കൊച്ചി: മോന്സന് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ. സുധാകരന് താത്കാലിക ആശ്വാസം. സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, ഹര്‍ജി പരിഗണിക്കുന്നത് 21 ലേക്ക് മാറ്റി. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി ഉത്തരവിറക്കി.
മോന്സന് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പു കേസില്‍ സുധാകരനെ രണ്ടാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. ഇതിനെതിരെ മുന്‍കൂര്‍ ജാമ്യം തേടിയാണ് സുധാകരന് ഹൈക്കോടതിയെ സമീപിച്ചത്. സുധാകരനെ അറസ്റ്റ് ചെയ്യുമോയെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ആരാഞ്ഞു. അത് സാഹചര്യത്തിനനസരിച്ചേ പറയാന്‍ കഴിയൂ എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ മറുപടി. ഇതോടെ ഹര്‍ജി സര്‍ക്കാരിന്റെ മറുപടിയ്ക്കായി ഈ മാസം ഇരുപത്തിയൊന്നിലേക്ക് മാറ്റി.
പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിക്കാരന് മോന്സന് 25 ലക്ഷം രൂപ നല്കുമ്പോള് സുധാകരനും ഒപ്പമുണ്ടായിരുന്നെന്നും അതില്‍ നിന്നും 10 ലക്ഷം രൂപ സുധാകരന് കൈപ്പറ്റിയെന്നുമാണ് കേസ്. സുധാകരനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ച് കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി സുധാരന് രണ്ടു തവണ നോട്ടീസ് നല്‍കിയെങ്കിലും സുധാകരന് അസൗകര്യമറിയിക്കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: