ഭൂഃ ഭുവഃ സ്വഃ മൂന്നുലോകങ്ങളാണ്. മൂന്നിലും ഓം (പരമാത്മാവ്) സമാഹിതമാണ്. അതാണ് ശീര്ഷഭാഗമായ പ്രണവത്തിന്റെറയും (ഓംകാരത്തിന്റെ) വ്യാഹൃതികളുടെയും അര്‍ത്ഥം. ഭുഃ ശരീരത്തെയും, ഭുവഃ മനസ്സിനെയും, സ്വഃ പരമാത്മാവിനെയും സൂചിപ്പിക്കുന്നു. ഇവക്കു സ്ഥൂലശരീരം, സൂക്ഷ്മശരീരം, കാരണ ശരീരം എന്നും പറയാം. ഇവയില്‍ പരമാത്മാവ് ഉള്‍ക്കൊണ്ടിരിക്കുന്നു. ഇത് പരമാത്മാവിന്റെ ആലയമാണ്. ദേവാലയം തീര്‍ത്ഥമാണ്. ഇവ എപ്പോഴും വെടിപ്പോടെ പവിത്രമായി വെക്കണം. ദുര്‍ഭാവങ്ങളും ദുഷ്പ്രവണതകളുമാകുന്ന മാലിന്യങ്ങള്‍ക്ക് ഇവിടെ ഇടം നല്‍കരുത്. വ്യക്തി, കുടുംബം, സമൂഹം ഇവയും ഭൂഃ ഭുവഃ സ്വഃ ആണ്. ഇവയെ പരമാത്മാവിന്റെ മൂര്‍ത്തരൂപവും ഉത്തരവാദിത്തവുമായി കരുതുകയും ഇവയെ ശ്രേഷ്ഠമായ സ്ഥിതിയില്‍ നിലനിര്‍ത്താന്‍ സദാ സന്നദ്ധരായിരിക്കുകയും വേണം. ഇതാണ് ഗായത്രി മന്ത്രത്തിന്റെ ശീര്ഷഭാഗമായ ഭൂഃ ഭുഃ സ്വഃ നല്കുന്ന പ്രേരണ.
‘തത്’ എന്നാല്‍ ‘അത്’ ‘ഇത്’ എന്നാല്‍ പ്രത്യക്ഷത്തില്‍ കാണുന്നത്പ്രിയപ്പെട്ടത്. ‘അത്’ എന്നാല്‍ പരോക്ഷമായത്, ശ്രേയസ്കരമായത്. നാം ആഗ്രഹങ്ങളിലും ആസക്തിയിലും ലയിച്ചു ഭൗതികസുഖങ്ങളുടെ പൂര്‍ത്തീകരണത്തിനുവേണ്ടി മാത്രം നമ്മെ പരിമിതപ്പെടുത്തി കഴിയരുത്. ‘ഇത്’ (ഭൗതികത്വം)മാത്രമാണ് സര്‍വസ്വം എന്ന് ധരിക്കരുത്. ‘അത്’ എന്നതിലും ശ്രദ്ധിക്കണം. അന്തരാത്മാവിന്റെ വിളി, മരണാനന്തര സ്ഥിതി, ദൈവികനിര്‍ദ്ദേശങ്ങളുടെ നിര്‍വ്വഹണം, പാവനകര്ത്തവ്യപാലനം എന്നിങ്ങനെയുള്ള പ്രാധാന്യമേറിയ കാര്യങ്ങളിലും ശ്രദ്ധിക്കണം. ചിന്തകളെ സങ്കുചിതമായ പരിമിതികളില്‍ കുടുക്കിയിടാതെ വിശാലവും ഉദാത്തവും ദൂരവ്യാപകവുമായ കാഴ്ചപ്പാടു സ്വീകരിക്കുകയും സ്വന്തം പ്രവര്‍ത്തനരീതി ആ അടിസ്ഥാനത്തില്‍ രൂപീകരിക്കുകയും ചെയ്യണം. ഇതാണ് ആദ്യത്തെ പദമായ ‘തത്’ നല്കുന്ന സന്ദേശം.’സവിതഃ’എന്നാല്‍ സൃഷ്ടിക്കുന്നവന്, തേജസ്വി. ഈശ്വരന് ഈ രണ്ടു വൈശിഷ്ട്യങ്ങളാലും പരിപൂര്‍ണ്ണനാണ്. നാമും അവയെ അനുഗമിക്കണം. വിധ്വംസകരവും വിദ്രോഹകരവുമായ പ്രവണതകള്‍ ഉപേക്ഷിക്കുകയും സര്‍ഗ്ഗാത്മകവും പുരോഗമനാത്മകവും ആയ പ്രവര്‍ത്തനരീതി സ്വീകരിക്കുകയും ചെയ്യണം. നമുക്ക് എന്തു ചെയ്യാന്‍ കഴിയും, നമുക്ക് എന്ത് ആകാന്‍ കഴിയും എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ലോകത്തില്‍ എന്തെല്ലാം അനഭിലഷണീയമായ കാര്യങ്ങളുണ്ടോ അതെല്ലാം അഭിലഷണീയമായ കാര്യങ്ങളുടെ കുറവിന്റെ ലക്ഷണമാണ്. വെളിച്ചത്തിന്റെ ഇല്ലായ്മയാണ് ഇരുട്ട്. ഇരുട്ടിനോട് മല്ലടിക്കുന്നതു വ്യര്‍ത്ഥമാണ്. വെളിച്ചം ഉല്പാദിപ്പിക്കൂ, ഇരുട്ട് താനേ മറയും.
രണ്ടാമത്തെ അര്‍ത്ഥമാണ് തേജസ്വി. അടിമപ്പണി, അശുദ്ധി, ആഡംബരം എന്നീ ദുര്‍ഗ്ഗുണങ്ങള്‍ക്ക് ഒരു തരത്തിലും വിധേയരാകാതിരിക്കൂ. ആത്മാഭിമാനം മനസ്സിലാക്കൂ, സ്വതന്ത്രമായി ചിന്തിക്കുയും സ്വന്തം കര്‍ത്തവ്യങ്ങള്‍ പാലിക്കുകയും ചെയ്യൂ. എല്ലാറ്റിലും വെടിപ്പും വൃത്തിയും പാലിക്കുക. ഭവബന്ധനങ്ങളില് നിന്നു മനസ്സിനെയും സംയമനരാഹിത്യത്തില് നിന്നു ശരീരത്തെയും, അനാശാസ്യമായ ആചാരങ്ങളില്‍ നിന്ന് സമൂഹത്തെയും മോചിപ്പിക്കുക. സര്‍വ്വതോമുഖമായ മുക്തി ലക്ഷ്യമാക്കി ജീവിക്കുക. തേജസ്വി ആയിരിക്കുന്നതിന്റെ സ്വരൂപം ഇതാണ്. ഇതിനുവേണ്ടി നാം മനസ്വികളും തപസ്വികളും ആകണം. തന്മൂലം ദീപം പോലെ ഉപയോഗപ്രദമായ നമ്മുടെ തേജപ്രസരത്തിന്റെ പ്രകാശവും പ്രഭാവവും എല്ലായിടത്തും അനുഭവിക്കുവാന്‍ കഴിയട്ടെ. ഇതാണ് സവിത എന്ന പദത്തിന്റെ സൃഷ്ടികര്‍ത്താവും തേജസ്വിയും എന്ന അര്‍ത്ഥത്തിന്റെ സ്വരൂപം.
‘വരേണ്യം’എന്നാല്‍ വരണയോഗ്യം, തിരഞ്ഞെടുക്കാന്‍ പറ്റിയത്. ഈ ലോകത്തില്‍ ചപ്പുചവറുകളും കുറവില്ല. നികൃഷ്ടവിചാരങ്ങളും മൂഢധാരണകളും അര്‍ത്ഥമില്ലാത്ത പാരമ്പര്യങ്ങളും നേരില്ലാത്ത ആളുകളും ഈ ലോകത്തില്‍ നിറഞ്ഞു കിടപ്പുണ്ട്. ഇവയെല്ലാം പരിശോധിച്ചു ശ്രേഷ്ഠവും ഉചിതവുമായവയെ മാത്രം സ്വീകരിക്കുക. അനാശാസ്യമായവയെ അകറ്റി നിര്‍ത്തുക, അവയുമായി സഹകരിക്കാതിരിക്കുക.
‘ഭര്ഗഃ’ എന്നവാക്കിന്റെ അര്‍ത്ഥം പൊരിക്കുക, വറക്കുക എന്നാണ്. നമ്മുടെ ഉള്ളിലെ ദുശ്ചിന്തകളെയും ഗുണകര്‍മ്മസ്വഭാവങ്ങളില്‍ കടന്നുകൂടിയിരിക്കുന്ന അനാശാസ്യതകളെയും വെടിയണം, മുറിച്ചു മാറ്റണം. വീട്ടിലെ അലങ്കോലങ്ങളും ചിട്ടയില്ലായ്മയും നിറഞ്ഞ രീതി മാറ്റുക തന്നെ വേണം. സമൂഹത്തിന്റെ എല്ലാ തുറകളിലും കടന്നുകൂടിയിരിക്കുന്ന ദുഷ്പ്രവണതകളെല്ലാം പിഴുതെറിയണം. അനീതിക്കെതിരെ പോരാടാന്‍ വേണ്ടി ഗീതയില്‍ അര്‍ജുനനു നല്കിയ ഉപദേശമാണ് ഗായത്രിയിലെ ‘ഭര്ഗഃ’ എന്ന പദം നല്‍കുന്നത്. ധര്‍മ്മസംസ്ഥാപനവും അധര്മ്മോച്ചാടനവും ഭഗവാന്റെ അവതാരത്തിന്റെ മുഖ്യ ഉദ്ദേശമായിരുന്നു. വറക്കുമ്പോള്‍ കടല എത്രമാത്രം പൊരിക്കപ്പെടുന്നവോ അപ്രകാരം അനാശാസ്യതകളെ പൊരിക്കാന്‍ നമ്മുടെ തേജപ്രസരം സന്നദ്ധമായിരിക്കട്ടെ എന്നതാണ് ‘ഭര്ഗ’ എന്ന പദം നല്കുന്ന പ്രേരണ.
‘ദേവസ്യ’ എന്ന പദം ദേവത്വത്തെയാണ് സൂചിപ്പിക്കുന്നത്. ഇങ്ങോട്ടു വാങ്ങുന്നതിലാണ് ആളുകള്‍ക്ക് ആനന്ദം. കൊടുക്കുന്നതിലുള്ള ആനന്ദം അതിനേക്കാള്‍ എത്ര അധികം മാധുര്യമേറിയതാണെന്നും അതിന്റെ സ്വാദ് എത്രയെന്നും രുചിച്ചു അറിയാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞെങ്കില്‍ ആ ആളിന്റെ അന്തഃകരണം ആനന്ദവും ഉല്ലാസവും കൊണ്ടു നിറഞ്ഞു തുളുമ്പിയേനെ. കൊടുക്കുന്ന സ്വഭാവക്കാരന്‍ ‘ദേവന്’, വാങ്ങുന്നതില്‍ തല്പരനായി കഴിയുന്നവന് ‘ദാനവന്‍’. നാം ദേവന്മാരാണ് ആകേണ്ടത്. ദാനവന്മാരല്ല. അനുകരണീയമായ ദേവജീവിതമാണ് നാം നയിക്കേണ്ടത്. മസ്തിഷ്കത്തില്‍ ദിവ്യദര്‍ശനം ചെയ്തുകൊണ്ടിരിക്കണം. സമൂഹത്തെ ദേവാത്മാക്കള്‍ നിറഞ്ഞതും സ്വര്‍ഗ്ഗീയാന്തരീക്ഷം നിറഞ്ഞു നില്ക്കുന്നതുമാക്കാന് വേണ്ടി പ്രയത്നിച്ചുകൊണ്ടിരിക്കണം. ദേവാരാധന എന്നതുകൊണ്ടുദ്ദേശിക്കുന്നത് ദേവോചിതമായ പ്രവണതകളുടെ അഭിവര്‍ദ്ധനം എന്നാണ്. ഗായത്രിമന്ത്രത്തിലെ ‘ദേവസ്യ’ എന്ന പദം ഈ മാര്‍ഗ്ഗമാണ് കാട്ടിത്തരുന്നത്.
“’ധീമഹി’ എന്ന പദത്തിന്റെ അര്‍ത്ഥമാണ് ധാരണം ചെയ്യുക അഥവാ ധരിക്കുക. ശ്രേഷ്ഠമായത്, ധര്മ്മകര്ത്തവ്യമായത് കേള്ക്കുകപറയുക, വായിക്കുകഎഴുതുക എന്നീ വാക്ചാതുരിയില് ഒതുക്കി നിര്‍ത്താതെ അതിന്റെവേരുകളെ മസ്തിഷ്കത്തിനപ്പുറം ഭാവനാമണ്ഡലത്തിലും അഭിലാഷങ്ങളിലും ഉറപ്പിക്കുകയും ആവയെ ക്രിയവല്കരിക്കാന് പ്രയത്നിക്കുകയും ചെയ്യണം. പാരായണം, പ്രഭാഷണം, സ്വാദ്ധ്യായം, സത്സംഗം, മനനം, ചിന്തനം മുതലായവയുടെ സഹായത്താല്‍ ഉന്നതാദര്‍ശങ്ങളുടെ ഉദ്ധാരണ പദ്ധതിയുമായി ആളുകള്‍ ബന്ധപ്പെടാറുണ്ട്. പക്ഷെ ഇക്കാര്യം അവിടം വരെ പരിമിതപ്പെടുത്തിയാല്‍, വേരുറപ്പിക്കാതിരുന്നാല് നിഷ്ഠയുടെ രൂപത്തില്‍ പരിണമിക്കാതിരുന്നാല് പ്രവര്‍ത്തന പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാതിരുന്നാല്‍ മുളക്കാത്ത വിത്ത് എന്നാകും അതിനു പറയേണ്ടത്. ഔചിത്യത്തെ അംഗീകരിച്ചാല്‍ മാത്രം പോരാ അതിന് പ്രകാരം പെരുമാറുകയും ചെയ്യണം എന്ന നിര്‍ദ്ദേശമാണ് ഗായത്രിയിലെ ‘ധീമഹി’ എന്ന പദം നല്‍കുന്നത്.
‘ധിയോ’ എന്നതിന്റെ അര്‍ത്ഥമാണ് ബുദ്ധി, വിവേകം, ആസ്ഥ. ഈ ബീജത്തിന്റെ വളര്‍ന്ന സ്വരൂപമാണ് വ്യക്തിത്വം. മനുഷ്യന്റെ ഉള്ളിലെ സ്ഥിതി എപ്രകാരമാണോ അയാളുടെ ബാഹ്യപ്രവര്‍ത്തനങ്ങളും മിക്കവാറും അതിന് പ്രകാരം രൂപപ്പെട്ടുകൊണ്ടേയിരിക്കും. യാതൊരിടത്തുനിന്നാണോ മനസ്സിനും ബുദ്ധിക്കും ശരീരത്തിനും പ്രവര്‍ത്തിക്കാനുള്ള പ്രേരണ ലഭിക്കുന്നത് ആ അന്തഃകരണത്തിന്റെ ഉള്ളിലെ ഭാവനിഷ്ഠയെ ആണ് ഇത് സൂചിപ്പിക്കുന്നത്. നമ്മുടെ മനസ്സും അന്തഃകരണവും മൃഗീയപ്രവണതകളാല് നിറഞ്ഞുനില്‍ക്കുന്നിടത്തോളം കാലം ആദര്‍ശപ്രഭാഷണങ്ങള്‍ കൊണ്ടോ ധാര്‍മ്മിക പ്രകടനങ്ങള്‍ കൊണ്ടോ ഒരു പ്രയോജനവും ഇല്ല, അഹങ്കാരം മാത്രം വളരും. ഗായത്രിയിലെ ‘ധിയോ’ എന്ന പദം ആസ്ഥ, നിഷ്ഠ, ഉന്നതാഭിലാഷം എന്നിവയുടെ മര്‍മ്മസ്ഥാനങ്ങളെ സ്പര്‍ശിച്ചു ആത്മശുദ്ധിയിലേക്കുള്ള, ശ്രേഷ്ഠതയിലേക്കുള്ള മാര്‍ഗ്ഗം സ്വീകരിക്കുക എന്നു നിര്‍ദ്ദേശിക്കുകയാണ് ചെയ്യുന്നത്. ‘ധിയോ’ എന്ന പദത്തിന്റെ അര്‍ത്ഥം ഇവിടെ ഋതംഭരപ്രജ്ഞ എന്നാണ്. സാമാന്യ വിവേകത്തെയും ബുദ്ധിയെയും സന്മാര്ഗ്ഗോന്മുഖമാക്കാനുള്ള കഴിവ് ഇതില്‍ അടങ്ങിയിട്ടുണ്ട്.
‘യോനഃ’ എന്നാല്‍ നമ്മുടെ, നമ്മളെല്ലാവരുടെയും. ഏകാകിഭാവം അധര്‍മ്മമാണ്. എല്ലാവരും തങ്ങള്‍ക്കുവേണ്ടി മാത്രം ധനവും സമ്പത്തും, വൈഭവങ്ങളും, സ്ഥാനമാനങ്ങളും, പദവിയും, അധികാരവും, കീര്‍ത്തിയും സമ്പാദിക്കുന്നതില്‍ വ്യാപൃതരായി കഴിയുന്നു. ഭക്തന്മാരും ധര്‍മ്മാത്മാക്കളും ആയി നടക്കുന്നവരും ഈ ദുഷിച്ചരോഗം ബാധിച്ചവരായിട്ടാണ് കാണപ്പെടുന്നത്. അവര്‍ക്കും തങ്ങള്‍ക്കുവേണ്ടി മാത്രം സ്വര്‍ഗ്ഗവും മോക്ഷവും സിദ്ധിയും ബഹുമാനവും വേണം. ഈ അല്പത്വം മൂലം അവരുടെ പൂജോപാസനകളും കച്ചവടക്കാരെയും വ്യവസായികളെയും പോലെ സ്വന്തത്വത്തിന്റെ സങ്കുചിതത്വത്തില്‍ കുരുങ്ങി കിടക്കുന്നു. അതുകൊണ്ട് അവര്‍ക്കോ സമൂഹത്തിനോ ഗുണമൊന്നും ലഭിക്കുന്നില്ല. സ്വാര്‍ത്ഥത വാസ്തവത്തില്‍ അധമത്വത്തിന്റെ പേരാണ്. ഇത്തരക്കാര്‍ക്ക് തങ്ങളുടെ നേട്ടങ്ങള്‍ സ്വയം തങ്ങള്‍ക്കു പ്രയോജനപ്പെടുത്താനോ അന്യര്‍ക്കു പ്രയോജനപ്പെടാന്‍ അനുവദിക്കാനോ സാധിക്കുന്നില്ല. ഏതെങ്കിലും തന്ഭാവിയായ വ്യക്തി ഉന്നതിനേടിയാലും തന്റെ ദുഷിച്ച അന്തരീക്ഷത്തില്‍ അതു പ്രയോജനപ്പെടുത്താനാവില്ല. ദുഷ്ടന്മാരും ഈര്ഷ്യാലുക്കളും അയാളെ വെറുതെ കഷ്ടപ്പെടുത്തികൊണ്ടിരിക്കും; സമാധാനത്തോടെ കഴിയാന്‍ അനുവദിക്കുകയുമില്ല. ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമെല്ലാം ‘ഞാന്‍’ എന്നതിന്റെ പരിധിയിലല്ല പ്രത്യുത നമ്മള്’ എന്ന ഭാവം നിലനിര്‍ത്തികൊണ്ട് ആയിരിക്കണം. നാം നമ്മെ സമൂഹത്തിന്റെ ഒരു ഘടകമായി കരുതുകയും സമൂഹത്തിന്റെ ഉന്നതിയില്‍ സ്വന്തം ഉന്നതി ദര്‍ശിക്കുകയും ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: