉളവാക്കപ്പെടട്ടെ എന്ന പ്രേരണ ആവുന്നത്ര അധികം ആഴത്തില്‍ വരെ ഹൃദയംഗമമാക്കുക.
ഉപാസനാ സമയത്തെ പരിപാടി
ഉപാസനാ സമയത്തെ പരിപാടികളെ 6 പടികളിലായി തിരിച്ചിരിക്കുന്നു.
(1) ഷട്കര്‍മ്മവും ദേവപൂജനവും.
(2) പാരായണം
(3) ജപവും ധ്യാനവും
(4) പ്രാര്‍ത്ഥന
(5) സൂര്യാര്ഘ്യദാനം
(6) ദാനപുണ്യം
ഷട്കര്‍മ്മവും ദേവപൂജനവും
നിത്യവും പതിവായി ജപം തുടങ്ങുന്നതിനു മുമ്പായി ഷട്കര്‍മ്മവും (പവിത്രീകരണം, ആചമനം, ശിഖാവന്ദനം, പ്രാണായാമം, ന്യാസം, പൃഥ്വീപൂജനം എന്നീ ആറു കര്‍മ്മങ്ങളും)
പിന്നീടു ആവാഹനവും ദേവപൂജനവും ചെയ്യുക. ഗായത്രീപരിവാരം പ്രസിദ്ധീകരിച്ചിരിക്കുന്ന നിത്യോപാസന എന്ന
പുസ്തകത്തില്‍ (ഗായത്രീ നിത്യസാധന) ഇതു സ്പഷ്ടമായി കൊടുത്തിട്ടുണ്ട്. പരിജനങ്ങളില്‍ അധികം പേര്‍ക്കും ഇതു നല്ലവണ്ണം അറിയാവുന്നതാണ്. പക്ഷേ ഷട്കര്‍മ്മവും ദേവപൂജനവും ചെയ്തു എങ്ങനെ എങ്കിലും മന്ത്രജപസംഖ്യ പൂര്ത്തിയാക്കുന്നതുകൊണ്ടു മാത്രം പ്രയോജനമില്ല.
ഉപാസനയുടെ കര്മ്മകാണ്ഡത്തോടൊപ്പം അന്തഃകരണത്തില്‍ ശ്രേഷ്ഠമായ ഭാവങ്ങളും വിചാരങ്ങളും ഉള്‍ക്കൊള്ളണം. അപ്പോള്‍ മാത്രമാണു ഉപാസനയില്‍ ശക്തി ഉളവാകുന്നത്. അതിനാല്‍ ഇവിടെ ഷട്കര്മ്മങ്ങളുടെയും ദേവപൂജനത്തിന്റെയും ക്രമം ആവര്‍ത്തിക്കാതെ, അധിക പങ്കും സാധകരുടെ ശ്രദ്ധ പതിയാത്തതും എന്നാല്‍ ഉപാസനയെ പ്രഭാവപൂര്ണ്ണമാക്കുന്നതില് വളരെ പ്രാധാന്യമുള്ളതുമായ വശങ്ങള് മാത്രമാണു വിവരിച്ചിരിക്കുന്നത്.
പാരായണം (വായന)
വായന വഴിതെറ്റി അലയുന്നവര്‍ക്ക് ഈശ്വരനിലേക്കുള്ള മാര്‍ഗ്ഗം കാണിച്ചുകൊടുക്കുന്നു. മനസ്സിനെ സ്ഥിരീകരിച്ചു ജപവും ധ്യാനവും ചെയ്യാന്‍ ഉതകുന്ന സ്ഥിതി ഉളവാക്കുന്നു. അതിനാല്‍ ഉപാസനയ്ക്കു മുമ്പായി പാരായണം ചെയ്യുക.
(1) സാക്ഷരരായ വ്യക്തികള്‍ നമ്മുടെ യുഗനിര്‍മ്മാണ സദ്സങ്കല്പം വായിക്കുക. വായിക്കുന്നതു ചെറിയ വേഗത്തിലായിരിക്കണം. മനസ്സിലാക്കിക്കൊണ്ടു വായിക്കുക. ഭക്തിയോടും വിശ്വാസത്തോടും വായിക്കുക.
(2) നിരക്ഷരരായ വ്യക്തികള്‍ താഴെ കൊടുത്തിരിക്കുന്ന സദ്ഭാവപൂര്ണ്ണമായ ശുഭകാമന സ്മരിക്കുക.
ഈശ്വരാ, അവിടുന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും സല്‍ബുദ്ധി നല്കിയാലും! എല്ലാവര്ക്കും ശോഭനമായ ഭാവി നല്കിയാലും! ദൈവമേ, ഞാന്‍ നല്ലതുമാത്രം ചിന്തിക്കുമാറാകട്ടെ! സല്‍കര്‍മ്മങ്ങള്‍ മാത്രം ചെയ്യുമാറാകട്ടെ! കൈകൂപ്പി ഈ പ്രാര്‍ത്ഥന ഇഷ്ടദേവനു മുമ്പാകെ സമര്‍പ്പിക്കുക.
ജപവും ധ്യാനവും
(1) ജപവും ധ്യാനവും മുഖേന ചെയ്യുന്ന ഉപാസന നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ദേവനെ ഉണര്‍ത്തുന്നു.
ഉപാസനയുടെ അര്‍ത്ഥം വാണി, മനസ്സ്, ഹൃദയം ഇവ മൂന്നും ചേര്‍ത്തു ജപിക്കുകയും ധ്യാനിക്കുകയും ചെയ്യുക എന്നാണ്.
(2) താഴെയുള്ളവയില്‍ ഏതെങ്കിലും ഒരു മന്ത്രം തിരഞ്ഞെടുക്കുക.
*ഗായത്രീമന്ത്രം.
*പഞ്ചാക്ഷരി ഗായത്രി (ഓം *ഭൂര്ഭുവഃ സ്വഃ )
*തന്റെ ഇഷ്ടമന്ത്രം
*തന്റെ ഇഷ്ടഭഗവന്നാമം.
ഏതെങ്കിലും ഒരു ധ്യാനം തിരഞ്ഞെടുക്കുക. സൂര്യഭഗവാനില്‍ നിന്നും വരുന്നതായ ദിവ്യപ്രകാശത്തിന്റെ ധ്യാനം.സൂര്യമണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ഇഷ്ടദേവനില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന പ്രകാശത്തിന്റെ ധ്യാനം. ഹിമാലയത്തില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന ദിവ്യ പ്രകാശത്തിന്റെ ധ്യാനം.
ധ്യാനവും ജപവും ഇപ്രകാരം ചെയ്യുക:
സ്വന്തം ഇഷ്ടവും കഴിവും അനുസരിച്ചു ഏതെങ്കിലും ധ്യാനവും ജപവും തിരഞ്ഞെടുക്കുക.
ധ്യാനിക്കാന്‍ ആവുന്നില്ലെങ്കില്‍:
(1) ഇഷ്ടദേവന്റെ, മൂര്‍ത്തിയുടെ പാദങ്ങളിലോ, മുഖത്തോ, അഥവാ ശരീരത്തിലാകമാനമോ തുടര്‍ച്ചയായി ദൃഷ്ടി പതിപ്പിക്കുക.
(2) ഈശ്വരാ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സദ്ബുദ്ധി നല്‍കൂ, എല്ലാവര്ക്കും ശോഭനമായ ഭാവി നല്‍കൂ എന്ന ഭാവവും ഇച്ഛയും സ്വന്തം ഉള്ളില്‍ ഉണര്ത്തികൊണ്ടിരിക്കുക.
(3) ഇങ്ങനെ ചെയ്തുകൊണ്ടു കുറഞ്ഞപക്ഷം ഒരു മാലയോ (108 തവണ) അഥവാ 10 മിനിറ്റോ മന്ത്രമോ നാമമോ ജപിക്കുക.
അല്പസ്വല്പം ധ്യാനം ചെയ്യാനാവുമെങ്കില്‍: ഇഷ്ടദേവനെ ധ്യാനിക്കുക. അദ്ദേഹത്തിന്റെ തേജസ്സാര്‍ന്ന പാദങ്ങളിലോ, മുഖത്തോ, സമ്പൂര്‍ണ്ണ ശരീരത്തിലോ ധ്യാനം നിലനിര്‍ത്തുക.
ധ്യാനം നിലനില്ക്കാതെ വരുമ്പോള്‍ ചിത്രത്തെയോ, മൂര്‍ത്തിയെയോ തുറന്ന കണ്ണുകളോടെ നോക്കികൊണ്ടിരിക്കുക. കുറേ കഴിഞ്ഞു വീണ്ടും ധ്യാനിക്കുക.
ഈശ്വരാ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സദ്ബുദ്ധി നല്‍കൂ, എല്ലാവര്ക്കും ശോഭനമായ ഭാവി നല്‍കൂ എന്ന ഭാവവും ഇച്ഛയും സ്വന്തം ഉള്ളില്‍ ഉണര്‍ത്തിക്കൊണ്ടിരിക്കുക.
ഇങ്ങനെ ചെയ്തുകൊണ്ടു കുറഞ്ഞ പക്ഷം ഒരു മാലയോ അഥവാ 10 മിനിറ്റോ മന്ത്രമോ നാമമോ ജപിക്കുക.
(3) ധ്യാനം ശരിയായി സാധിക്കുന്നുവെങ്കില്‍ :
സൂര്യഭഗവാനില്‍ നിന്നും, അഥവാ സൂര്യഭഗവാനില്‍ സ്ഥിതി ചെയ്യുന്ന ഇഷ്ടദേവനില്‍ നിന്നും, അഥവാ ഹിമാലയത്തില്‍ നിന്നും ദിവ്യപ്രകാശം വന്നുകൊണ്ടിരിക്കുന്നുവെന്നു ധ്യാനിക്കുക.
ആത്മക്ഷേമത്തിനു വേണ്ടിയുള്ള ധ്യാനം
എന്റെ ശരീരം അകമേയും പുറമേയും ഈ ദിവ്യപ്രകാശവും പ്രാണചേതനയും കൊണ്ടു നിറയുകയാണ്. ശരീരത്തില്‍ സേവനതല്പരത ഉയരുകയാണ്.
* എന്റെ അന്തഃകരണം ഈ ദിവ്യപ്രകാശവും ചേതനയും കൊണ്ടു നിറയുകയാണ്. എന്റെ ചിന്തകള്‍ പവിത്രവും സാത്വികവും ആയിക്കൊണ്ടിരിക്കുകയാണ്.
* എന്റെ ഹൃദയകമലം ഈ ദിവ്യ പ്രകാശവും പ്രാണചേതനയും കൊണ്ടുനിറയുകയാണ്. ഹൃദയത്തില്‍ കരുണാ ഭാവവും ഉദാരതാഭാവവും ഉയരുകയാണ്.
*ഈശ്വരാ, ഞങ്ങള്‍ക്കെല്ലാം സദ്ബുദ്ധി നല്‍കൂ, എല്ലാവര്ക്കും ശോഭനമായഭാവി നല്‍കൂ എന്ന ഭാവവും ഇച്ഛയും ഉയര്‍ത്തിക്കൊണ്ടിരിക്കുക.
* ഈ ധ്യാനത്തോടെ കുറഞ്ഞ പക്ഷം ഒരു മാലയോ 10 മിനിറ്റോ ജപിക്കുക.
വിശ്വക്ഷേമത്തിനു വേണ്ടിയുള്ള ധ്യാനം
* ലോകത്തിലെ സകല മനുഷ്യരുടെയും ശരീരം ഈ ദിവ്യപ്രകാശവും ചേതനയും കൊണ്ടു നിറയുകയാണ്.
* സകലരുടെയും ഉള്ളില്‍ സേവാഭാവവും പവിത്രതയും ഉദാരതാഭാവവും ഉയരുകയാണ്.
* ഞങ്ങളെല്ലാം ഒത്തുചേര്‍ന്നു ഈ ദിവ്യപ്രകാശത്തെ, അഥവാ ഈഷ്ടദേവനെ ഭക്തിപുരസ്സരം നമിക്കുകയാണ്. ‘ഈശ്വരാ, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സല്‍ബുദ്ധി നല്‍കൂ, എല്ലാവര്ക്കും ഉജ്വലമായ ഭാവി നല്‍കൂ’. ഈ ധ്യാനത്തോടെ കുറഞ്ഞ പക്ഷം ഒരു മാലയോ 10 മിനിറ്റോ ജപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: