ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു പ്രിയങ്ക. കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വിയര്‍പ്പ് ഒരുപാട് ഗംഗയില്‍ ഒഴുക്കി. റായ്ബറേലിയും അമേഠിയും കോണ്‍ഗ്രസിന്റെ കുത്തക സീറ്റായിരുന്നു. അമേഠിപൊട്ടി. ഇനിയൊരു തിരിച്ചുവരവില്ലാത്തവിധം അമേഠി ഉപേക്ഷിച്ചു. രാഹുലിന്റെ സകല പ്രതീക്ഷയും ഊതിക്കെടുത്തിയപ്പോഴാണ് വയനാട്ടിലേക്ക് പലായനം ചെയ്തത്. അവിടത്തെ എം.പി. സ്ഥാനം കോടതിയാണ് കളഞ്ഞത്. അതിനുമുമ്പേ വയനാട്ടിലെ എം.പി. ഓഫീസില്‍ കയറി എസ്എഫ്‌ഐക്കാര്‍ കോല്‍ക്കളി നടത്തി.
ലീഗ് ഒപ്പമുള്ള കാലത്തോളം വയനാട്ടില്‍ ജയിച്ചു കയറാമെന്നുറപ്പുണ്ട്. അതുകൊണ്ടാണല്ലോ മുതുമുത്തച്ഛന്‍ വരെ തള്ളിപ്പറഞ്ഞ ലീഗിനെ വെള്ളപൂശാന്‍ ഒരുങ്ങിയത്. ‘ലീഗ് ചത്ത കുതിര’യെന്നായിരുന്നു നെഹ്‌റുവിന്റെ ആക്ഷേപം. അതിനെ പടക്കുതിരയാക്കിയത് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഒത്തൊരുമിച്ച് ശ്രമിച്ചിട്ടായിരുന്നല്ലോ. ആ ലീഗിനെയാണ് ഏറ്റവും വലിയ മതേതരപാര്‍ട്ടിയാണെന്ന് രാഹുല്‍ പുകഴ്‌ത്തിയത്. മതേതരം എന്നാല്‍ മതമില്ലാത്തതാണെന്ന് വ്യാഖ്യാനം. ആ വ്യാഖ്യാനത്തെ ഉള്‍ക്കൊള്ളാന്‍ ലീഗിനൊട്ടും താല്പര്യമില്ല. ആദ്യത്തേയും അവസാനത്തേയും ശ്വാസം മതത്തിനുവേണ്ടി എന്ന് ആയിരംവട്ടം ആവര്‍ത്തിക്കുന്നു ആ പാര്‍ട്ടി. എന്നാലും ആ പാര്‍ട്ടി മതേതരപാര്‍ട്ടി! വിഷയം അതല്ല. പ്രിയങ്ക മത്സരിക്കണമെന്ന ആഗ്രഹവും ആവശ്യവും ശക്തമാവുകയാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയിലാണ് ‘കണ്ണ്’. പണ്ട് ഇന്ദിരാഗാന്ധിക്ക് തിരിച്ചുവരവൊരുക്കിയ മണ്ഡലമുണ്ടല്ലോ മേഡക്ക്. അവിടെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി ഒരുപാടാളുകള്‍ തേരുരുട്ടുന്നു. താലപ്പൊലി ഏന്തുന്നു. മേഡക്ക് അല്ലെങ്കില്‍ മെഹബൂബാനഗര്‍. രണ്ടിടത്തും നല്ല മുസ്ലീം വോട്ടുണ്ട്. 1980 ല്‍ മേഡക്കില്‍ നിന്ന് ജയിച്ചാണ് ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തിലെത്തിയത്. അതുപോലെ പ്രിയങ്കയുടെ കന്നി മത്സരവും ഇവിടെ ആകട്ടെ എന്നാണ് മോഹം.
പക്ഷേ മേഡക്ക് ഇപ്പോള്‍ കോണ്‍ഗ്രസിന് വലിയ ശക്തിയോ സ്വാധീനമോ ഉള്ളമണ്ഡലമല്ല. അത് പിടിക്കാന്‍ ബിആര്‍എസിന്റെ കരുണ വേണം. 2019 ലെ ഉപതെരഞ്ഞെടുപ്പില്‍ മേഡക്കില്‍ ജയിച്ചത് ബിആര്‍എസ് നേതാവ് കെ. പ്രഭാകര റെഡ്ഡിയാണ്. ഈ വര്‍ഷാവസാനമാണ് അവിടത്തെ നിയമസഭാ തെരഞ്ഞടുപ്പ്. അതിലെ പ്രകടനം നോക്കിയാവും മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍. ഏതായാലും മാസത്തില്‍ 20 ദിവസവും തെലങ്കാനയില്‍ ചെലവഴിക്കാനാണ് തീരുമാനം. തെലങ്കാനയില്‍ കളംനിറഞ്ഞ് കളിക്കുക എന്നത് തന്നെയാണവരുടെ ലക്ഷ്യം.
അതേ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെന്തിന് സമയം കളയണമെന്ന ആലോചനയും കോണ്‍ഗ്രസുകാര്‍ക്കുണ്ട്. കര്‍ണാടകയില്‍ നിന്നും അവരെ രാജ്യസഭയിലേക്കയച്ചാലോ എന്ന ചിന്തയും അവര്‍ക്കുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും കോണ്‍ഗ്രസിന് ബഹളം വയ്‌ക്കാനല്ലാതെ കാര്യം പറയാനാളില്ലെന്ന പരിഭവമുണ്ട്. പ്രിയങ്ക സഭയിലെത്തിയാല്‍ അതിനൊരുമാറ്റമുണ്ടാകുമെന്ന ധാരണയ്‌ക്ക് വലിയ കഴമ്പുണ്ടോ എന്തോ! കഴമ്പുണ്ടായാലും ഇല്ലേലും അല്ലേലൂയപാടാന്‍ ഒരാളായി എന്നാശ്വസിക്കാം.
അതിനിടയിലാണ് മധ്യപ്രദേശ് പിടിക്കാന്‍ അവരിറങ്ങിയത്. കര്‍ണാടകയില്‍ ചക്കവീണ് മുയലിനെ കിട്ടിയതുപോലെ മധ്യപ്രദേശില്‍ ചക്കയിടാനാണ് ശ്രമം. അതിനായി കുറേ വാഗ്ദാനങ്ങളും വാരിവിതറി. സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ നല്‍കും. 500 രൂപയ്‌ക്ക് എല്ലാ വീടുകളിലും ഗ്യാസ് സിലിണ്ടര്‍. 100യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും. 200 യൂണിറ്റ് വൈദ്യുതി പകുതി വിലയ്‌ക്ക്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും. വയോജനങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കും എന്നിവയാണ് മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.
നര്‍മദാ മാതാവിന്റെ തീരത്തുവന്ന് ഞങ്ങള്‍ കള്ളം പറയില്ലെന്ന ഉറപ്പും പ്രിയങ്ക നല്‍കി. മധ്യപ്രദേശില്‍ ഏഴുശതമാനമേ മുസ്ലീം ജനസംഖ്യയുള്ളൂ. അതുകൊണ്ടവിടെ നര്‍മ്മദ മാതാവായി. ഞങ്ങളുടെ പാര്‍ട്ടി എന്തെല്ലാം ഉറപ്പുകളാണോ ജനങ്ങള്‍ക്ക് നല്‍കിയത്. ഛത്തീസ്ഗഡിലും ഹിമാചല്‍ പ്രദേശിലും അതെല്ലാം ഞങ്ങള്‍ പാലിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്കത് മനസ്സിലാകും. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുണ്ട്’ പ്രിയങ്ക പറയുന്നത് അങ്ങിനെയാണ്.
കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമായിരുന്നു. പക്ഷേ, ബിജെപി കുതിരക്കച്ചവടത്തിലൂടെ അധികാരം കൈക്കലാക്കിയതാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഇതിനിടെ നിരവധി അഴിമതികള്‍ നടക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്തി കാണിച്ച ലിസ്റ്റിനേക്കാള്‍ എത്രയോ വലുതാണ് ഇവിടത്തെ അഴിമതി. ഉജ്ജയിനിയിലെ മഹാകാല്‍ ലോക് ഇടനാഴിയുടെ നിര്‍മാണത്തിലും അഴിമതി നടന്നിട്ടുണ്ട്. പ്രിയങ്ക ഇങ്ങിനെ പറയുമ്പോള്‍ അന്വേഷണത്തിലിരിക്കുന്ന കോണ്‍ഗ്രസ് ഭരണത്തിലെ അഴിമതിക്കഥകള്‍ അവിരെ വേട്ടയാടുകയാണ്.
പാചക വാതകത്തിന് 500 രൂപയേ ഈടാക്കൂ എന്നാണവര്‍ പറയുന്നത്. എന്നാല്‍ ബിജെപി അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം സൗജന്യ കണക്ഷനാണ് നല്‍കിയിട്ടുള്ളത്. രാജ്യത്തെ പാവപ്പെട്ടവരെ പുകശല്യത്തില്‍ നിന്നൊഴിവാക്കാന്‍ ഇതുവഴി കഴിഞ്ഞു. ബിജെപി അധികാരത്തിലെത്തുംവരെ രാജ്യത്തിന് 13 കോടി കണകക്ഷനേ ഉണ്ടായുള്ളൂ. ഇന്നത് 30 കോടി കടന്നു.
2018 ഡിസംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ കിസാന്‍ സമ്മാന്‍ നിധി പ്രഖ്യാപിച്ചത്. കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തിയ ഈ പദ്ധതി വഴി 11.5 കോടി കര്‍ഷകര്‍ക്കായി (50 ശതമാനം സ്ത്രീകള്‍) 2.5 ലക്ഷം കോടി രൂപ നല്‍കിക്കഴിഞ്ഞു. 2014 ല്‍ കാര്‍ഷിക ബജറ്റ് 25000 കോടിയുടേതാണെങ്കില്‍ 2023 ല്‍ അത് 1.25 ലക്ഷം കോടിയുടേതായി. 2023 ല്‍ സൗജന്യഭക്ഷ്യവിതരണത്തിന് കേന്ദ്രസര്‍ക്കാര്‍ ചെലവാക്കുന്നത് 2 ലക്ഷം കോടി രൂപയാണ്. ഇതിലൊരു നല്ല വിഹിതം മധ്യപ്രദേശിനും ലഭിക്കുകയില്ലെ.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ വര്‍ഷം പ്രതിപക്ഷം അലങ്കോലപ്പെടുത്താനാണ് ഉപയോഗിച്ചത്. ജനുവരി 31 ന് ആരംഭിച്ച് ഏപ്രില്‍ 6 ന് തീരുംവരെ പ്രതിപക്ഷ കോപ്രായങ്ങളാണ് സഭ കണ്ടത്. എന്നിട്ടും ലോക്‌സഭ 34 ശതമാനവും രാജ്യസഭ 24 ശതമാനവും ക്രിയാത്മകമായി ഉപയോഗിച്ചു. ജയിച്ചതുകൊണ്ടായില്ല ഭരിക്കാനറിയണം. കേന്ദ്രവും സംസ്ഥാനങ്ങളും ഭരിച്ച കോണ്‍ഗ്രസിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ബിജെപിയുടെ ഭരണവും. കൈയും നോവരുത് വളയുമുടയരുത് എന്ന കോണ്‍ഗ്രസ് നയം ഗുണം പിടിക്കാനേ പോകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: