സൃഷ്ടിയുടെ ആദിയില്‍ യാതൊരു ശക്തിയുടെ സാധന ചെയ്താണോ ലോകത്തിന്റെ നടത്തിപ്പിനു വേണ്ട ജ്ഞാനവും വിജ്ഞാനവും അനുഭവവും പദാര്‍ത്ഥങ്ങളും നേടാന്‍ ബ്രഹ്മാവിനു കഴിഞ്ഞത്, പുരാണങ്ങളിലെ പ്രതിപാദനപ്രകാരം ആ ശക്തിയുടെ പേരാണ് ഗായത്രി. സൃഷ്ടിയും അഭിവൃദ്ധിയും ലക്ഷ്യമാക്കിയുള്ള ജീവിത പ്രക്രിയക്കും ഈ ശക്തിയുടെ സഹായം ആവശ്യമാണ്. ഇത് മാനസിക ശേഷിയും ഭൗതികസമൃദ്ധിയും നേടാന്‍ സഹായിക്കുന്നു. ഗായത്രി മന്ത്രത്തില്‍ ഈ ശക്തികള്‍ ബീജരൂപത്തില്‍ അന്തര്‍ലീനമാണ്.
ഉപാസനയുടെയും തപശ്ചര്യയുടെയും വിധികള്‍ പാലിച്ചുകൊണ്ട് ഈ ശക്തികളെ അകത്തും പുറത്തും ശാസ്ത്രീയമായി വികസിപ്പിക്കാന്‍ കഴിയും. ഗായത്രിയെ വേദമാതാവെന്നും ജ്ഞാനഗംഗോത്രി എന്നും, സംസ്കാരത്തിന്റെ ജനനി എന്നും, ആത്മശക്തിയുടെ അധിഷ്ഠാത്രി എന്നും പറയുന്നുണ്ട്. ഇതിനു ഗുരുമന്ത്രമെന്നും പറയുന്നു. ഇത് സമസ്ത ഭാരതീയ ധര്മ്മാനുയായികളുടെയും ഉപാസ്യ ആണ്. യാതൊന്നിന്റെ അടിസ്ഥാനത്തില്‍ സാര്വ്വഭൗമവും സാര്‍വ്വജനീനവുമായ ഉപാസനയുടെ സ്ഥാനം വീണ്ടും ഗ്രഹിക്കാനാവുമോ ആ വൈശിഷ്ട്യങ്ങളെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഈ ജ്ഞാനവിജ്ഞാനത്തിന്റെ ദേവിയായ ഗായത്രിയുടെ ജന്മദിനമാണ് ഗായത്രി ജയന്തി.
ഇതേ ദിവസമാണ് ഭഗവതി ഗംഗ സ്വര്‍ഗത്തില്‍നിന്ന് ഭൂമിയില്‍ അവതരിച്ചത്. എപ്രകാരമാണോ സ്ഥൂലരൂപത്തിലുള്ള ഗംഗ ഭൂമിയെ നനയ്ക്കുകയും പ്രാണികളുടെ ദാഹം ശമിപ്പിക്കുകയും മാലിന്യങ്ങള്‍ നശിപ്പിക്കുകയും ശാന്തി പ്രദാനം ചെയ്യുകയും ചെയ്യുന്നത്, ആ വൈശിഷ്ട്യങ്ങളെല്ലാം അദ്ധ്യാത്മ മേഖലയില്‍ ഗായത്രി രൂപത്തിലുള്ള ജ്ഞാനഗംഗയ്ക്കുണ്ട്. ഗായത്രി മഹാശക്തിയുടെ അവതരണത്തിനു ഗംഗയുടെ അവതരണവുമായി വലിയ പൊരുത്തമുണ്ട്. ഓരേ വസ്തുവിന്റെ സ്ഥൂലവും സൂക്ഷ്മവുമായ രണ്ടു രൂപങ്ങളായി ഇവയെ വ്യാഖ്യാനിക്കുന്നതില്‍ ഒരു അപാകതയുമില്ല.
സഗരമഹാരാജാവിന്റെ അറുപതിനായിരം പുത്രന്മാര് തങ്ങളുടെ ദുഷ്കര്‍മ്മങ്ങളുടെ ഫലമായി അഗ്നിയില്‍ എരിയുകയായിരുന്നു. അവരുടെ ദുരിതനിവാരണം ഗംഗാജലം കൊണ്ടു മാത്രമെ സാദ്ധ്യമാകുമായിരുന്നുള്ളൂ. സഗരന്റെ വംശജനായ ഭഗീരഥന് ഗംഗയെ ഭൂമിയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇതിനുവേണ്ട കഠിനമായ തപസ്സില്‍ മുഴുകി. ഈ നിസ്വാര്‍ത്ഥനും പരനന്മകാംക്ഷിയുമായ ആളിന്റെ കഠിന പ്രയത്നം കണ്ടു ഗംഗ ഭൂമിയില്‍ വരാന്‍ സന്നദ്ധയായി. പക്ഷേ ആരു ഗംഗയെ താങ്ങും? ഇതിനു യോഗ്യത വേണം. തന്റെ ജടയില്‍ ഗംഗയെ വഹിച്ചു ശിവന് ഈ പ്രയാസം പരിഹരിച്ചു. സഗരപുത്രന്മാര്‍ ഗംഗയുടെ പാപഹാരക ശക്തിയാല്‍ സ്വര്‍ഗം പ്രാപിച്ചു. അസംഖ്യം ആളുകള്‍ക്കു ഗുണം ലഭിച്ചു.
ആത്മശക്തിയുടെ ഋതംഭര പ്രജ്ഞയുടെ അവതരണം ശരിക്കും ഗംഗാവതരണത്തിന്റെ തലത്തിലുള്ളതാണ്. അതിന്റെ പുനരാവര്‍ത്തനം ഇന്ന് അത്യധികം ആവശ്യമാണ്. ലോകമാസകലം ഈ പാപത്തിന്റെ ചൂടില്‍ എരിയുകയാണ്. ഈ വിപത്തില്‍ നിന്നു രക്ഷിക്കാന്‍ ഉല്‍കൃഷ്ടതയുടെയും ആദര്‍ശവാദത്തിന്റെയും ജ്ഞാനഗംഗക്കേ കഴിയൂ. ഈ അവതരണം അനായാസം സംഭവിക്കുകയില്ല. ഇതിനുവേണ്ടി ജാഗ്രതാത്മാക്കള് ഭഗീരഥന് ചെയ്തതുപോലുള്ള പ്രയത്നം ചെയ്യണം.
ജ്ഞാനയജ്ഞത്തിന്റെ വിസ്തൃതീകരണത്തിനായി ഭാവാത്മകമായ നവനിര്‍മ്മാണത്തിനായി നിസ്വാര്‍ത്ഥവും പരഹിതപരായണവുമായ കഠിനപ്രയത്നം ചെയ്യണം. ഇങ്ങനെയുള്ള പ്രയത്നത്താല്‍ അതികഠിനവും അസാദ്ധ്യവുമായി കാണപ്പെടുന്ന കാര്യങ്ങള്‍ സാദ്ധ്യമാകുമെന്നു മാത്രമല്ല സുസാദ്ധ്യവുമാകാറുണ്ട്. യുഗപരിവര്ത്തനോന്മുഖമായ പ്രചണ്ഡശക്തിയെ വഹിക്കാന്‍ യശലോലുപരും അഹന്താപോഷണേച്ഛുക്കളുമായ ക്ഷുദ്ര വ്യക്തികള്‍ക്കാവില്ല. അതു വഹിക്കാന്‍ തപസ്വികളായ ശിവന്മാരാണു ആവശ്യം. ഇങ്ങനെയുള്ള ശ്രേഷ്ഠാത്മാക്കള്‍ നവയുഗവാഹിനിയായ ജ്ഞാനഗംഗയെ തങ്ങളുടെ ശിരസ്സില്‍ ധരിച്ചുതുടങ്ങുമ്പോള് ആ പ്രവാഹം മുമ്പോട്ടു നീങ്ങും. ദുര്ബുദ്ധിഗ്രസ്തരും ദുസ്സ്വഭാവികളും പതനോന്മുഖരുമായ സഗരപുത്രന്മാര്‍ ഉദ്ധരിക്കപ്പെടുമെന്നു മാത്രമല്ല, സാമാന്യജനങ്ങളുടെയും സുഖശാന്തിക്കുള്ള വാതില്‍ തുറക്കപ്പെടും. ഭഗീരഥന്റെയും ശിവന്റെയും റോള്‍ നിറവേറ്റികൊണ്ടു ജ്ഞാനഗംഗയുടെ അവതരണത്തിനുവേണ്ടി ഗായത്രിജയന്തിയുടെ ഈ
പുണ്യാവസരത്തില്‍ നാം ദൃഢനിശ്ചയം കൈകൊള്ളുകയും സന്നദ്ധരാകുകയും വേണം.
ഈ ശുഭാവസരം മഹത്വമേറിയ പ്രേരണകള്‍ നല്‍കുന്നുണ്ട്. സ്വര്‍ഗത്തില്‍ നിന്നിറങ്ങി ഭൂമിയില്‍ അവതരിക്കുക, ഹിമാലയത്തിലെ സുഖസൗകര്യങ്ങള്‍ വെടിഞ്ഞു കഷ്ടപ്പാടുകള്‍ നിറഞ്ഞ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധമാകുക, ലഘുത്വത്തെ മഹനീയതയിലേക്കു മാറ്റുന്ന സമുദ്രസംഗമമെന്ന ലക്ഷ്യം, അതിലേക്കുള്ള യാത്ര മുഖേന തന്റെ അര്‍ഹത തെളിയിക്കാന്‍വേണ്ടി ദൂരെ ദൂരെയുള്ള പ്രദേശങ്ങള്‍ക്കെല്ലാം ജലം നല്കുന്ന തപസ്സാധന, ഭൂമിയുടെ ദാഹം ശമിപ്പിക്കാന്‍ വേണ്ടി തന്റെ അസ്തിത്വം തന്നെ നഷ്ടപ്പെടുത്തുന്ന പരനന്മപരായണത, ഈ ഉല്കൃഷ്ടതയാല് അന്യരില്‍ മതിപ്പുളവാക്കി അവരില്‍ സേവാഭാവം ഉണര്‍ത്തുക, മേഘങ്ങളുടെ വാഗ്ദാനം, അരുവികളുടെയും പഴകളുടെയും ആത്മസമര്‍പ്പണം, മുതലായ നേട്ടങ്ങളുടെ ആവിര്‍ഭാവം, ഗംഗോത്രിയില്‍ നിന്നു ഉത്ഭവിച്ച് ഒരു ജലധാര ബംഗാളില്‍ എത്തിയപ്പോഴേക്കും ആയിരം മടങ്ങ് വിസ്തൃതമാകുക, ഇവയെല്ലാം ഗംഗാവതരണ പ്രക്രിയയുടെ മഹനീയത ആണ്. ഏതു വ്യക്തിയില്‍ ഇത് അവതരിക്കുന്നുവോ അയാള്‍ ഗംഗയെപ്പോലുള്ള കാഴ്ചപ്പാടും സ്വഭാവവും കര്‍ത്തവ്യവും അവലംബിക്കേണ്ടതുണ്ട്. ജീവിതം അത്യന്തം ശ്രേഷ്ഠമായി ഉപയോഗപ്പെടുത്തേണ്ട രീതി ഇതാണെന്നു തന്റെ പ്രത്യക്ഷ ഉദാഹരണം കാട്ടിക്കൊണ്ടു ഗംഗ സകല ജാഗൃതാത്മാക്കളെയും ഉല്ബോധിപ്പിക്കുകയാവാം.
ഗായത്രി മന്ത്രത്തിന്റെ 24 അക്ഷരങ്ങളില്‍ വ്യക്തികള്‍ക്കും സമൂഹത്തിനും ശരിയായ മാര്‍ഗ്ഗദര്‍ശനം നല്കുന്ന 24 ശിക്ഷണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈ ശിക്ഷണങ്ങള്‍ ‘ഗായത്രി സ്മൃതി’യിലെ 24 ശ്ലോകങ്ങളില്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഇതുപോലെ ഗായത്രീ മന്ത്രത്തിലെ 9 വാക്കുകള്‍, മൂന്നു വ്യാഹൃതികള്‍, ഒരു ഓങ്കാരംഈ 13 വാക്കുകളുടെ വിശകലനം 13 ശ്ലോകങ്ങളായി ‘ഗായത്രി ഗീത’യില്‍ ചെയ്തിട്ടുണ്ട്. ഈ രണ്ടു വിവരണങ്ങളും ‘ഗായത്രിമഹാവിജ്ഞാനം’ എന്ന ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്തില്‍ വായിക്കാവുന്നതാണ്. ഇതിനെ ആസ്പദമാക്കി ഗായത്രിമന്ത്രത്തിന്റെ പ്രകാശത്തില്‍ വ്യക്തിനിര്മ്മാണത്തിന്റെയും സമൂഹനിര്മ്മാണത്തിന്റെയും അടിസ്ഥാനം എന്തായിരിക്കണം എന്നുള്ളതിന്റെ വിവിധ വശങ്ങള് മനസ്സിലാക്കാന്‍ കഴിയും. സാമാന്യമായിത്തന്നെ ഗായത്രിമന്ത്രത്തിന്റെ സ്ഥൂലമായ ശബ്ദാര്‍ത്ഥവും വളരെ പ്രേരണാപ്രദവും പ്രകാശപൂര്‍ണ്ണവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: