തിരുവല്ല: കോടികളുടെ തട്ടിപ്പ് നടത്തിയ കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (കെഎച്ച്എഫ്എല്‍) ന്റെ സ്വത്ത് കണ്ടുകെട്ടും. കേരള ബഡ്‌സ് ആക്ട് പ്രകാരമാണ് ആഭ്യന്തര വകുപ്പ് നടപടി തുടങ്ങിയത്. നിലവില്‍ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് കേസിലെ പ്രതിയും സ്ഥാപനത്തിന്റെ ഡയറക്ടറുമായ ജി ഉണ്ണികൃഷ്ണന്‍ നായരുടെ സ്വത്തുവകകള്‍ തിട്ടപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ കോടതി ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി തുടങ്ങിയത്.
ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് കോടികളാണ് തട്ടിയെടുത്തത്. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേരിനോട് സാമ്യം തോന്നുന്ന വിധത്തില്‍ കേരള ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് എന്ന പേരില്‍ സ്ഥാപനം നടത്തി 150 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി 29 ബ്രാഞ്ചുകളാണ് കേരള ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിനുണ്ടായിരുന്നത്. 14ശതമാനം പലിശയ്‌ക്ക് സ്ഥിര നിക്ഷേപങ്ങള്‍ എടുക്കല്‍ ആണ് പ്രധാനമായും തട്ടിപ്പ് നടത്തിയത്. പെന്‍ഷനായി കിട്ടുന്ന തുക സ്ഥാപനത്തില്‍ നിക്ഷേപിച്ചാല്‍ മാസം നിക്ഷേപകര്‍ക്ക് ശമ്പളം പോലെ ഒരു തുക കിട്ടുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പിനിരയാക്കുന്നത്.
ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ്, ഷിപ്പ് യാര്‍ഡ്, കെ.ആര്‍.എല്‍. പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് പെന്‍ഷനായി വന്ന പലരും ഈ കെണിയില്‍ അകപ്പെട്ടിട്ടുണ്ട്. നിക്ഷേപകരെ പറ്റിച്ച് നേടിയ പണം ഉപയോഗിച്ച് തിരുവനന്തപുരത്തും കൊച്ചിയിലും മറ്റും നിരവധി സ്ഥലങ്ങളും ആഡംബര പാസഞ്ചര്‍ ബസുകളും മറ്റും പ്രതി വാങ്ങിക്കൂട്ടിയിരുന്നു. ആദ്യമാസങ്ങളില്‍ കൃത്യമായി പലിശ കൊടുത്ത് പ്രതി ആളുകളുടെ വിശ്വാസം പറ്റുമായിരുന്നു. അതിനുശേഷം അവര്‍ വഴി അവരുടെ കൂടെ ജോലി എടുത്തിരുന്ന ആളുകളുടെയും പണം പ്രതിയുടെ സ്ഥാപനത്തില്‍ നിക്ഷേപിക്കുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: