തിരുവനന്തപുരം: നിരാലംബര്‍ക്ക് കിടപ്പാടം പണിത് നല്കി സാമൂഹ്യപ്രതിബദ്ധത നിലനിര്‍ത്തി വേറിട്ട വഴിയിലൂടെ യാത്രചെയ്യുകയാണ് എച്ച് ആന്റ് ആര് ബ്ലോക്ക് എന്ന ടെക്നോപാര്‍ക്ക് കമ്പനി. കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് (സിഎസ് ആര് ഫണ്ട്- CSR fund) യഥാര്‍ത്ഥത്തില്‍ സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയില്‍ ചെലവഴിക്കുന്നതില്‍ കമ്പനി ശ്രദ്ധ ചെലുത്തുന്നു.
കഴിഞ്ഞ രണ്ടര വര്‍ഷം കൊണ്ട് ബ്ലോക് ഷെല്‍റ്റര്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിരാലംബരായ അഞ്ച് വനിതകള്‍ക്കാണ് സ്വപ്നഭവനം പൂര്‍ത്തിയാക്കി നല്‍കിയത്. വീടിന്റെ താക്കോല്‍ദാനം ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്.അനില്‍, എച്ച് ആന്റ് ആര് ബ്ലോക്ക് പീപ്പിള്‍ ആന്റ് കള്‍ച്ചറല്‍ ചീഫ് ടിഫാനി മണ്‍റോ, ചീഫ് ലീഗല്‍ ഓഫീസര്‍ ദേരാ റെഡ് ലര്‍, വിപി ആന്റ് എംഡി ഇന്ത്യ ഹരിപ്രസാദ് കൃഷ്ണപിള്ള, അസോസിയേറ്റ് ഡയറക്ടര്‍ ദിലീപ് നായര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു.
അടുത്ത രണ്ടു വീടുകളുടെ പണി പുരോഗമിക്കുകയാണ്. വീടുകള്‍ പണിതു നല്‍കുന്നതിന് പുറമെ മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്നായി 50ല്‍ പരം സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ആളുകള്‍ക്കുള്ള സൗജന്യ തിമിര ശസ്ത്രക്രിയ നടത്തിയിരുന്നു. അഹല്യ ഐ ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.
കേരളത്തിലെ 100ല്‍ പരം ദേശീയ സംസ്ഥാന ജില്ലാ കായികതാരങ്ങള്‍ക്ക് കായികവിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്കി. പാലിയേറ്റീവ് കെയറുകള്‍ക്കുള്ള മരുന്ന്, ഭക്ഷണ വിതരണം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ശുചീകരണം, വനവല്കരണം, പ്രവേശനോത്സവുമായി ബന്ധപ്പെട്ട് 450 കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണം എന്നിവ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: