ന്യൂദല്‍ഹി:ജൂണ്‍ 23ന് പ്രതിപക്ഷ ഐക്യസമ്മേളനം നടക്കുന്നതിന് തൊടു മുന്‍പ് ദല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസ് മത്സരിക്കരിക്കില്ലെന്ന് ഉറപ്പുനല്കണമെന്ന ആവശ്യമുയര്‍ത്തി ആം ആദ്മി. ദല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജാണ് ഈ ആവശ്യം ഉന്നയിച്ചത്. അങ്ങിനെയെങ്കില്‍ മധ്യപ്രദേശിലും ഛത്തീസ് ഗഢിലും ആം ആദ്മി മത്സരിക്കാതിരിക്കാമെന്നും ആം ആദ്മി കോണ്‍ഗ്രസിന് വാഗ്ദാനം നല്കുന്നു.
ഇതോടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രതിപക്ഷ ഐക്യമെന്ന ആശയത്തില്‍ സംശയം പ്രകടിപ്പിക്കുകയാണ് കോണ്‍ഗ്രസ്. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെജ്രിവാളിന്റെ പാര്‍ട്ടി സ്വാര്‍ത്ഥ താല്പര്യം പ്രകടിപ്പിക്കുന്നതിനെ കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് ക്രിഷ്ണം വിമര്‍ശിച്ചു.
“പ്രതിപക്ഷ ഐക്യത്തിന് മുന്നോടിയായി ബംഗാളില്‍ കോണ്‍ഗ്രസ് മത്സരിക്കരുതെന്ന ആവശ്യം മമതാ ബാനര്‍ജി നേരത്തെ മുന്നോട്ട് വെച്ചിരുന്നു. അതുപോലെ കെ.സി. ചന്ദ്രശേഖരറാവു കോണ്‍ഗ്രസ് തെലുങ്കാനയില്‍ മത്സരിക്കരുതെന്ന് പറയുന്നു. ഇതു തന്നെയാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പുകളില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കണമെന്ന അഖിലേഷ് യാദവ് മുന്നോട്ട് വെയ്ക്കുന്ന ആവശ്യവും. മറ്റെല്ലാ പാര്‍ട്ടികളും ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് അവരുടെ സംസ്ഥാനങ്ങളില്‍ മത്സരിക്കരുതെന്നാണ്. കാര്യങ്ങള്‍ ഇങ്ങിനെയെങ്കില്‍ കോണ്‍ഗ്രസ് എങ്ങോട്ട് പോകും? പാര്‍ട്ടികള്‍ ഒന്നിക്കുന്നതിന് മുന്‍പ് ഹൃദയങ്ങള്‍ ഒന്നിക്കണം. കോണ്‍ഗ്രസിനെ പിന്നില്‍ നിന്നും കുത്തിയിട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് മോദിയെ ജയിക്കാനാവില്ല.”- കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം പറയുന്നു.
മോദിയുടെ ജനപ്രീതി കാരണം അദ്ദേഹത്തെ തോല്പിക്കുക എളുപ്പമല്ല. കെസിആര്‍, മമത, കെജ്രിവാള് എന്നിവര്‍ പ്രധാനമന്ത്രിയാകണം എന്ന് ആഗ്രഹിക്കുന്നു. പക്ഷെ അവര്‍ ഇക്കാര്യം തുറന്നുപറയുന്നുമില്ല. ഈ നിലയ്ക്ക് പോയാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തന്നെ മോദിയുടെ കോണ്‍ഗ്രസ് മുക്ത് ഭാരതം എന്ന സ്വപ്നം എളുപ്പത്തില്‍ യാഥാര്‍ത്ഥ്യമാക്കും. – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: