തിരുവല്ല: ശ്രീവല്ലഭക്ഷേത്രത്തില്‍ ദേവപ്രശ്‌ന പരിഹാര ക്രിയയുടെ ഭാഗമായി നടന്ന അഷ്ടനാഗ പൂജയും മഹാസര്‍പ്പബലിയും ഭക്തിസാന്ദ്രമായി. മൂലസ്ഥാനമായ ശങ്കരമംഗലത്ത് മഠത്തിലായിരുന്നു ചടങ്ങുകള്‍. തന്ത്രി തറയില്‍ കുഴിക്കാട്ടില്ലത്ത് അഗ്നിശര്‍മ്മന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് കാര്‍മികത്വം വഹിച്ചു.
അത്യപൂര്‍വ്വമായാണ് മഹാസര്‍പ്പബലി നടത്തുന്നത്. മഹാദേവനെ അടിസ്ഥാന സര്‍പ്പാധിപതിയാക്കിയാണ് പൂജാക്രമം. ശിവപരിവാരങ്ങളായാണ് അഷ്ടനാഗങ്ങളെ ഉപാസിക്കുന്നത്. മധ്യഭാഗത്ത് ശിവന് പ്രധാന പീഠം ഒരുക്കുന്നു. കിഴക്ക് നിന്ന് പ്രദക്ഷിണ ക്രമത്തില്‍ അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, പത്മന്‍, മഹാപത്മന്‍, ശംഖ്പാലന്‍, ഗുളികന്‍എന്നീ ദേവതകള്‍ക്ക് പൂജകള്‍ സമര്‍പ്പിക്കുന്നു. വിസ്തരിച്ച് പരിവാരസമേതമുള്ള മഹാസര്‍പ്പബലിയായതുകൊണ്ട് തന്നെ അഷ്ടദിക് പാലകര്‍ക്കും പ്രത്യേക പൂജ നടന്നു. സര്‍പ്പ ദോഷങ്ങളെ ശമിപ്പിക്കാന്‍ നടത്തുന്ന അതിവിശിഷ്ഠമായ ചടങ്ങാണിത്. ദോഷ ദുരിതങ്ങളുടെ വ്യാപ്തി അനുസരിച്ച് വളരെ പ്രധാനപ്പെട്ടതാണ് മഹാസര്‍പ്പബലി. പൗരാണികമായ താന്ത്രിക ക്രിയാപദ്ധതിയില്‍ തന്നെയാണ് ചടങ്ങുകള്‍ നടന്നത്. ശിവന്‍ അധിപതിയായി പ്രപഞ്ചം കാത്തുരക്ഷിക്കുന്ന എട്ട് നാഗരാജാക്കന്മാരുടെ കൂട്ടത്തിനാണ് അഷ്ടനാഗങ്ങള്‍ എന്ന് വിളിക്കുന്നത്. അഷ്ടനാഗങ്ങളുടെ പേരുകളും ലക്ഷണങ്ങളും പുള്ളുവന്‍ പാട്ടില്‍ അതി മനോഹരമായി വര്‍ണ്ണിച്ചിട്ടുണ്ട്. ശിവനും എട്ടുപരിവാരദേവതകള്‍ക്കും തര്‍പ്പണത്തോടെയാണ് ചടങ്ങ് പര്യവസാനിച്ചത്.
ആദിശേഷന്‍
കിഴക്കോട്ട് പീഠസ്ഥാനം നിയോഗിക്കപ്പെട്ട ദേവതയായാണ് പൂജ. വൈഷ്ണവ കലകളോട് കൂടിയ നാഗ ദേവതാ സങ്കല്പമാണ് ആദിശേഷന്‍.
വാസുകി
ശൈവ കലകളോട് കൂടിയ ദേവതാ സങ്കല്പമായാണ് വാസുകിയെ ആരാധിച്ച് പോരുന്നത്. അഷ്ടനാഗ പൂജയില്‍ ദ്വിതീയ സ്ഥാനമാണ് ഉള്ളത്. കിഴക്ക് തെക്ക് ഭാഗമായാണ് വാസുകിക്ക് പീഠസ്ഥാനം.
തക്ഷകന്‍
നാഗപ്രമാണികളില്‍ പ്രധാനിയാണ്.തെക്ക് പീഠസ്ഥാന കല്‍പ്പിച്ചിട്ടുള്ള ദേവതയാണ്. തക്ഷകന്റെ മഹിമ മഹാഭാരതം വിവരിച്ചിരിക്കുന്നു.
കാര്‍ക്കോടകന്‍
തെക്ക് പടിഞ്ഞാറായാണ് കാര്‍ക്കോടകന് പീഠസ്ഥാനം നല്‍കുന്നത്. ദോഷദുരിതങ്ങളില്‍ ആരോഗ്യസംബന്ധമായ പ്രശ്‌ന പരിഹാരത്തിന് ഇദ്ദേഹത്തിന്റെ പ്രീതി അത്യാവശ്യമാണ്.
പത്മന്‍
അഷ്ടനാഗക്കളത്തില്‍ പടിഞ്ഞാറായാണ് പത്മന് സ്ഥാനം.മഹാദേവന്റെ പരിവാര ദേവതകളില്‍ അഞ്ചാമത്തെ സ്ഥാനമാണ് ഇദ്ദേഹത്തിന് കല്‍പിക്കുന്നത്.
മഹാപത്മന്‍
തെക്ക് പടിഞ്ഞാറായാണ് മഹാപത്മന് സ്ഥാനം കല്‍പ്പിച്ചിട്ടുള്ളത്. ഏഴാമത് തര്‍പ്പണ സ്ഥാനം ഇദ്ദേഹത്തിനാണ്.
ശംഖ് പാലന്‍
തെക്കിന്റെ പരിവാരദേവതയായാണ് ശംഖ്പാലന് സ്ഥാനം കല്‍പ്പിച്ചിട്ടുള്ളത്.എട്ടാമത് തര്‍പ്പണം വിധിച്ചിട്ടുള്ളദേവതയാണിത്.
ഗുളികന്‍
തെക്ക് കിഴക്ക് അധിപതിയായ പരിവാരദേവതയാണ് ഗുളികന്‍. ജ്യോതിഷ തത്ത്വമനസരിച്ച് ഗുളികന്റെ ദൃഷ്ടി അതിവ ശ്രദ്ധയോടെയാണ് സമീപിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: