തുറന്നുപറച്ചിലുകളാണ് ആത്മകഥയുടെ അടയാളങ്ങളിലൊന്നായി കരുതപ്പെട്ടുപോരുന്നത്. ഗാന്ധിജിയുടെയും പി.കുഞ്ഞിരാമന്‍ നായരുടെയുമൊക്കെ ആത്മകഥകളാണ് ഉദാഹരണങ്ങള്‍. നിര്‍ദയമായ സത്യസന്ധത പുലര്‍ത്തണമെന്നുള്ളതുകൊണ്ട് ആത്മകഥകള്‍ എഴുതാതിരുന്നവരുണ്ട്. വെളിപ്പെടുത്തലുകളാണ് ആത്മകഥയെ ആകര്‍ഷകമാക്കുന്ന മറ്റൊരു ഘടകം. മലയാറ്റൂര്‍ രാമകൃഷ്ണന്റെ സര്‍വീസ് സ്റ്റോറിയും തോട്ടം രാജശേഖരന്റെ ഉദ്യോഗപര്‍വവും, സമീപകാലത്ത് ജോമോന്‍ പുത്തന്‍പുരയ്‌ക്കലിന്റെയും സിപിഐ നേതാവ് സി.ദിവാകരന്റെയുമൊക്കെ ആത്മകഥകളെയും ഈ വിഭാഗത്തില്‍പ്പെടുത്താം. ഇതു രണ്ടുമല്ലാതെ സമൂഹത്തിന് ഹിതകരമായിത്തീരുന്ന വിധത്തില്‍ സ്വന്തം ജീവിതാനുഭവങ്ങള്‍ ആര്‍ജവത്തോടെ പറയുന്ന ആത്മകഥകളുണ്ട്. ഇതിന് മാതൃകയാണ് പ്രൊഫ. സി.കെ.ജി നായരുടെ ഓര്‍മക്കുറിപ്പുകള്‍ എന്ന ആത്മകഥ.
പഠനവും അധ്യാപനവും ഗവേഷണവും ഔദ്യോഗിക ജീവിതകാലവുമുള്‍പ്പെടെ ഏഴ് പതിറ്റാണ്ടിന്റെ അനുഭവങ്ങളാണ് സി.കെ.ജി. നായര്‍ പങ്കുവയ്‌ക്കുന്നത്. അവതാരികയില്‍ മുന്‍ എംപിയും സഹപ്രവര്‍ത്തകയുമായ പ്രൊഫ. സാവിത്രി ലക്ഷ്മണന്‍ ചൂണ്ടിക്കാട്ടുന്നതുപോലെ അക്ഷരാര്‍ത്ഥത്തില്‍ അനുപമമായ അനുഭവമണ്ഡലങ്ങള്‍ തുറന്നുതരുകയും, അത്ഭുതലോകങ്ങളുടെ അവിസ്മരണീയമായ കാഴ്ചകള്‍ സമ്മാനിക്കുന്നതുമാണ് ഈ കൃതി.
ആലപ്പുഴയില്‍ ജനിച്ച് കോളജ് വിദ്യാഭ്യാസത്തിനുശേഷം കൊല്‍ക്കത്തയിലും രാജസ്ഥാനിലെ പിലാനിയിലും ഉപരിപഠനം പൂര്‍ത്തിയാക്കി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വകുപ്പില്‍ അധ്യാപകനായി ചേരുകയും, കോഴിക്കോട് സര്‍വകലാശാലയിലെ അക്കാദമിക് സമിതികളില്‍ അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളയാളാണ് ഡോ. സി.കെ.ജി. നായര്‍. അന്‍പതോളം ഗവേഷണ പ്രബന്ധങ്ങള്‍ രചിക്കുകയും, നിരവധിയാളുകള്‍ക്ക് പിഎച്ച്ഡി ബിരുദമെടുക്കാന്‍ ഗൈഡായി പ്രവൃത്തിക്കുകയും ചെയ്തിട്ടുള്ള ഒരു മാതൃകാധ്യാപകന് പറയാവുന്നത്രയും ഈ ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പഠനവും പരിശ്രമവും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ ഒരാള്‍ക്ക് ഉയര്‍ച്ചയുടെ പടവുകള്‍ കയറിപ്പോകാനാവുമെന്നതിന്റെ അനുഭവസാക്ഷ്യമാണ് ഈ പുസ്തകം.
ആത്മകഥകളും ജീവചരിത്രങ്ങളും തമ്മില്‍ അന്യോന്യബന്ധമുണ്ട്. ആത്മകഥ മറ്റൊരു രൂപത്തിലുള്ള ജീവചരിത്രമാണ്. ഒരാള്‍ തന്റെ ജീവിതത്തിലേക്ക് ആത്മാര്‍ത്ഥമായി തിരിഞ്ഞുനോക്കുന്നതാണ് ആത്മകഥയെങ്കില്‍, ഒരാളുടെ ജീവിതം മറ്റൊരാള്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നതാണ് ജീവചരിത്രം. ആദ്യത്തേതിന് പഠനവും ഗവേഷണവുമൊന്നും ആവശ്യമില്ല. രണ്ടാമത്തേതിന് അത് വേണ്ടിവരും. സി.കെ.ജി. നായരുടെ ഓര്‍മക്കുറിപ്പുകള്‍ ഒരേ സമയം ആത്മകഥയും ജീവചരിത്രവുമാണ്.
പുസ്തകത്തിന്റെ ഉള്ളടക്കത്തിലുടനീളം ഒരു അധ്യാപകന്‍ ഉണര്‍ന്നിരിക്കുന്നുണ്ട്. തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നുകൊടുക്കുന്നതുപോലെയാണ് പ്രതിപാദന രീതി. താന്‍ ജനിച്ചതിന്റെയും വളര്‍ന്നതിന്റെയും, വീട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ വ്യക്തിഗതമായ കാര്യങ്ങള്‍ എഴുതുമ്പോഴും പ്രാദേശിക ചരിത്രം, സ്ഥലനാമങ്ങള്‍, ക്ഷേത്രങ്ങള്‍, കാവുകള്‍, ആചാരാനുഷ്ഠാനങ്ങള്‍, അനുഷ്ഠാന കലകള്‍, പരിസ്ഥിതി തുടങ്ങിയവയെക്കുറിച്ചെല്ലാം ലളിതമായും സുതാര്യമായും പറയുന്നു. വാക്കുകളെക്കുറിച്ചും സ്ഥലനാമങ്ങളെക്കുറിച്ചും വളരെ ഉള്‍ക്കാഴ്ചയോടെ പറയുന്നുണ്ട്. പഴയതും പുതിയതുമായ പാമ്പന്‍ പാലത്തിന്റെ ചരിത്രവും, ധനുഷ്‌കോടി സന്ദര്‍ശനവും രാമേശ്വരം ക്ഷേത്രദര്‍ശനവും മറ്റും വിവരിക്കുമ്പോള്‍ പൊതുവെ അറിയപ്പെടാത്ത പല കാര്യങ്ങളും വായനക്കാര്‍ക്ക് ലഭിക്കുന്നു. രാമസേതുവിന്റെ നിര്‍മാണത്തെക്കുറിച്ച് പങ്കുവയ്‌ക്കുന്ന ശാസ്ത്രീയമായ വിവരങ്ങള്‍ ഭാരതീയ പൈതൃകത്തിലുള്ള അഭിമാനം വര്‍ധിപ്പിക്കും.
ആധുനിക കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തെക്കുറിച്ച് സ്വാനുഭവത്തില്‍ നിന്നുള്ള ചില പരാമര്‍ശങ്ങള്‍ പുതിയ തലമുറകള്‍ക്ക് തിരിച്ചറിവുകള്‍ സമ്മാനിക്കും. പുന്നപ്ര-വയലാര്‍ സമരത്തിലെ കമ്യൂണിസ്റ്റ് വഞ്ചന, ആര്‍എസ്എസ് ബന്ധം, ആലപ്പുഴയില്‍ ഗുരുജി ഗോള്‍വല്‍ക്കര്‍ പങ്കെടുത്ത പൊതുപരിപാടി അലങ്കോലപ്പെടുത്താന്‍ കമ്യൂണിസ്റ്റുകള്‍ നടത്തിയ വിഫലശ്രമം, സര്‍ദാര്‍ കെ.എം.പണിക്കര്‍ അംഗമായ സംസ്ഥാന പുനഃസംഘടനാ സമിതി കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചത് എന്നിങ്ങനെ വെളിപ്പെടുത്തലുകളുടെ സ്വഭാവമുള്ളതും വ്യതിരിക്തവുമായ നിരവധി കാര്യങ്ങള്‍ പറയുന്നുണ്ട്. ആലപ്പുഴയെക്കുറിച്ച് വിവരിക്കുന്ന ആ പേരിലുള്ള അധ്യായം ധര്‍മരാജാവിന്റെ കാലം മുതല്‍ ആധുനികകാലം വരെയുള്ള തിരുവിതാംകൂറിന്റെ ചരിത്രത്തിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണമാണ്.
കൊല്‍ക്കത്തയില്‍ ഫിഷറീസ് ട്രെയിനിങ് കോഴ്‌സിനും രാജസ്ഥാനില്‍ എംഎസ്‌സിക്കും പഠിച്ചതിനെക്കുറിച്ചുള്ള ഓര്‍മകളില്‍ രണ്ട് സംസ്ഥാനങ്ങളിലെയും ജനജീവിതത്തിന്റെ നഖചിത്രങ്ങള്‍ വരച്ചിടുന്നതിനു പുറമെ കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരക നിര്‍മാണം, അന്തര്‍ധാനം ചെയ്ത സരസ്വതി നദി എന്നിവയെക്കുറിച്ചും പറയുന്നു. വൈക്കത്തിന്റെയും വേമ്പാനാട്ടുകായലിന്റെയും ഐതിഹ്യവും, വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രവും വിവരിക്കുന്ന അധ്യായം മറ്റിടങ്ങളില്‍നിന്ന് കിട്ടാനിടയില്ലാത്ത അറിവുകള്‍ നല്‍കുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ അധ്യാപകനായി വന്നതോടെ ആരംഭിക്കുന്ന ജീവിതത്തിലെ ഉദ്യോഗപര്‍വത്തെക്കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന അവസാനത്തെ മൂന്ന് അധ്യായങ്ങള്‍ കൂടുതല്‍ ആധികാരികവും അനുഭവസാന്ദ്രവുമാണ്. അധ്യാപനത്തിലെ ഹൃദ്യമായ അനുഭവങ്ങളും, അപരിചിതമായ ഒരു നാടുമായും അവിടുത്തെ ജനങ്ങളുമായും ഇണങ്ങിച്ചേര്‍ന്നതിന്റെ നാള്‍വഴിയും വിശദമായിത്തന്നെ വിവരിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയുടെ സ്ഥലനാമചരിത്രത്തെക്കുറിച്ചും, കൂടല്‍ മാണിക്യം ക്ഷേത്രത്തിന്റെ ഐതിഹ്യത്തെക്കുറിച്ചും സവിശേഷമായി പറഞ്ഞിരിക്കുന്നത് ഗവേഷകര്‍ക്ക് വഴികാട്ടും. നിര്‍മാല്യം, ദേശാടനം എന്നീ ചലച്ചിത്രങ്ങളെ അവയുടെ പ്രമേയങ്ങള്‍ മുന്‍നിര്‍ത്തി പുരസ്‌കരിച്ചതും തിരസ്‌കരിച്ചതും വിമര്‍ശനവിധേയമാക്കുന്നത് വിപുലമായ ഒരു താരതമ്യപഠനത്തിനു വഴിതെളിക്കും.
ക്രൈസ്റ്റ് കോളജിനെക്കുറിച്ച് പറയുമ്പോള്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ 50 ഏക്കറോളം ഭൂമി ആരോരുമറിയാതെ കോളജിന് കൈമാറിയതും, ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ പാട്ടക്കുടിശിക പോലും തീര്‍ക്കാതെ ഈ ഭൂമി സിഎംഐ സഭയ്‌ക്ക് വിട്ടുകൊടുത്തതും അനീതിയാണെന്നു പറയാന്‍ ഗ്രന്ഥകാരന്‍ മടിക്കുന്നില്ല. അസംഘടിതമായ ഹിന്ദുസമുദായത്തിന്റെ വിശാലമനസ്‌കതയെ സഹിഷ്ണുതയെന്നു പുകഴ്‌ത്തി മുതലെടുക്കുന്ന നിരവധി സംഭവങ്ങളില്‍ ഒന്നാണിതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഇതിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ ഹിന്ദു വര്‍ഗീയതയായി ചിത്രീകരിക്കപ്പെടുകയാണെന്ന് അഭിപ്രായപ്പെടുന്നുമുണ്ട്. എഴുത്തച്ഛന്റെ ജന്മസ്ഥലത്ത് ആചാര്യന്റെ ഒരു പ്രതിമ ഇല്ലാതെ പോകുന്നതിന്റെ കൃതഘ്‌നതയിലേക്കും വിരല്‍ചൂണ്ടുന്നു. ക്രൈസ്റ്റ് കോളജില്‍ നിന്ന് വിരമിച്ചശേഷവും വിവിധയിടങ്ങളില്‍ അധ്യാപനം തുടര്‍ന്നതിന്റെയും, സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന്റെയും, ആസ്‌ട്രേലിയ സന്ദര്‍ശിച്ചതിന്റെയും, ആര്‍എസ്എസിന്റെ ആഭിമുഖ്യത്തിലുള്ള സേവാഭാരതിയുമായി സഹകരിക്കുന്നതിന്റെയും അനുഭവങ്ങള്‍ പങ്കുവച്ചാണ് സി.കെ.ജി. നായര്‍ ആത്മകഥ അവസാനിപ്പിക്കുന്നത്.
രേഖീയമായി പുരോഗമിക്കുന്ന ഒരു രചനാരീതിക്കു പകരം കാലത്തിലൂടെ മുന്നോട്ടും പിന്നോട്ടും സഞ്ചരിച്ച് അനുഭവങ്ങള്‍ പറയുമ്പോഴും തുടര്‍ച്ച നഷ്ടപ്പെടുന്നില്ല. കൊല്‍ക്കത്തയില്‍നിന്ന് കേരളത്തിലേക്കും, ഇരിങ്ങാലക്കുടയില്‍നിന്ന് ആലപ്പുഴയിലേക്കുമൊക്കെയുള്ള ഈ അനുഭവസഞ്ചാരത്തില്‍ അറിവുകള്‍ വന്നുനിറയുന്നു. രണ്ട് നൂറ്റാണ്ടുകളിലായി വിഭജിച്ചുകിടക്കുന്ന ഒരു കാലഘട്ടത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ജനജീവിതവും അടുത്തറിയാനുതകുന്ന പ്രൗഢമായ ഈ ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം പലനിലയ്‌ക്കും ആകര്‍ഷകമാക്കാമായിരുന്നു. ബന്ധപ്പെട്ടവര്‍ അടുത്ത പതിപ്പില്‍ അതിന് ശ്രമിക്കുമെന്നു പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: