ബംഗളൂരു: കര്‍ണാടകത്തില്‍ മുന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ണായക ബില്ലുകള്‍ പിന്‍വലിച്ച് അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍. മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഭേദഗതികളോടെ പുതിയ നിയമം കൊണ്ടുവരുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.കൂടാതെ ബിജെപി സര്‍ക്കാരിന്റെ കാലത്ത് സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പുതിയതായി ചേര്‍ത്ത പാഠഭാഗങ്ങള്‍ പിന്‍വലിക്കാനും സിദ്ദരാമയ്യ മന്ത്രിസഭ തീരുമാനിച്ചു. സ്കൂളില്‍ ഭരണഘടനയുടെ ആമുഖം നിര്‍ബന്ധമായും വായിക്കണമെന്ന നിര്‍ദേശവും പുതിയ സര്‍ക്കാര്‍ നടപ്പാക്കും.
സവര്‍ക്കറിനേയും ഹെഡ്ഗേവാറിനെയും കുറിച്ചുള്ള പാഠങ്ങളും ആര്‍എസ്എസ് ചിന്തകന്‍ ചക്രവര്‍ത്തി സുലിബി എഴുതിയ പാഠവും ഒഴിവാക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 2022 ഒക്ടോബറിലാണ് കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം (കര്‍ണാടക മത സ്വാതന്ത്ര്യ അവകാശ സംരക്ഷണ ബില്‍ -2021) പ്രാബല്യത്തില്‍ വന്നത്. അന്നത്തെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന് ബില്‍ നിയമസഭ പാസാക്കുകയായിരുന്നു. കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് എന്ന പേരിലാണ് ബില്‍ 2022 സെപ്റ്റംബറില്‍ നിയമസഭ പാസാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: