ദാശൂരോപാഖ്യാനം
രാഘവ! കേള്‍ക്കുക, നിസ്സങ്കല്പനായി, ഭോഗേച്ഛ അല്പവും ഇല്ലാത്തവനായി, നല്ലറിവുള്ള നിന്നെപ്പോലെയുള്ളവന് തന്നോട് അവിദ്യാമലം ഏതും ഇല്ലാത്തതാണെന്നു പറഞ്ഞാല്‍ ബോധ്യമാകും, അല്ലാത്തവനു അറിയായിവരികയില്ല. നീ ധരിച്ചീടുക, ദീപമുണ്ടെന്നുവന്നീടില് പ്രകാശമുണ്ടായിവരും. സൂര്യനുണ്ടെങ്കില്‍ പകല്‍ ഉണ്ടായിവരും. പൂവുണ്ടെങ്കില്‍ നല്ല മണം വരും. ചിത്തുണ്ടെങ്കില്‍ ഈ ജഗത്തെല്ലാം ഉണ്ടായിവരും എന്നു നന്നായി അറിയുക. ഇതു സര്‍വ്വവും തോന്നലാകുന്നു. ചിന്തിച്ചാല്‍ പരമാര്‍ത്ഥത്തില്‍ ഒന്നുമില്ലെന്നതും സംശയമില്ലാത്തതാണ്.
ഗുരുവരന്‍ തന്റെ വാക്യംകേട്ടു രാഘവന് ഈവണ്ണം ചോദിച്ചു- ‘പാല്ക്കടല്പോലെയുള്ള മഞ്ഞുതുള്ളികളുടെ ശുദ്ധമായ ദീപ്തികളായി, ഗംഭീരകളായി, വിചിത്രകളായി, ഭവാന് അമ്പോടോതുന്ന വാക്യങ്ങളാല് ഞാന്‍ ബോധിതനായിട്ടു, വര്‍ഷ ഋതുക്കളില്‍ ശീതവും ദ്യോതവും അല്പാല്പമാര്ന്ന്, നന്നായിളകുന്ന മേഘങ്ങളാല്‍ വാസരമെന്നതുപോലെ പ്രകാശവും ഇരുട്ടും സംസാരാര്‍ണവത്തെ കടത്തുന്ന കൃപാനിധേ! അടിക്കടി പ്രാപിച്ചിടുന്നു. സര്‍വ്വാത്മകനും ഏകനും അപ്രമേയനുമായ പരന്, ആത്മാവ്, അനന്തനായുള്ളവന് നിത്യപ്രകാശനായിടുന്നവനെന്ന് അസ്തമിക്കാത്തോരു സാരമാര്ന്നുള്ളവന് എന്നിരിക്കെ ഹന്ത! സദ്ഗുരോ! സങ്കല്പമെന്നുള്ളത് എങ്ങനെ ഉണ്ടായിവന്നു?’ ഇങ്ങനെ ശ്രീരാമവാക്യംകേട്ടിട്ട് മാമുനി പിന്നെയും പറഞ്ഞു- ‘എന്റെ വാക്കുകള്‍ തത്ത്വാര്ത്ഥമായുള്ളതാണ്. അത്രയും ഓര്‍ത്തീടാന്‍ സാമര്‍ത്ഥ്യം വേണ്ട. പൂര്വാപരവിരോധങ്ങളും ഇല്ലെന്ന് കാര്‍വര്‍ണ! നന്നായി ധരിച്ചീടുക. നിന്റെ ജ്ഞാനദൃഷ്ടി വളരെ പ്രസന്നമാണെന്ന് ഒട്ടുമേ സന്ദേഹമില്ല. പ്രബോധം നന്നായി വിശാലമായ ഉദയമായി വന്നീടില്‍ എന്റെ വചോദൃഷ്ടിബലാബലം സ്വസ്ഥയായി വാണു ശരിയായി ഗ്രഹിച്ചിടും. ഉള്‍ത്താരില്‍ ആയതറിഞ്ഞുകൊള്ളുക. തന്നെ കെടുത്താനൊരുങ്ങിപ്പുറപ്പെട്ടു വന്നുള്ള ഉത്തമയാകുന്ന ആ വിദ്യയാല്‍ നിശ്ശേഷ ദോഷാപഹാരിണിയാകുന്ന വിദ്യ രാഘവ! നിശ്ചയമായി ഉത്ഭൂതമാകുന്നു.
ചാരുമൂര്‍ത്തേ! അസ്ത്രം അസ്ത്രത്തെ ശമിപ്പിക്കുന്നു, അതുപോലെ മലത്തെ മലം കളയുന്നു, വിഷത്തെ വിഷം നശിപ്പിക്കും, ശത്രുവിനെ ശത്രു കൊല്ലുമെന്നും നീ വിചാരിക്കുക. ഈവണ്ണമുള്ള അവിദ്യ നശിച്ചിട്ട് ജീവികള്ക്കേറ്റവും ആനന്ദമുണ്ടാകുന്നു. അതിന്റെ സ്വരൂ
പം കാണുവാന്‍ ആര്‍ക്കും കഴിവില്ല. നോക്കുവാന്‍ ചെന്നാല്‍ അതു പെട്ടെന്നു നശിക്കും. സൂക്ഷ്മമായി വിചാരിച്ചാല്‍ ഈ മായ ഇല്ലാത്തതാണെന്ന് നീ നല്ലവണ്ണം വിചാരിച്ച് ജ്ഞാനിയായിത്തീര്‍ന്നു പരമായ ആത്മാവിനോട് ഐക്യം പ്രാപിക്കുകില്‍ ഈ മായാസ്വരൂപത്തെ അറിഞ്ഞിടും. ജ്ഞാനം നിനക്കുദിച്ചീടുന്നതുവരെ മാനസത്തില്‍ മായ ഇല്ലാത്തതാണെന്ന് ഏവം എന്നുടെ വാക്കിനാല്‍ നന്നായി നിശ്ചയിച്ച് എപ്പോഴും സാധോ! വസിക്കുക.
ഒക്കെയും ബ്രഹ്മമെന്ന് ആരു ഭാവിക്കുന്നുവോ മുക്തിഭാക്കായ അവന് അവനാകുന്നു. മായയാണീ ഭേദബുദ്ധിയെന്നോര്ത്തിട്ട് അതു ദൂരെക്കളയണം. ഈ മഹാമായയാകുന്ന നദിയുടെ മറുകരെ സ്വരൂപസാക്ഷാത്ക്കാരമെന്നിയെ ആരും പ്രാപിക്കുകയില്ല. ഈ മായ ഉണ്ടായിവന്നതെങ്ങുനിന്നെന്നു നീ മനക്കാമ്പില് വിചാരിക്കേണ്ട. ഇതിനെ എങ്ങനെ ഇല്ലാതെയാക്കാമെന്നിങ്ങനെയുള്ള വിചാരമുണ്ടാകണം. മായ ക്ഷീണിച്ചു നശിച്ചീടില്‍ എങ്ങുന്നാണിത് ഉണ്ടായിവന്നതെന്നും ഇതിന്റെ രൂപം എങ്ങനെയുള്ളതാണെന്നും ഇല്ലാതായതെങ്ങനെയെന്നും എല്ലാം അറിഞ്ഞിടാം. അതുകൊണ്ട് സര്‍വ്വരോഗങ്ങള്‍ക്കും ആസ്വാദഭൂതയാകുന്ന അവിദ്യ നിന്നെയൊരിക്കലും ഇനിമേല്‍ ബാധിച്ചിടാതെയിരിക്കാന് വേണ്ടവണ്ണം ശ്രമിക്കണം. കാറ്റ് ആകാശത്തില്‍ ഒന്നിനെയും ആശ്രയിക്കാതെ കാരണമില്ലാതെ സഞ്ചരിക്കുന്നതുപോലെ ആത്മാവില്‍ എപ്പോഴും ആത്മശക്ത്യാ പരമാത്മാവ് ലോലത്വമാര്ന്നുകൊള്ളുന്നു.
സ്വച്ഛമാകുന്ന ചിത്സമുദ്രം സ്വന്തം സ്പന്ദങ്ങളാല്‍ ആത്മാവില്‍ സ്ഫുരിക്കുന്നു. അതുകൊണ്ട് അത് അഖണ്ഡവും ഏകാത്മകവുമാണെന്നു നീ ദൃഢമായി വിചാരിക്കുക. ചിത്താകുന്ന മഹാസമുദ്രത്തില്‍ ആ ചിച്ഛക്തി അല്പം ക്ഷുഭിതസ്വരൂപയായി ഉടനെതന്നെ തദ്രൂപയായി സമുദ്രത്തില്‍ തിരമാലകണക്ക് സ്ഫുരിക്കുന്നു. രാമ! കേട്ടാലും, സര്‍വശക്തിയോടെ സ്ഫുരിക്കുന്നത് ആ ദേവിതന്നെയാണ്. ദേശ, കാല, ക്രിയാശക്തികള്‍ അവളുടെ തോഴികളെന്നപോലെ അവളെ പ്രേരിപ്പിക്കുന്നു. ചിദ്ദേവിയാകട്ടെ സ്വസ്വരൂപമറിഞ്ഞ് ഏറ്റവും ഉത്തമമായ പദത്തില്‍ വാണീടിലും തന്റെ രൂപം പ്രമത്തയായി പരിച്ഛിന്നമായിട്ട് ഭാവിച്ചുകൊള്ളുന്നു. ഈവണ്ണം ആ ദേവി തന്റെ രൂപത്തിനെ ഭാവിച്ചുകൊള്ളുന്നതെപ്പോളാണോ, അപ്പോള്‍ത്തന്നെ നാമസംഖ്യാദികളായുള്ള ദൃഷ്ടികള്‍ ആ മഹാദേവിയെ പ്രാപിക്കുന്നു. ഹേ രാമചന്ദ്ര! വികല്പസഞ്ചയത്താലുണ്ടായ കല്പിതാകാരം പരവും ദേശകാലക്രിയാസ്പദവുമായ ചിത്തത്തിന്റെ രൂ
പം സുമതേ! മഹാന്മാരാല് ക്ഷേത്രജ്ഞനെന്നു പറയപ്പെടുന്നു. ക്ഷേത്രജ്ഞനെന്നു പറയപ്പെടുന്നതിന്നര്ത്ഥം ജീവനെന്നാകുന്നുവെന്നു ഓര്‍ത്തീടുക. ജീവനും പിന്നെ വാസനയെ അല്പാല്പം ഭാവിച്ച് അഹങ്കാരത്തെ ഗമിക്കുന്നു. കേള്‍ക്കുക, അഹങ്കാരം കളങ്കിതയായി നിശ്ചയാത്മികയായ ബുദ്ധിയായീടുന്നു. ബുദ്ധി സങ്കല്പകലിതയായി മനനാസ്പദത്തെ ഗമിക്കുന്നു. മന്ദം മനസ്സ് ബാഹ്യേന്ദ്രിയത്വത്തെ ഗമിക്കുന്നു. കൈകള്‍ മുതലായുള്ള ശരീരമാകുന്നത് ഇന്ദ്രിയജാലംതന്നെ. ഹേ സരോജേക്ഷണ! നീ കേള്ക്കു, സങ്കല്പവാസനയാകുന്ന കയറിനാല്‍ നല്ലവണ്ണം കെട്ടപ്പെട്ട് ജീവന് ദുഃഖജാലപരീതാത്മാവായി ക്രമേണ നീചത്വമാര്ന്നീടുന്നു. ഇത്തരം ശക്തിമയമായിരിക്കുന്ന ചിത്തുതന്നെ ഘനമായ അഹങ്കാരമായിട്ടു കോശകാരക്ക്രിമിയെന്നപോലെ തന്റെ ആശകൊണ്ട് ബന്ധനം ചെയ്യപ്പെടുന്നു. സന്മതേ! കേള്‍ക്കുക, സ്വസങ്കല്പിത ശബ്ദാദിതന്മാത്രജാലകാഭ്യന്തര വര്‍ത്തിയായി ചങ്ങലകൊണ്ടു കെട്ടിയിടപ്പെട്ട സിംഹത്തെപ്പോലെ അതു വല്ലാതെ സങ്കടപ്പെടുന്നു. മാനസം, ബുദ്ധി, നല്ലജ്ഞാനം, ക്രിയ, പിന്നെ മാനവേന്ദ്രാത്മജ! കേട്ടീടുക, അഹങ്കാരം, പുര്യഷ്ടകം, നല്പ്രകൃതി, മായാമലം, നീ ധരിക്കുക കര്‍മ്മം, ബന്ധം, ചിത്തം, അവിദ്യ, വാഞ്ഛ എന്നിത്തരമെല്ലാം അതിനെ പറയുന്നു.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: