കാബൂള്‍ : കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അഫ്ഗാനിസ്ഥാനില്‍ തൊഴിലില്ലായ്മ വലിയ തോതില്‍ കൂടിയതായി അന്താരാഷ്‌ട്ര റെഡ് ക്രോസ് കമ്മിറ്റി. വൈകല്യമുള്ളവരാണ് തൊഴിലില്ലായ്മ മൂലം ഏറെ കഷ്ടപ്പെടുന്നത്.
ഈ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിക്ഷേപം നടത്താന്‍ അന്താരാഷ്‌ട്ര സമൂഹത്തോടും വികസന സംഘടനകളോടും അന്താരാഷ്‌ട്ര റെഡ് ക്രോസ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
അതേസമയം, തൊഴില്‍ അന്തരീക്ഷം ആളുകള്‍ക്ക് അനുകൂലമാക്കുന്നതിനും അവരുടെ സാമ്പത്തിക പ്രയാസങ്ങള്‍ കുറയ്‌ക്കുന്നതിനും വലിയ അടിസ്ഥാന സൗകര്യ, സാമ്പത്തിക പദ്ധതികള്‍ക്കായി ഈ സഹായത്തിന്റെ വലിയൊരു ഭാഗം ഉപയോഗിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധയായ ദര്യ ഖാന്‍ ബഹീര്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ 44 ശതമാനം വരുന്ന ഏകദേശം 20 ദശലക്ഷം ആളുകള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭ്യമല്ലെന്ന് അന്താരാഷ്‌ട്ര റെഡ് ക്രോസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പറയുന്നു. 34 ദശലക്ഷം അഫ്ഗാന്‍കാര്‍ ദാരിദ്ര്യത്തിലാണ്.
അഫ്ഗാനിസ്ഥാനില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനാല്‍ യുവാക്കള്‍ കുടിയേറ്റത്തിന്റെ പാത സ്വീകരിക്കണമെന്ന് കാബൂളിലെ യുവാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ജീവിതച്ചെലവ് താങ്ങാന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ അയല്‍രാജ്യങ്ങളിലേക്കോ മറ്റ് വിദേശരാജ്യങ്ങളിലേക്കോ പോകേണ്ടിവരുമെന്നും യുവാക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: