കൊട്ടിയം: കൂട്ടിക്കട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 2294-ാം നമ്പര്‍ മയ്യനാട് സര്‍വീസ് സഹകരണ ബാങ്കില്‍ സെക്രട്ടറിയും ചില ഭരണ സമിതി അംഗങ്ങളും ചേര്‍ന്ന് വ്യാജരേഖകള്‍ ചമച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ കോടികളുടെ തട്ടിപ്പു നടന്നതായി കണ്ടെത്തി.
ബാങ്കിനെ കബളിപ്പിച്ച് തട്ടിയെടുത്ത പണം തിരിച്ചുപിടിക്കാനും ബാങ്ക് സെക്രട്ടറിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടും അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് നല്‍കിയിട്ടും മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടികളില്ല. നടപടികളെടുക്കാതെ സഹകരണസംഘം ജോയിന്റ് രജിസ്റ്റാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയതോടെ ബാങ്കിന്റെ നഷ്ടം കോടികളായി.
തുച്ഛമായ വിലയ്ക്കു വാങ്ങിയ ചതുപ്പ് ഭൂമി വ്യാജ വാല്യുവേഷന് റിപ്പോര്‍ട്ടുണ്ടാക്കി ബാങ്കില്‍ ഈട് വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി. ബാങ്ക് സെക്രട്ടറിയും സിപിഎം അക്കരത്തോടം ബ്രാഞ്ച് സെക്രട്ടറിയുമായ രാധാകൃഷ്ണന് തന്റെ ഔദ്യോഗിക അധികാരം ദുരുപയോഗപ്പെടുത്തി ബന്ധുക്കള്‍ക്ക് വഴിവിട്ട് വായ്പ നല്‍കിയെന്നാണ് ആരോപിക്കപ്പെട്ടത്.
സെക്രട്ടറിയുടെ ഭാര്യ നിഷ, ഭാര്യാസഹോദരന്‍ ഡിവൈഎഫ് ഐ മയ്യനാട് മേഖല സെക്രട്ടറിയും സിപിഎം മയ്യനാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ ആര്.രവിരാജ്, ബന്ധു സി.ഗീത എന്നിവര്‍ ചേര്‍ന്ന് ചതുപ്പ് ഭൂമി ഈട്വച്ച് വായ്പയെടുത്തതിന്റെ ബാധ്യത 54,96,408 രൂപയോളമുണ്ട്. ഇതിനൊപ്പമുള്ള ബാക്കി ചതുപ്പ് ഈടുവച്ച് സുനില്‍കുമാര്‍, അഭിനന്ദ്, നീന, പ്രമോദ് കുമാര്‍ എന്നിവര്‍ എടുത്ത വായ്പയുടെ ബാധ്യത 64,07688 രൂപയായി വര്‍ധിച്ചു. സംഘം സെക്രട്ടറിയും ഏതാനും ഭരണ സമിതി അംഗങ്ങളും ചേര്‍ന്ന് നടത്തിയ വായ്പ തട്ടിപ്പ് ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പുറത്തറിഞ്ഞത്.
അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ 2021 സെപ്റ്റംബര്‍ 15ന് ഉത്തരവിട്ടു. സഹകരണ സംഘം അസി. രജിസ്ട്രാര്‍ കാര്യാലയത്തിലെ സീനിയര്‍ ഇന്‍സ്പെപെക്ടര്‍ എം.ജി. അരുണ്‍ ആണ് കേരള സഹകരണ നിയമവകുപ്പ് 66 (1) പ്രകാരം അന്വേഷണം നടത്തിയത്.
സര്‍ക്കാര്‍ രേഖകളില്‍ വെറ്റ്ലാലാന്റ് ആയി രേഖപ്പെടുത്തിയിട്ടുള്ള വസ്തു ഈടുവച്ച് വ്യാജ വാലുവേഷന് റിപ്പോര്‍ട്ടിലൂടെ അധിക നിരക്കില്‍ കമ്പോള വില നിശ്ചയിച്ച് ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി.
ജാമ്യ വസ്തുവിന് ഒരു ആറിന് 2855 രൂപ വിലയുള്ളതും ഫെയര്‍ വാല്യൂ നിരക്ക് വെറ്റ്ലാലാന്റിന് ഒരു ആറിന് 40000 രൂപ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതുമാണ്. ഈ വസ്തുവിന് ഒരു ആര് ന് 9.76 ലക്ഷം വിലവച്ച് 92 ലക്ഷത്തിന്റെ കമ്പോള വില നിശ്ചയിച്ച് നല്കിയ റിപ്പാര്‍ട്ടിലാണ് സെക്രട്ടറിയുടെ ഭാര്യക്കും ബന്ധുക്കള്‍ക്കുമായി 2018 ജനുവരി 25ന് കൂടിയ ഭരണസമിതി വായ്പ അനുവദിച്ചത്.
ഇതിനൊപ്പം ചേര്‍ന്ന് കിടക്കുന്ന ബാക്കി വസ്തുവിന് 1.12 ആര് വസ്തുവിന് 12.50 ലക്ഷം കമ്പോള വില നിശ്ചയിച്ച് നല്കിയ റിപ്പോര്‍ട്ടില്‍ 2017 ഒക്ടോബര്‍ 31ന് കൂടിയ ഭരണസമിതി നാലുപേര്‍ക്കായി വായ്പ നല്‍കിയത്.
ബന്ധുക്കളുടെ പേരില്‍ വായ്പ അനുവദിച്ചെങ്കിലും തുക സെക്രട്ടറിയുടെ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് വന്നതായും ഈ തുക മയ്യനാട് ആര്‍സി ബാങ്കില്‍ നിന്നു മാറ്റിയെടുത്തിട്ടുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തി.
ഭാര്യക്കും ബന്ധുക്കള്‍ക്കും വായ്പ അനുവദിക്കുന്നതിന് രാധാകൃഷ്ണന് ഭരണ സമിതിയുമായി ചേര്‍ന്ന് ജാമ്യ വസ്തുവിന് അധിക നിരക്കില്‍ കമ്പോള വില നിശ്ചയിച്ച് വായ്പ എടുക്കുന്നതിന് സഹായിച്ചിട്ടുള്ളതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജീവനക്കാരനായിരിക്കെ സംഘത്തില്‍ നിന്നും ക്രമപ്രകാരമല്ലാതെ വായ്പ എടുക്കുന്നതിന് കൂട്ടുനിന്നതിനാല്‍ സെക്രട്ടറി രാധാകൃഷ്ണനെതിരെ തക്കതായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ ശുപാര്‍ശ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: