ന്യൂദല്‍ഹി:മൊബൈല്‍ നിര്‍മ്മാണ മേഖലയില്‍ കൊട്ടിഘോഷിക്കുന്നതുപോലെ ഇന്ത്യ വളര്‍ന്നിട്ടില്ലെന്ന മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും കോണ്‍ഗ്രസ് അനുഭാവിയുമായ രഘുറാം രാജന്റെ വാദങ്ങളെ തകര്‍ത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. “ഇന്ത്യ മൊബൈല്‍ ഉല്പാദന രംഗത്തെ ഭീമനായി ശരിക്കും മാറിയിട്ടുണ്ടോ?” എന്ന തലക്കെട്ടില്‍ രഘുറാം രാജന് പ്രസിദ്ധീകരിച്ച പഠനത്തെയാണ് രാജീവ് ചന്ദ്രശേഖര്‍ ഖണ്ഡിക്കുന്നത്.
മോദിയുടെ പിഎല്‍ ഐ പദ്ധതി പരാജമായെന്ന് വരുത്താന്‍ നീക്കം
ഇന്ത്യയിലെ നിര്‍മ്മാണയൂണിറ്റുകളില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഉല്പന്നങ്ങളുടെ ഉല്പാദനതോതനുസരിച്ച്നുസരിച്ച് സാമ്പത്തിക സൗജന്യങ്ങള്‍ അടങ്ങിയ ഉത്തേജനം നല്കുന്ന മോദിയുടെ പാക്കേജ് മൂലം(Product Linked Incentive scheme or PLI scheme) ഇന്ത്യയില്‍ മൊബൈല്‍ നിര്‍മ്മാണക്കമ്പനികള്‍ യഥാര്‍ത്ഥത്തില്‍ ഭീമന്മാരായി വളര്‍ന്നിട്ടില്ലെന്ന് വാദിച്ച് രഘുറാം രാജന് ചില കണക്കുകള്‍ പുറത്തുവിട്ടിരുന്നു.
ഇലക്ട്രോണിക്സ് ഉല്പാദനത്തിന് വേണ്ടി ഇറക്കുമതി ചെയ്യുന്ന സ്പെയര്പാര്ട്സുകളെക്കൂടി മൊബൈല്‍ ഉല്‍പാദനസാമഗ്രികളുടെ പട്ടികയില്‍ പെടുത്തി
എന്നാല്‍ ഈ കണക്കുകള്‍ ശരിയല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. കയറ്റുമതി ചെയ്യുന്ന മൊബൈലുകളേക്കാള്‍ കൂടുതല്‍ സ്പെയര്‍ പാര്‍ട്സുകള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ടെന്നായിരുന്നു രഘുറാം രാജന്റെ ഒരു വാദം. എന്നാല്‍ ഇലക്ട്രോണിക്സ് ഉല്പാദനത്തിന് വേണ്ടി ഇറക്കുമതി ചെയ്യുന്ന സ്പെയര്പാര്ട്സുകളെക്കൂടി മൊബൈല്‍ ഉല്‍പാദനസാമഗ്രികളുടെ പട്ടികയില്‍ പെടുത്തിയത് വഴി രഘുറാം രാജന്റെ കണക്കുകള്‍ തെറ്റാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. 32.4 ബില്ല്യണ്‍ ഡോളറിന്റെ സാമഗ്രികള്‍ മൊബൈല്‍ ഉല്പാദനത്തിന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നു എന്നായിരുന്നു രഘുറാം രാജന് പുറത്തുവിട്ട കണക്ക്. എന്നാല്‍ ഇന്ത്യ മൊബൈല്‍ ഫോണ്‍ ഉല്പാദനത്തിന് ആകെ 22 ബില്യണ്‍ ഡോളറിന്റെ അസംസ്കൃതവസ്തുക്കളേ ഇറക്കുമതി ചെയ്യുന്നുള്ളൂ എന്ന് രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. അതായത് ആകെയുള്ള 32.4 ബില്യണ്‍ ഡോളര്‍ ഇല്ല, ഇതിന്റെ 65 ശതമാനം മാത്രമേ മൊബൈല്‍ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിക്കായി ഇന്ത്യ ചെലവിടുന്നുള്ളൂവെന്ന് രാജീവ് ചന്ദ്രശേഖര്‍ വാദിക്കുന്നു.ബാക്കിയുള്ള 10.4 ബില്യണ്‍ ഡോളറിന്റെ സാമഗ്രികള്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്.
അതുപോലെ 2022-23 സാമ്പത്തികവര്‍ഷം ഇന്ത്യ 10.9 കോടി മാത്രമാണ് മൊബൈല്‍ നിര്‍മ്മാണത്തിന് വേണ്ടി ഇന്ത്യയില്‍ നിന്നും പുറത്തേക്കൊഴുകിയ വിദേശനാണ്യം. എന്നാല്‍ 23.1 ബില്ല്യണ്‍ ഡോളറോളം മൊബൈല്‍ നിര്‍മ്മാണത്തിനായി പുറത്തേക്കൊഴുകിയെന്നാണ് രഘുറാം അവകാശപ്പെടുന്നതെന്നും ഇത് തെറ്റാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. അതായത് പുറത്തേക്കൊഴുകുന്ന വിദേശ നാണ്യം ഏകദേശം 110 ശതമാനത്തോളം കൂട്ടിക്കാണിക്കുകയാണ് രഘുറാം രാജന് ചെയ്തതെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടുന്നു.
രഘുറാം രാജന് ഇന്ത്യയുടെ വ്യാപരകമ്മി പര്‍വ്വതീകരിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു
ഇന്ത്യയെ ഉല്‍പാദനരാഷ്ട്രമാക്കി മാറ്റുന്നതിന്റെ (Manufacturing country) ഭാഗമായി മോദി നടപ്പാക്കി ഉല്പാദനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഉത്തേജക പാക്കേജ് നല്കുന്ന പിഎല്‍ഐ പദ്ധതി(PLI scheme) പരാജയമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ രഘുറാം രാജന് നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്നും രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു. ഇന്ത്യയുടെ വ്യാപരകമ്മി പര്‍വ്വതീകരിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പിഎല്‍ഐ പദ്ധതി പരാജയമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് രഘുറാം രാജന് ശ്രമിക്കുന്നത്. പിഎല്‍ഐ പദ്ധതി ആരംഭിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന ലോകത്തിലെ രണ്ടാമത്ത രാഷ്ട്രമായി ഇന്ത്യ മാറിയിരിക്കുകയാണ്. 2023ല്‍ ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതി ഒരു ലക്ഷം കോടി രൂപ എന്ന ലക്ഷ്യം മറികടക്കാന്‍ പോവുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
അതുപോലെ ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്ന മൊബൈല്‍ ഫോണുകളെല്ലാം പിഎല്‍ഐ (ഉല്പാദനത്തോതിന് അനുസരിച്ച് സാമ്പത്തിക ഉത്തേജക പാക്കേജ് നല്കുന്ന മോദിയുടെ പദ്ധതി) അനുസരിച്ച് നിര്‍മ്മിക്കുന്നതാണെന്ന് രഘുറാം രാജന് പറയുന്നു. ഇതും തെറ്റാണ്. ഇന്ത്യയില്‍ ആകെ 4400 കോടി ഡോളറിന്റെ മൊബൈല്‍ ഫോണുകള്‍ ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇതില്‍ 1000 കോടി ഡോളറിന്റെ മൊബൈല്‍ നിര്‍മ്മാണത്തിന് മാത്രമാണ് പിഎല്‍ഐ പിന്തുണയുള്ളതെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
സെമി കണ്ടക്ടര്‍ ഇന്ത്യ മാത്രമല്ല, പവര്‍ ഹൗസുകളായ ചൈനയും വിയറ്റ്നാമും പോലും ഉല്പാദിപ്പിക്കുന്നില്ല
ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിന് വേണ്ട എല്ലാ പാര്‍ട്സുകളും പുറത്തുനിന്നും വരുന്നതാണെന്നും ഇവിടെ ഒരു സ്പെയര്‍പാര്‍ട്സ് പോലും ഉല്പാദിപ്പിക്കുന്നില്ലെന്നുമുള്ള രഘുറാം രാജന്റെ വിമര്‍ശനം തെറ്റാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. നമ്മുടെ ബുദ്ധിപരമായ അടിമത്വത്തിന്റെ ഉദാഹരണമാണ് ഈ പ്രസ്താവന. മാത്രമല്ല, ഇലക്ട്രോണിക്സ് ഉല്പാദനത്തെക്കുറിച്ച് പൊതുവേയും സ്മാര്‍ട് ഫോണുകളുടെ ഉല്പാദനത്തെക്കുറിച്ച് പ്രത്യേകിച്ചും രഘുറാം രാജന് ധാരണയല്ല. – രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
“ഏതൊരു മൊബൈല്‍ ഫോണുകളുടെയും ചെറിയ ഭാഗമാണ് സെമി കണ്ടക്ടര്‍. ഇന്ത്യയ്ക്ക് മാത്രമല്ല സെമികണ്ടക്ടറുകള്‍ നിര്‍മ്മിക്കാന്‍ കഴിയാതിരിക്കുന്നത്. ഇലക്ട്രോണിക്സിലെ പവര്‍ ഹൗസുകളായ ചൈനയും വിയറ്റ്നാമും പോലും സെമികണ്ടക്ടറുകള്‍ നിര്‍മ്മിക്കുന്നില്ല.” – ഇന്ത്യ മൊബൈല്‍ ഫോണിന്റെ ഒരു ഭാഗം പോലും സ്വന്തമായി നിര്‍മ്മിക്കുന്നില്ല എന്ന രഘുറാം രാജന്റെ വിമര്‍ശനത്തിന് മറുപടിയായി രാജീവ് ചന്ദ്രശേഖരന് പറയുന്നു.
മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തില്‍ 1400 ശതമാനം കുതിച്ചുചാട്ടമുണ്ടായി
മോദി സര്‍ക്കാരിന്റെ കീഴില്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തില്‍ 1400 ശതമാനം കുതിച്ചുചാട്ടമുണ്ടായി. ടാറ്റയെപ്പോലുള്ള വന്‍കമ്പനികള്‍ മൊബൈല്‍ ഫോണുകള്‍ മാത്രമല്ല, വൈകാതെ ഐഫോണുകളും നിര്‍മ്മിച്ചു തുടങ്ങും. ഇതോടെ ഇന്ത്യയിലെ ചെറുകിട ഇടത്തരം കമ്പനികള്‍ക്ക് ആഗോള വിതരണ ശൃംഖലയുടെ ഭാഗമായി മാറും. – രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: