പി എം ജോഷി
കെ ഫോണ്‍ പദ്ധതിക്ക് കേന്ദ്ര സഹായം കൂടാതെ ബാക്കി സഹായം നല്‍കുന്നത് കിഫ്ബിയില്‍ നിന്നുമാണ്. 1548 കോടി രൂപയാണ് ചെലവായി കണക്കാക്കുന്നത്. സംസ്ഥാന ഇലക്ട്രോണിക്സ്, ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി പുറത്തുവിട്ട സര്‍ക്കുലര്‍ പ്രകാരം ആദ്യഘട്ടത്തില്‍ 70000 കണക്ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കും എന്നാണ് പറഞ്ഞിട്ടുള്ളത്. 140 നിയോജക മണ്ഡലങ്ങളിലും 500 കണക്ഷന് വിതം. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഇതിന്റെ ചെലവിലേക്കായി തുക അനുവദിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കി. അതുപ്രകാരം ഒരു കണക്ഷന് ഒറ്റത്തവണ ചെലവിനായി 5000 രൂപയും പ്രതിമാസ റെക്കറിങ് ചെലവായി 300 രൂപ വിതവും അനുവദിച്ചു. ഈ തുക കിഫ്ബിയില്‍ (കേരള സ്റ്റേറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്) നിന്നാണ് അനുവദിച്ചത്. ഈ കണക്കുപ്രകാരം ഒറ്റത്തവണയായി 35 കോടി രൂപയും പ്രതിമാസ ചെലവിനായി 2.1 കോടി രൂപയും അനുവദിച്ചു. ഈ രീതിയില്‍ വിഭാവന ചെയ്യുമ്പോള്‍ സര്‍ക്കാര്‍ നല്കുന്ന 20 ലക്ഷം സൗജന്യ കണക്ഷനുകള്‍ക്ക് 1000 കോടി രൂപ ഒറ്റതവണയായും, 720 കോടി രൂപ പ്രതിമാസ റെക്കറിങ് ചാര്‍ജായി ഒരു വര്‍ഷത്തേക്കും ചെലവാകും. ഇതു കൂടാതെ 30000 സര്‍ക്കാര്‍ കണക്ഷനുകള്‍ക്ക് ഒറ്റത്തവണ ചെലവായി 15 കോടി രൂപയും പ്രതിമാസ റെക്കറിങ് ചാര്‍ജ് വകയില്‍ ഒരു വര്‍ഷം 10.8 കോടി രൂപയും ചെലവു വരും. ഇത് കിഫ്ബിയില്‍ നിന്നും നല്കുമ്പോള് സര്‍ക്കാരിന് വരുമാനമായി ഒന്നും ലഭിക്കുന്നില്ല. കാരണം സേവനം സൗജന്യമാണല്ലോ.
ഈ തുകയില്‍ നിന്നും ഉപഭോക്താവിന് സേവനം നല്കുന്ന ലോക്കല്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും ഐഎസ്പികള്‍ക്കും ഒറ്റത്തവണ ഇന്സ്റ്റലേഷന് (കേബിള്‍+ മോഡം) ചാര്‍ജായി വരുന്നതുകയും ഉപഭോക്താവിന് നല്‍കിയിട്ടുള്ള പാക്കേജിന്റെ (പാക്കേജ് സൗജന്യമാണെങ്കിലും) പകുതി തുക എങ്കിലും പ്രതിമാസ മെയിന്റനന്‍സ് ചാര്‍ജായും നല്‍കേണ്ടിവരും. അത് മിനിമം തുകയായ 150 രൂപയെങ്കിലും വരും. ഈ തുകയ്ക്കുള്ള ബില്ലുകള്‍ മാസവും നല്കുമ്പോള് അവരുടെ ബില്‍ തുക മുടക്കമില്ലാതെ അടച്ചില്ലെങ്കില്‍ അവര്‍ സേവനം നിര്‍ത്തിവയ്ക്കും. പ്രത്യേകം ഓര്‍ക്കേണ്ട കാര്യം ഇടതു സംഘടനകളില്‍ പെട്ടവരാണ് ഭൂരിപക്ഷം കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരും കണ്‍സോര്‍ഷ്യവും എന്നതാണ്.
കേന്ദ്ര സര്‍ക്കാറിന്റെ ഡിജിറ്റല്‍ ഇന്‍ഡ്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ എല്ലാ ജില്ലാ/ബ്ളോക്ക്/ഗ്രാമ പഞ്ചായത്തുകളും ഒപ്റ്റിക്കല്‍ കേബിള്‍ വഴി ബന്ധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഉദ്യമി പദ്ധതിയില്‍ റൂറല്‍ പിന്നാക്ക പ്രദേശങ്ങളില്‍ എഫ്ടിടിഎച്ച് കണക്ഷന് സൗജന്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയിലൂടെ പല വകുപ്പുകളും ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ 12000 ത്തോളം സ്കൂളുകളെ ബന്ധിപ്പിക്കുന്ന ഐറ്റി അറ്റ് സ്കൂള്‍ നെറ്റ്വര്‍ക്ക്, കെ ഫോണ്‍ വരും എന്നു പറഞ്ഞ് ബിഎസ്എന്‍എല്‍ കണക്ഷന് അവസാനിപ്പിച്ചു. പക്ഷെ പല സ്കൂളുകളിലും കെ ഫോണ്‍ എത്തിയിട്ടില്ല. സ്കൂള്‍ അധികാരികള്‍ പലയിടത്തും സ്വന്തം പൈസ മുടക്കി ബിഎസ്എന്‍എല്‍ സര്‍വ്വീസ് നിലനിര്‍ത്തുന്നു. ഇവയ്ക്കൊക്കെ ബദലായി കെ ഫോണ്‍ കണക്ഷനുകള്‍ എന്ന് നല്‍കും എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്ക്കുന്നു. കെ ഫോണിന്റെ ഭാഗമായി 48 ഫൈബര്‍ കേബിളുകളാണ് പോസ്റ്റുകള്‍ വഴി വലിച്ചിട്ടുള്ളത്. ഇതില്‍ 20 ഫൈബറാണ് കെ ഫോണ്‍ ഉപയോഗിച്ചിട്ടുള്ളത്. ബാക്കി വരുന്ന 28 ഫൈബര്‍ (ഡാര്‍ക്ക് ഫൈബര്‍) ഐഎസ്പികള്‍ക്കും കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും വാടകയ്ക്ക് നല്‍കാനാണ് പദ്ധതി. എന്നാല്‍ ഇവര്‍ക്കെല്ലാം ഇപ്പോള്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് ഉണ്ട്. കുത്തകളെ കേരളത്തില്‍ നിന്ന് ഒഴിവാക്കും എന്ന് പറയുമ്പോഴും അവര്‍ക്ക് കേബിള്‍ വാടകയ്ക്ക് നല്കാന് ഉദ്ദേശിക്കുന്നു എന്നതാണ് വിരോധാഭാസം. കേരള ജനസംഖ്യ 3.4 കോടിയാണ്. കേരളത്തില്‍ 3.1 കോടി നെറ്റ് ഉപഭോക്താക്കളും ഉണ്ട്. ഭാരതത്തില്‍ 90 കോടി ഉപഭോക്താക്കള്‍ ഉള്ളപ്പോള്‍ കേരള ശതമാനം 3.8 മാത്രം. ഇവിടെയാണ് 20 ലക്ഷം സൗജന്യ കണക്ഷന് കെ ഫോണ്‍ നല്‍കുന്നത്. മറ്റ് സര്‍വ്വീസ് പ്രൊവൈടേഴ്സിനെ ഉപേക്ഷിച്ച് കേ ഫോണിലേക്ക് ഉപഭോക്താക്കള്‍ വന്നാലേ കെ ഫോണ്‍ ലാഭകരമാവു. എന്നാല്‍ കെ ഫോണ്‍ സേവനം മറ്റു ഐഎസ്പികളേക്കാന് ഗുണനിലവാരത്തിലും വിലയിലും ആകര്‍ഷകമല്ല. 2012ല്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രൂപികരിച്ച ഭാരത് ബ്രോഡ്ബാന്റ് ലിമിറ്റഡ് കേരളത്തില്‍ എല്ലായിടത്തും ഓഎഫ്സി നെറ്റ്വര്‍ക്ക് സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകള്‍ക്ക് എഫ്റ്റിറ്റിഎച്ച് സേവനം നല്‍കിയിരുന്നു. അതു പോലെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളെ ബന്ധിപ്പിക്കുന്ന കെഎസ്സ്ഡ്ബഌുഎഎന് നിലവില്‍ ഉണ്ട്. ഇതില്‍ ബിഎസ്എന്‍എല്‍ കണക്റ്റിവിറ്റിയാണുള്ളത്. ഇത് നിലനിര്‍ത്തുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
20 ലക്ഷം പേര്‍ക്ക് സൗജന്യ കണക്ഷന് നല്കുമ്പോള് അവര്‍ക്ക് അതുപയോഗിക്കാന്‍ സ്മാര്‍ട്ട് ഫോണോ ലാപ് ടോപ്പോ വേണ്ടി വരും. ഒരു 1000 കോടി രൂപ മുടക്കിയാല്‍ സര്‍ക്കാരിന് ആ സേവനം കൂടി നല്‍കാനാവും. കാരണം ആ ഉപഭോക്കാക്കള്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ ആണല്ലോ. കേന്ദ്ര സര്‍ക്കാരിന് യുഎസ്ഓഎഫ് (യൂണിവേര്‍സല്‍ സെര്വീവ് ഒബഌഗേറ്ററി ഫണ്ട്) ഉണ്ട്. അതുപയോഗിക്കുന്നത് രാജ്യത്തെ ഗ്രാമീണ പിന്നാക്ക മേഖലകളില്‍ നല്ല ഗുണനിലവാരം ഉള്ളതും ഉപഭോക്താവിന് താങ്ങാനാവുന്നതുമായ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കാനാണ്. കേന്ദ്രം ഈ ഫണ്ട് ഉപയോഗിച്ച് സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ രീതിയില്‍ ഭീമമായ തുക ചെലവാക്കാനാവില്ല. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച ഹൈ സ്പീഡ് ട്രെയിന്‍ പദ്ധതിയായ സില്‍വര്‍ ലൈന്‍ പോലെ തന്നെയാകും കെ-ഫോണും. സംസ്ഥാനത്ത് ആവശ്യത്തിനു വേഗതയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ ആശ്വാസകരമായ നിരക്കില്‍ കേന്ദ്രം നല്‍കിയിട്ടുണ്ട്. അപ്പോള്‍ ഉയര്‍ന്ന നിരക്കും കോടികളുടെ ചെലവും വരുന്ന പദ്ധതികള്‍ വിജയകരമാവില്ലല്ലോ. കെ ഫോണിന്റെ അവസ്ഥയും ഇതു തന്നെ. ലാഭകരമാവില്ലാത്ത ഒരു പദ്ധതി എത്ര കാലം കേരള സര്‍ക്കാര്‍ ചെലവില്‍ മുന്നോട്ടു കൊണ്ടുപോകാനാകും?
ഇനിയും കെ ഫോണില്‍ അഴിമതി കാത്തിരിക്കുന്ന ഒരു മേഖല ഉണ്ട്. സൗജന്യ സേവനം കൊടുക്കേണ്ടവരെ 140 നിയോജക മണ്ഡലങ്ങളിലും തിരഞ്ഞെടുക്കുന്ന പ്രക്രിയ. യുഡിഎഫ് എംഎല്എമാരുടേതൊഴികെയുള്ള മണ്ഡലങ്ങളില്‍ ഇടതുപക്ഷക്കാരായ ബിപിഎല്‍കാരെ കണ്ടെത്തി കണക്ഷന് നല്‍കാനുള്ള ശ്രമം നടക്കുന്നു. മാത്രമല്ല സൗജന്യ കണക്ഷന് ഉപയോഗിക്കുന്നവരില്‍ നിന്നും മറ്റുള്ളവര്‍ ഈ സേവനം കാലക്രമേണ തട്ടിയെടുക്കാന്‍ സാദ്ധ്യത കൂടുതലാണ്. ഇടതു അനുഭാവികളായ ലോക്കല്‍ കേബിള്‍ ഓപ്പറേറ്റര്‍ മാത്രം വിചാരിച്ചാല്‍ ഇത് നടക്കും.
ഒരു സര്‍ക്കാര്‍ വക വെള്ളാനയെ സൃഷ്ടിക്കാന്‍ പലര്‍ക്കും താല്പര്യം കാണും. കാരണം ഇത്തരം പദ്ധതികളില്‍ നിന്നുമുള്ള കമ്മീഷന് മുന്‍കൂറായി ലഭിക്കും. കേബിള്‍ വാങ്ങല്‍, കേബിള്‍ വലിക്കല്, ഉപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങിയ രംഗങ്ങളിലെല്ലാം അഴിമതി നടമാടി കമ്മീഷന് വീതം വയ്ക്കല്‍ കഴിഞ്ഞിരിക്കുന്നു. വെള്ളാനയെ നശിപ്പിക്കാനും എളുപ്പം. നശിച്ചാല്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഇല്ല. കെഎസ്ആര്‍ടിസി പോലെ. നടത്തിപ്പുകാരുടെ തലയില്‍ പഴി ചാരാം. ഒരു രീതിയിലും ലാഭകരമാകില്ല എന്ന പദ്ധതി 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് നല്‍കുമ്പോഴുള്ള ചെലവ് നികുതിദായകന്റെ തലയില്‍ കെട്ടിവയ്ക്കുന്ന പദ്ധതി. കിഫ്ബിയിലെ തുക രാജ്യപുരോഗതിക്കുള്ള കാര്യങ്ങള്‍ക്കു വേണ്ടിയോ ക്ഷേമകാര്യങ്ങള്‍ക്കു വേണ്ടിയോ ഉപയോഗിക്കുന്നതിനു പകരം ധൂര്‍ത്തടിക്കാനുള്ള പദ്ധതിയാക്കി കെ ഫോണിനെ മാറ്റുന്നു. കെ ഫോണ്‍ ഇപ്പോള്‍ സേവനത്തിനുള്ള ബാന്‍ഡ് വിസ്ത് 10 ജിബി പിഎസ് ബിഎസ്എന്‍എല്ലില്‍ നിന്നുമാണ് എടുത്തിട്ടുള്ളത്. കേന്ദ്ര പൊതുമേഖല സ്ഥാപനമായതു കൊണ്ട് ഇടപാടുകളില്‍ സുതാര്യത ഉണ്ട്. കമ്മീഷന് ലഭിക്കില്ല. അതാകാം ബിഎസ്എന്‍എല്ലിനെ ഒഴിവാക്കി പുതിയ ഐഎസ്പിയെ കണ്ടെത്താന്‍ ടെന്‍ഡര്‍ വിളിച്ചു കഴിഞ്ഞു. അമേരിക്കന്‍ കമ്പനിയായ ഒരു ഐഎസ്പിയുടെ സര്‍വ്വീസ് എടുക്കാനാണ് നീക്കം. മുഖ്യന്റെയും ടീമിന്റെയും അമേരിക്കന്‍ യാത്രയില്‍ ഈ വിഷയവും കണ്ടേക്കാം. അതായിരിക്കുമല്ലോ കേരളത്തിന് സ്വന്തമായി ഇന്റര്‍നെറ്റ് ഉണ്ടെന്ന് അമേരിക്കയില്‍ പ്രസംഗിച്ചത്.
വെള്ളാനയെ മുന്നോട്ടു നയിക്കല്‍ വളരെ ശ്രമകരമായ കാര്യമാണ്. അധികം വൈകാതെ ഈ ആന അവശനായി വീഴുന്നത് കാണാന്‍ നമുക്ക് ഭാഗ്യമുണ്ടാകും! പക്ഷെ അതിന്റെ ഭാരവും ജനങ്ങളുടെ തലയില്‍ തന്നെ. നാളെ കേരളത്തിലുള്ള റോഡുകളെല്ലാം കെ റോഡാക്കി സര്‍ക്കാര്‍ ഏറ്റെടുത്തേക്കാം. ഒപ്പം കെ പ്ളെയ്നും വന്നേക്കാം. കേന്ദ്രം മുടക്കുന്ന ശതകോടികള്‍ സംസ്ഥാനത്തിന് മുടക്കാന്‍ വരുമാനമുണ്ടോ? ആന വാപൊളിക്കുന്നത് കണ്ട് അണ്ണാന് വാ പൊളിച്ചതു പോലെ എന്ന പഴഞ്ചൊല്ല് ഓര്‍ത്തു പോകുന്നു.
അവസാനിച്ചു
(റിട്ടയേര്‍ഡ് ബിഎസ്എന്‍എല്‍ എക്സിക്യൂട്ടിവും ഭാരതീയ ദൂര് സഞ്ചാര്‍ പെന്‍ഷനേഴ്സ് സംഘ്(ബിഎംഎസ്) സംസ്ഥാന അധ്യക്ഷനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: