കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തത് തമിഴക രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളായി തുടരുന്ന അഴിമതിയുടെ കുടുംബവാഴ്ചയ്ക്ക് അന്ത്യം കുറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്ന ബാലാജിയുടെ ആവശ്യം നിരസിച്ച സുപ്രീംകോടതി ഇഡിയോട് അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. മന്ത്രിയെ ചോദ്യംചെയ്യുകയും, വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്ത ഇഡി അറസ്റ്റുചെയ്തതിനെ തുടര്‍ന്ന് നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. അറസ്റ്റിനെ തുടര്‍ന്ന് കുഴഞ്ഞുവീണ ബാലാജിയെ ആശുപത്രിയില്‍ എത്തിക്കുകയും, പരിശോധനയെത്തുടര്‍ന്ന് ഹൃദയശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി അറസ്റ്റു രേഖപ്പെടുത്തിയശേഷം റിമാന്റ് ചെയ്യുകയാണുണ്ടായത്. ബാലാജിയുടെ ഭാര്യ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി ജാമ്യം നല്‍കുകയോ റിമാന്റ് റദ്ദാക്കുകയോ ചെയ്തില്ല. വിദഗ്ധ പരിശോധനയ്ക്ക് നിര്‍ദേശിച്ച കോടതി ഇഡിക്ക് വിശ്വാസമുള്ള ഡോക്ടര്‍മാരെക്കൊണ്ട് പരിശോധിപ്പിക്കാമെന്നും പറഞ്ഞു. അറസ്റ്റിലാവുന്നതുവരെ യാതൊരു അസുഖവുമില്ലാതിരുന്ന ബാലാജി ജയിലില്‍ പോകാതിരിക്കാന്‍ നാടകം കളിക്കുകയാണെന്ന എഐഎഡിഎംകെയുടെ പ്രതികരണം ശരിയാണെന്ന് കരുതേണ്ടിയിരിക്കുന്നു. റെയ്ഡും ചോദ്യം ചെയ്യലും അറസ്റ്റിലേക്ക് നയിക്കുമെന്ന് മനസ്സിലാക്കി സര്‍ക്കാര്‍ സഹായത്തോടെ ഇങ്ങനെയൊരു നാടകം ആസൂത്രണം ചെയ്യുകയായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍.
പാര്‍ട്ടിക്കാരെ ഇളക്കിവിട്ട് ബാലാജിയുടെ അറസ്റ്റ് തടയാനുള്ള വിഫലശ്രമം ഡിഎംകെ നടത്തിയിരുന്നു. ആശുപത്രിയില്‍ ഓടിയെത്തി ബാലാജിയെ കണ്ട മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കേന്ദ്ര സര്‍ക്കാരിനെതിരെ രോഷം പ്രകടിപ്പിച്ചു. വലിയ കാപട്യമാണ് ഈ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. തന്റെ രാഷ്ട്രീയ വൈരികളായ എഐഎഡിഎംകെയുടെ സര്‍ക്കാരില്‍ ഗതാഗതമന്ത്രിയായിരിക്കെ ബാലാജി വന്‍ അഴിമതി നടത്തിയെന്ന കേസാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്. ബാലാജി വലിയ അഴിമതിക്കാരനും, സഹോദരനുമായി ചേര്‍ന്ന് പ്രദേശത്തെ കൊള്ളയടിക്കുന്നയാളാണെന്നും, ഇയാള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുന്നത് അപലപനീയമാണെന്നുമൊക്കെ പ്രസംഗിച്ച സ്റ്റാലിനാണ് ഇപ്പോള്‍ ആ അഴിമതിക്കാരനെ അധികാരം ഉപയോഗിച്ച് സംരക്ഷിക്കാന്‍ നോക്കുന്നത്. അഴിമതിയുടെ പ്രതിരൂപമായ ബാലാജി എഐഎഡിഎംകെ വിട്ട് ഡിഎംകെയില്‍ ചേര്‍ന്ന് സ്റ്റാലിന്റെ വൈദ്യുതി മന്ത്രിയാവുകയായിരുന്നു. ഇതോടെ സ്റ്റാലിന് വേണ്ടപ്പെട്ടവനായി മാറി. അഴിമതിയിലൂടെ സമ്പാദിച്ച കോടാനുകോടിരൂപയുമായാണ് ബാലാജി വന്നുചേര്‍ന്നത്. ഇതില്‍ വലിയൊരു പങ്ക് സ്റ്റാലിന് കാഴ്ചവച്ചിരിക്കാനുമിടയുണ്ട്. ജയലളിതാ സര്‍ക്കാരിലെ മന്ത്രിയായിരുന്നപ്പോള്‍ ചെയ്ത പണിതന്നെയാണ് സ്റ്റാലിന്റെ സര്‍ക്കാരിലും ബാലാജി ചെയ്യുന്നത്. ഇക്കാരണംകൊണ്ട് ഡിഎംകെയുടെ പണസ്രോതസ്സും സ്റ്റാലിന്റെ കണ്ണിലുണ്ണിയുമായി. അഴിമതിയുടെ കൂട്ടുകച്ചവടക്കാരനായ ബാലാജിയെ സംരക്ഷിക്കേണ്ടത് സ്റ്റാലിന്റെ ആവശ്യമാണ്. ഇതിനാലാണ് ബാലാജിയെ അറസ്റ്റു ചെയ്തതിനെത്തുടര്‍ന്നുണ്ടായ നാടകത്തില്‍ സ്റ്റാലിന് ഒരു പ്രധാന വേഷം അഭിനയിച്ചത്.
എന്‍ഫോഴ്സ്മെന്റിന്റെ നടപടി ബാലാജിയില്‍ അവസാനിക്കില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിന് നന്നായറിയാം. അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാരിനെ താന്‍ ശരിയാക്കി കളയുമെന്ന മട്ടില്‍ സിബിഐയ്ക്കുള്ള സംസ്ഥാനത്തിന്റെ പൊതു അനുമതി പിന്‍വലിച്ചിരിക്കുന്നത്. തന്നെ ആദ്യം പിടിക്കാന്‍ സാധ്യതയുള്ളത് സിബിഐ ആയിരിക്കുമെന്നു കരുതിയാണിത്. അഴിമതിക്കേസുകളില്‍ ഒരു വമ്പനേയും നരേന്ദ്ര മോദി സര്‍ക്കാര്‍ വെറുതെ വിടില്ലെന്ന് സ്റ്റാലിനറിയാം. തമിഴ്നാട്ടില്‍നിന്നുള്ള രാഷ്ട്രീയ അതികായനായിരുന്നല്ലോ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. മൂന്നുമാസമാണ് ചിദംബരത്തിന് ജയിലില്‍ കിടക്കേണ്ടിവന്നത്. ഇത് സ്റ്റാലിനെ ഭയപ്പെടുത്തുന്നുണ്ടാവാം. ഇപ്പോള്‍ ബാലാജി കാണിച്ചതുപോലുള്ള ഒരു നാടകമാണ് അന്ന് ദല്‍ഹിയില്‍ ചിദംബരം നടത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലെയുടെ വെളിപ്പെടുത്തലില്‍ ധനമന്ത്രിയായിരുന്ന ത്യാഗരാജന്റെ വകുപ്പ് മാറ്റേണ്ടിവന്ന സ്റ്റാലിന് ബാലാജിയെയും കൈവിടേണ്ട സ്ഥിതി വന്നിരിക്കുകയാണ്. അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ മോദി സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന പതിവ് പരാതിയാണ് ബാലാജിയെ പ്രതിരോധിക്കാന്‍ സ്റ്റാലിന് ഉന്നയിക്കുന്നത്. എന്നാല്‍ ഈ ആരോപണവുമായി സമീപിച്ച പ്രതിപക്ഷ പാര്‍ട്ടികളെ സുപ്രീംകോടതി പോലും കയ്യൊഴിയുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ താന്‍ വലിയ കരുത്തനാണെന്ന് ഭാവിക്കുകയാണ് സ്റ്റാലിനും. സ്റ്റാലിന്റെ പിതാവ് കരുണാനിധിയും ഇതുപോലെയായിരുന്നു. പക്ഷേ ജയലളിതയുടെ സര്‍ക്കാര്‍ അറസ്റ്റു ചെയ്തുകൊണ്ടുപോകുമ്പോള്‍ ‘എന്നെ കൊല്ലുന്നേ’ എന്ന കരുണാനിധിയുടെ കരച്ചില് രാജ്യം മുഴുവന്‍ കേട്ടതാണ്. സ്റ്റാലിന്റെ കാര്യത്തിലും ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെയധികമാണ്. കാരണം ഇപ്പോള്‍ പിടിയിലായിരിക്കുന്ന ബാലാജി ഒരു ചെറിയ മീനല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: