പാലക്കുന്ന്: വിവാഹിതനായി നാല് മാസമേ അമിത് കുമാര്‍ നാട്ടിലുണ്ടായിരുന്നുള്ളൂ. അവധി പൂര്‍ത്തിയാക്കി ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എസ്സിഐ)യുടെ എം.ടി.സ്വര്‍ണകമല്‍ എന്ന എണ്ണകപ്പലില്‍ 2018 സെപ്റ്റംബര്‍ 19 നാണ് അമിത്ത് ഓര്‍ഡിനറി സീമന്‍ റാങ്കില്‍ ജോലിയില്‍ കയറിയത്. തൃക്കണ്ണാട് കുന്നുമ്മല്‍ സ്വദേശികളാണെങ്കിലും മംഗ്ലൂര് ബജപേയിലാണ് അമിത്തിന്റെ കുടുംബം ഇപ്പോള്‍ താമസം. ജോലിയില്‍ പ്രവേശിച്ച് അഞ്ച് മാസം തികയും മുന്‍പേ 2019 ഫെബ്രുവരി 3ന് അമിത് കുമാറിനെ കപ്പലില്‍ നിന്ന് കാണാതായ വിവരം കമ്പനിയുടെ മുംബൈയിലെ നരിമന്‍ പോയിന്റിലെ എസ്സിഐ ഓഫീസില്‍ നിന്ന് ഫെബ്രുവരി 4 നാണ് വീട്ടുകാരെ അറിയിച്ചത്.
അടുത്ത തുറമുഖം ലക്ഷ്യമിട്ടുള്ള യാത്രാമധ്യേയാണ് ചെങ്കടലില്‍ വെച്ച് അമിത് കുമാറിനെ കാണാതാവുന്നത്. ആ ദുരന്ത വാര്‍ത്തയ്ക്ക് നാല് വര്‍ഷം പിന്നിട്ടു. തുടര്‍ നടപടികള്‍ക്കായി സിഡിസിയില്‍ നോമിനിയായി പേര് ചേര്‍ത്തിട്ടുള്ള അമ്മ കെ.ലക്ഷ്മി ഷിപ്പിംഗ് കമ്പനിയുമായി പലകുറി ബന്ധപ്പെട്ടു. മാസങ്ങള്‍ക്ക് ശേഷം അമിത്തിന്റെ പെട്ടിയും പ്രമാണങ്ങളും മുബൈയിലെ കമ്പനി ഓഫീസില്‍ നിന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങിയതല്ലാതെ തുടര്‍ നടപടികള്‍ ഒന്നും നാളിതു വരെ ഉണ്ടായില്ലെന്നാണ് അമ്മയുടെ പരാതി.
1872 ലെ ഇന്ത്യന്‍ 108-ആം നമ്പര്‍ നിയമമനുസരിച്ച് കപ്പലില്‍ നിന്ന് കാണാതാകുന്ന വ്യക്തി മരണപ്പെട്ടതായി രേഖാമൂലം സ്ഥിരീകരിക്കണമെങ്കില്‍ 7 വര്‍ഷം വരെ കാത്തിരിക്കണം. ഉഭയകക്ഷി ധാരണയില്‍ അത്രയും കാലം കാത്തിരിക്കാതെ തന്നെ അനന്തരാവകാശികള്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് നല്കി അര്‍ഹമായ അവകാശങ്ങള്‍ എല്ലാം തീര്‍പ്പ് കല്‍പ്പിക്കുന്നതാണ് നടപ്പു രീതി. നാല് വര്‍ഷം പിന്നിട്ടിട്ടും അമിത്തിന്റെ കാര്യത്തില്‍ ഇതു വരെ ‘ഊഹ മരണ രേഖാപത്രം’ ലഭിച്ചിട്ടില്ല. അതിനാല്‍ തുടര്‍ ആനുകൂല്യങ്ങളും മറ്റും ലഭിക്കുന്നില്ല എന്ന് പരാതി പെട്ട് മുംബൈ ഷിപ്പിംഗ് മാസ്റ്റര്‍ക്ക് 2021 മെയ് 11ന് ലക്ഷ്മി കത്ത് അയച്ചിരുന്നു.ലക്ഷ്മിയുടെ കത്തിന് 2023 ജനുവരി 31നാണ് ഷിപ്പിംഗ് മാസ്റ്ററുടെ മറുപടി കിട്ടുന്നത്. അമിത്ത് മരണപ്പെട്ടെന്ന് സ്ഥിരീകരിക്കാന്‍ 7വര്‍ഷമെന്ന കടമ്പ കാത്തിരിക്കേണ്ടെന്നും അവകാശിക്ക് സാമൂഹ്യ സുരക്ഷ അവകാശങ്ങളും അര്‍ഹമായ നഷ്ടപരിഹാരവും നല്‍കാവുന്നതാണെന്നും മുംബൈ ഷിപ്പിംഗ് മാസ്റ്റര്‍ക്ക് ഡിജി ഓഫീസ് നിര്‍ദേശം നല്‍കിയതായി ലക്ഷ്മിക്കുള്ള ഷിപ്പിംഗ് മാസ്റ്ററുടെ മറുപടിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കമ്പിനിയുടെ തുടര്‍നടപടികള്‍ക്കായി അമ്മ ലക്ഷ്മിയുടെ കാത്തിരിപ്പ് ഇനിയും എത്ര നാള് തുടരേണ്ടിവരുമെന്ന് അറിയില്ല. അമിത്തിന്റെ ഭാര്യ സോനാലി ഈയിടെ പുനര്‍വിവാഹം ചെയ്തയായും വീട്ടുകാര്‍ അറിയിച്ചു.
നഷ്ടപരിഹാരവും ആനുകൂല്യങ്ങളും ഉടനെ നല്‍കണം
പാലക്കുന്ന്: അമിത്തിന്റെ അനന്തരാവകാശിക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നല്കുന്നതില് ഇനിയും കാലതാമസം പാടില്ലെന്ന് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. മരണം സ്ഥിരീകരിക്കാന്‍ 7 വര്‍ഷത്തെ കാത്തിരിപ്പ് സാങ്കേതികം മാത്രമാണെന്നും ഉടനെ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി അധ്യക്ഷനായി. യു.കെ.ജയപ്രകാശ്, എ. കെ. അബ്ദുള്ളകുഞ്ഞി, കൃഷ്ണന് മുദിയക്കാല്‍, പി.വി.കുഞ്ഞിക്കണ്ണന്,കെ.പ്രഭാകരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: