മനോജ് പൊന്‍കുന്നം
ഭാരതത്തിലെ പുണ്യപുരാതന നഗരങ്ങളില്‍ ഒന്നായ പ്രയാഗ് അടുത്തകാലംവരെ അലഹബാദ് എന്നാണ് അറിയപ്പെട്ടിരുന്നത്. 1575ല്‍ അക്ബര്‍ ചക്രവര്‍ത്തിയാണ് പ്രയാഗ് എന്ന പഴയ നഗരത്തിന്റെ പേര് ‘ഇലഹാബാദ്’ അഥവാ ‘ദൈവത്തിന്റെ നഗരം’ എന്ന് മാറ്റിയത്. അദ്ദേഹം സ്ഥാപിച്ച മതമായ ‘ദിന് ഇലാഹി’യാണ് പേരുമാറ്റത്തിന് ആസ്പദമായതെന്ന് കരുതപ്പെടുന്നു. ഗംഗ, യമുന, സരസ്വതി നദികള്‍ സംഗമിക്കുന്ന അലഹബാദിനെ 2018 ല്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, ‘പ്രയാഗ്രാജ്’ എന്നാക്കി മാറ്റി.
പ്രയാഗ്രാജിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് മഹര്‍ഷി ഭരദ്വാജ് ആശ്രമം. നിസ്സാരനല്ല ഭരദ്വാജ മഹര്‍ഷി. വേദങ്ങളില്‍ പ്രതിപാദിക്കുന്ന സപ്തര്‍ഷികളില്‍ പ്രധാനി. ദേവഗുരുവായ ബൃഹസ്പതിയുടെ പുത്രന്. പാണ്ഡവരേയും കൗരവരേയും വിദ്യ അഭ്യസിപ്പിച്ച ദ്രോണാചാര്യരുടെ അച്ഛന്. അദ്ദേഹത്തിന്റെ ആശ്രമമാണ് അവിടെ സ്ഥിതിചെയ്യുന്നത്. വലിയ ആര്‍ഭാടമൊന്നുമില്ലാതെ.
പ്രയാഗ്രാജില് ആദിശങ്കരന്റെ സ്മരണക്കായി നിര്‍മ്മിച്ചിരിക്കുന്ന പുണ്യസങ്കേതമാണ് ‘ശങ്കര വിമാന് മണ്ഡപം’ എന്ന ക്ഷേത്രം. മൂന്നുനിലകളിലായി കേരളീയ വാസ്തുകലയില്‍ തീര്‍ത്തൊരു ശിവക്ഷേത്രം.
കുംഭമേളകളാണ് പ്രയാഗ്രാജിനെ വിഖ്യാതമാക്കുന്നത്. ഭൂമിയിലെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമങ്ങളില്‍ ഒന്നാണ് കുംഭമേള. 12 വര്‍ഷത്തിലൊരിക്കലുള്ള കുംഭമേളകള്‍ നടക്കുന്ന പുണ്യസ്ഥലങ്ങളില്‍ ഒന്ന് പ്രയാഗ്രാജാണ്. ഹരിദ്വാര്‍, അലഹാബാദിലെ പ്രയാഗ്, നാസിക്, ഉജ്ജയ്ന്‍, എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്.
വിശ്വപ്രസിദ്ധം കുംഭമേള
പാലാഴി മഥനത്തില്‍ ലഭിച്ച അമൃതിനായി അസുരന്മാരും ദേവന്മാരും യുദ്ധം ആരംഭിച്ചു. ഒടുവില്‍ അമൃതകുംഭവൂമായി ഗരുഡന് പറന്നുയര്‍ന്നപ്പോള്‍ അതില്‍ നിന്നും നാല് തുള്ളികള്‍ ഭൂമിയിലേക്ക് പതിച്ചു. പ്രയാഗ്, ഹരിദ്വാര്‍, ഉജ്ജൈന്‍, നാസിക് എന്നീ ഇടങ്ങളിലാണ് അമൃതതുള്ളികള്‍ വീണത്. ഈ സംഭവത്തിന്റെ ഓര്‍മ്മയിലാണ് കുംഭമേള ആഘോഷിക്കുന്നത് എന്നാണ് വിശ്വാസം.
കുംഭമേള നടക്കുന്നത് പുണ്യനദികളുടെ തീരങ്ങളിലായിരിക്കും. ഗംഗാനദി ഹരിദ്വാറിലും ഗംഗാ, യമുനാ സരസ്വതി നദികളുടെ സംഗമം പ്രയാഗിലും ഗോദാവരിയുടെ സാന്നിധ്യം നാസിക്കിലും ഷിപ്രാ നദിയുടെ സാന്നിധ്യം ഉജ്ജയിനിലും കാണാം.
മകരസംക്രാന്തി, പൗഷ് പൂര്‍ണ്ണിമ, മൗനി അമാവാസി, ബസന്ത് പഞ്ചമി, മാഘി പൂര്‍ണ്ണിമ, മഹാശിവരാത്രി എന്നിങ്ങനെ ആണ് കുംഭമേളയെ തരം തിരിച്ചിരിക്കുന്നത്. ഇപ്രകാരം ക്രമീകരിച്ചത് ശ്രീശങ്കരാചാര്യര്‍ ആയിരുന്നു എന്നത് ഭാരതത്തിന്റെ ആദ്ധ്യാത്മിക ചരിത്രത്തില്‍ നമ്മള് കേരളീയര്‍ക്ക് എന്നും അഭിമാനിക്കാവുന്ന കാര്യമാണ്.
ഹൈന്ദവവിശ്വാസമനുസരിച്ച് പുണ്യനദികളിലെ സ്നാനം അഥവാ തീര്‍ത്ഥസ്നാനം കുംഭമേളയുടെ പ്രധാന ആകര്‍ഷണമാണ്. മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ ഈ നാല് സ്ഥലങ്ങളിലായി കുംഭമേളയും, ആറു വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും, അലഹബാദിലും അര്‍ധകുംഭമേളയും നടക്കുന്നു. ഏറ്റവും വിശേഷപ്പെട്ട പൂര്‍ണ്ണകുംഭമേള നടക്കുക 12 വര്‍ഷം കൂടുമ്പോഴാണ്. ഇങ്ങനെ 12 പൂര്‍ണ കുംഭമേളകള്‍ക്ക് ശേഷം അതായത് 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേള ഏറ്റവും പ്രധാന്യമര്‍ഹിക്കുന്നതാണ്. അടുത്ത മഹാകുംഭമേള നടക്കുക 2157 ല്‍ പ്രയാഗില്‍ വെച്ചാവും.
പ്രയാഗ് രാജിലെ ത്രിവേണി സംഗമം ഹൈന്ദവരെ സംബന്ധിച്ചിടത്തോളം പരമപ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. പ്രയാഗ് സംഗം ആണ് ത്രിവേണി സംഗമത്തിന് അടുത്തുള്ള റയില്‍വേ സ്റ്റേഷന്. ഇത് കൂടാതെ ഒന്‍പതു സ്റ്റേഷനുകള്‍ കൂടി പ്രയാഗ് രാജില്‍ ഉണ്ട്. സംഗമ സ്ഥലത്തേക്ക് സ്റ്റേഷനില്‍ നിന്നും അധികദൂരമില്ല. ഉദയസൂര്യന്റെ പൊന്കിരണങ്ങള് സുവര്‍ണ്ണശോഭ പരത്തുന്ന ത്രിവേണി സംഗമം അക്ഷരാര്‍ത്ഥത്തില്‍ കണ്ണിന് കുളിരേക്കുന്ന കാഴ്ചയാണ്. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന സംഗമതീരം കാണുമ്പോള്‍ നമ്മള് അത്ഭുതപ്പെടും. അതിവിശാലമായ മണല്‍പ്പുറവും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നദിയും നമ്മളില്‍ അവാച്യമായൊരു അനുഭൂതി ജനിപ്പിക്കും.
തീരത്തു തലയുയര്‍ത്തി നില്ക്കുന്ന ഒരു ഗംഭീര കോട്ടയുണ്ട്. അത് 1583 ല്‍ അക്ബര്‍ പണികഴിപ്പിച്ചതാണ്. മൂന്ന് ഇരിപ്പിടത്തട്ടുകളും നിരവധി കോട്ടകൊത്തളങ്ങളും എടുപ്പുകളുമുള്ള ഒരു പുരാതന നിര്‍മ്മിതിയാണ് അലഹബാദ് കോട്ട. ഇപ്പോഴത് സൈന്യത്തിന്റെ ആയുധപ്പുരയായാണ് ഉപയോഗിക്കുന്നത്. വലിയൊരു ദേശീയപതാക കോട്ടയുടെ മുകളില്‍ പാറിപ്പറക്കുന്ന കാഴ്ച അഭിമാനത്തോടെ നമ്മള് നോക്കിനിന്നുപോകും.
നൂറുകണക്കിന് വള്ളങ്ങള്‍ തീര്‍ത്ഥാടകരെയും കാത്തു കിടപ്പുണ്ടാവും. ആയിരക്കണക്കിന് സൈബീരിയന്‍ കൊക്കുകള്‍ തീര്‍ത്ഥാടകരുമായി പോകുന്ന ഓരോ വള്ളങ്ങള്‍ക്കും വട്ടമിട്ടുപറക്കുന്ന കാഴ്ച അത്ഭുതപ്പെടുത്തുന്നതാണ്.
പവിത്രം ത്രിവേണി സംഗമം
ത്രിവേണി സംഗമത്തില്‍ ഒരുവശത്ത് കലങ്ങി മറിഞ്ഞൊഴുകുന്ന അല്‍പ്പം ചുവപ്പ് കലര്‍ന്ന വെള്ളം. അത് ഗംഗയാണ്. ഒപ്പം തന്നെ ഇരുണ്ട പച്ചനിറത്തില്‍ കാളിന്ദിയും. വ്യക്തമായി അത് നമുക്ക് തിരിച്ചറിയാം. ഭൂമിക്കടിയിലൂടി ഒഴുകി സരസ്വതീ നദിയും ഇവിടെ സംഗമിക്കുന്നു എന്നാണ് വിശ്വാസം. സപ്തനദികളില്‍ നാലാം സ്ഥാനത്തുള്ള നദിയാണ് സരസ്വതി. ഹൈന്ദവ വിശ്വാസപ്രകാരം ഇത് ബ്രഹ്മാവിനെ പ്രതിനിധാനം ചെയ്യുന്നു.
നദീതട സംസ്കാരകാലത്ത് ജലസമൃദ്ധമായിരുന്ന സരസ്വതി ഇന്ന് അപ്രത്യക്ഷമായ നദിയാണ്. ഏകദേശം 4000 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ അതിശക്തമായ ഭൂചലനങ്ങള്‍ കാരണം സരസ്വതി, അടുത്തുള്ള യമുനാ നദിയില്‍ ചേരുകയോ അല്ലെങ്കില്‍ ഥാര്‍ മരുഭൂമിയില്‍ അപ്രത്യക്ഷമാവുകയോ ചെയ്തുവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
സംഗമസ്ഥലത്തുള്ള വലിയ വള്ളങ്ങളില്‍ വസ്ത്രം മറുവാനും ത്രിവേണി സ്നാനത്തിനും സൗകര്യമുണ്ട്. അവക്കിടയില്‍ മൂന്നാല് അടി താഴ്ചയില്‍, വെള്ളത്തില്‍ പലകകള്‍ കൊണ്ടുള്ള പ്ലാറ്റ് ഫോം കാണാം. ധൈര്യമായി അതിലേക്കിറങ്ങി നമുക്ക് പുണ്യതീര്‍ത്ഥത്തില്‍ സ്നാനം ചെയ്യാം. അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ പാപങ്ങള്‍ അവിടെ കഴുകിക്കളയപ്പെടുന്നു എന്നും ആ സ്നാനം മോക്ഷ പ്രാപ്തിക്ക് വഴിയൊരുക്കുന്നു എന്നുമുള്ള ഉറച്ച വിശ്വാസത്തോടെ ശുദ്ധമായ മനസ്സോടെ തീര്‍ത്ഥാടകര്‍ക്ക് മടങ്ങാം. ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ദിവസവും അവിടെയെത്തി മനസ്സും ശരീരവും ശുദ്ധിചെയ്തു മടങ്ങുന്നത്.
പ്രയാഗ്രാജ് എന്ന അലഹബാദിനെ പ്രധാനമന്ത്രിമാരുടെ നാട് എന്നും വിശേഷിപ്പിക്കാം. ലാല്‍ ബഹദൂര്‍ ശാസ്ത്രിയും വി.പി. സിങ്ങും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അലഹബാദില്‍ നിന്നാണ്. ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും അവിടെ ജനിച്ചു വളര്‍ന്നവരാണ്. ഗുല്‍സാരിലാല്‍ നന്ദയും ചന്ദ്രശേഖറും അലഹബാദ് സര്‍വകലാശാലയില്‍ പഠിച്ചവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: