ഏഥന്‍സ്: ഗ്രീസിന്റെ തെക്കന്‍ തീരത്ത് കുടിയേറ്റക്കാരുമായി പോയ മത്സ്യബന്ധന ബോട്ട് മുങ്ങി 79 പേര് മരിച്ചു. നൂറിലധികം പേരെ രക്ഷപ്പെടുത്തി. 750ഓളം പേര് ബോട്ടിലുണ്ടായിരുന്നതായാണ് രക്ഷപെട്ടവരിലൊരാള്‍ പറഞ്ഞതെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. രക്ഷപ്പെടുത്തിയവരെ കലാമറ്റ നഗരത്തിലേക്ക് മാറ്റി.
ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ലിബിയയില്‍ നിന്ന് ഇറ്റലിയിലേക്ക് പോവുകയായിരുന്നു. കയറ്റാവുന്നതില്‍ കൂടുതല്‍ ആളുകളെ ബോട്ടില്‍ കയറ്റിയിരുന്നതായി റീജണല്‍ ഹെല്‍ത്ത് ഡയറക്ടര്‍ യാനിസ് കാര്വെലിസ് പറഞ്ഞു. കടലില്‍ ഏറ്റവും കൂടുതല്‍ ആഴമുള്ള സ്ഥലത്താണ് അപകടമുണ്ടായതെന്നും ശക്തമായ കാറ്റ് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
നൂറിലധികം കുട്ടികള്‍ ബോട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളുമായിരുന്നു ഏറെയും. രക്ഷപ്പെടുത്തിയവരെല്ലാം 16നും 41നും ഇടയിലുള്ള പുരുഷന്മാരാണെന്നും കലാമറ്റ മേയര്‍ തനാസിസ് വസിലോപൗലസ് പറഞ്ഞു. വെളിച്ചക്കുറവുകാരണം രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. പുലര്‍ച്ചെ ഇത് പുനരാരംഭിച്ചു. ഇനിയും പലരെയും രക്ഷിക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മരണമുയരാനാണ് സാധ്യതയെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
ഗ്രീസിലെ ഏറ്റവും വലിയ ബോട്ടപകടമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭയാനകമെന്നാണ് വാര്‍ത്തയറിഞ്ഞ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചത്. ഗ്രീക്ക് പ്രസിഡന്റ് കാതറീന സകെല്ലാരോപൗലോ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സന്ദര്‍ശിച്ചു. അപകടത്തില്പെട്ടവര് ഏത് രാജ്യത്തു നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: